തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളിൽ മുറുകേ പിടിച്ച് അതിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘ്(ആർഎസ്എസ്) പൊതുവേ സ്വീകരിച്ചിരുന്ന നയം. എന്നാൽ, ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ പ്രക്ഷോഭവുമായി സ്ത്രീകൾ തെരുവിൽ ഇറങ്ങി. മഹാരാഷ്ട്രയിൽ ഈ വിഷയം വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കൂടാതെ ശബരിമലയിലെ സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസുകളും നിലനിന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കേരളത്തിൽ കൊഴുത്തു.

ഇതോടെ സൈബർ ലോകത്ത് പോലും വിശ്വാസ പ്രശ്‌നം വലിയ തോതിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. കേരളത്തിൽ നിന്നുള്ള സംഘപരിവാർ അനുഭാവികളും നേതാക്കളും സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഇന്നലെ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ നിലപാടുമായി ആർഎസ്എസ് രംഗത്തെത്തിയതോടെ കേരളത്തിലെ സൈബർ ലോകവും നേതാക്കളും നിശബ്ദരായി. ഈ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ കേരളത്തിലെ പല നേതാക്കളും തയ്യാറായതുമില്ല. രാജ്യത്താകമാനം അമ്പലങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കേണ്ടതാണ്. എന്നാൽ പ്രക്ഷോഭങ്ങളിലൂടെയല്ലെന്നും ചർച്ചകളിലൂടെയും അഭിപ്രായസമന്വയത്തിലൂടെയും വേണം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാനെന്നുമാണ് ആർഎസ്എസ്സിന്റെ പുതിയ നിലപാട്.

ആർഎസ്എസ് നിലപാട് വ്യക്തമാക്കിയതോടെ ബിജെപി കേരളാ ഘടകവും ഈ വിഷയത്തിൽ നിലപാട് തിരുത്തി. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നിലപാട് സ്വാഗതാർഹമെന്ന് ബിജെപി വക്താവ് ജെ.ആർ. പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം ലിംഗ വിവേജനമല്ലെന്നും ആരാധനാ കാര്യങ്ങളിൽ ലിംഗ വിവേചനമില്ലെന്നും ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കുന്നതിൽ മാത്രമാണ് നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരോട് ചർച്ചചെയ്ത് അവശ്യമായ നിലാപാടെടുക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലേത് ചില പ്രത്യേക വിശ്വാസത്തിന്റേയും ആചാരങ്ങളുടേയും ഭാഗമായിട്ടാണ് യുവതികൽക്ക് പ്രവേശനം അനുവദിക്കാത്തതെന്നും ഇതിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ദേവസ്വം ബോർഡ് പന്തളം കൊട്ടാരം എന്നിവരുമായാണ് ആലോചിക്കേണ്ടത്. എന്നാൽ മറ്റു മതങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്തത്ര പരിഷ്‌കരണത്തിന് വിധേയമായിട്ടുള്ളത് ഹിന്ദു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ച ക്ഷേത്ര തന്ത്രി കണ്ഠരരു മഹേശ്വരരുടെ കൊച്ചുമകൻ രാഹുൽ ഈശ്വർ ആർഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്തു. എന്നാൽ ശബരിമലയിലെ മാത്രം സ്ത്രീ പ്രവേശനത്തെ കുറിച്ചല്ല, മറിച്ച് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾ പ്രവേശിക്കുന്നതിനെ കുറിച്ചാണ് സംഘപരിവാർ ചർച്ച നടത്തുന്നതിനെകുറിച്ച് പരാമർശിച്ചതെന്ന് രാഹുൽ പറഞ്ഞു. മറ്റു ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ശബരിമലയിലെ ആചാരങ്ങളെന്നും നൈഷ്ടിക ബ്രഹ്മചര്യം എന്ന സങ്കൽപം നിലനിൽക്കുന്നതാണ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിലെ തടസ്സം എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിലല്ല മറിച്ച് യുവതികൾ പ്രവേശിക്കുന്നതിനാണ് അനുമതിയില്ലാത്തതെന്നും രാഹുൽ പറഞ്ഞു.

ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതികളും ആചാരങ്ങളുമാണെന്നും ഇതു വിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചക്കുളത്തെ ക്ഷേത്രത്തിൽ നാരീപൂജയ്‌ക്കോ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കോ പുരുഷന്മാർ പങ്കെടുക്കാറില്ല. ആർത്തവ ചക്രത്തിന്റെ പ്രശ്‌നം മാത്രമല്ല മറിച്ച് ഐതിഹ്യത്തിന്റേയും സങ്കൽപ്പൽപ്പത്തിന്റേയും പ്രശ്‌നമാണ് ശബരിമലയിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കാരുണ്ടല്ലോ എന്ന ചോദ്യത്തിനു ഓരോ പ്രതിഷ്ഠാ സങ്കൽപ്പങ്ങളാണെന്നായിരുന്നു മറുപടി. ആർത്തവ സമയത്ത് സ്ത്രീകൾ മറ്റു ക്ഷേത്രങ്ങളിലും പോകാത്തത് ആ സമയത്ത് ശരീരത്തിലുമണ്ടാകുന്ന നെഗറ്റീവ് എനർജി അമ്പലത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാത്തതുകൊണ്ടാകാമെന്നും രാഹുൽ ഈശ്വർ മറുനാടനോട് പറഞ്ഞു.

അതേസമയം എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആർഎസ്എസ് നിലപാട് അനവസരത്തിലുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നിലപാട് വ്യക്തമാക്കണമെന്നും പ്രയാർ ആവശ്യപ്പെട്ടു.

ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം വിലക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ആർഎസ്എസ് ഇതുവരെ തുടർന്നിരുന്നത്. ശബരിമലയിൽ അടക്കം ക്ഷേത്ര ആചാരങ്ങൾ പ്രധാനപ്പെട്ടതാണെന്നും ഇവ തിരുത്തേണ്ടതില്ലെന്നും സംഘടന വാദിച്ചു. എന്നാൽ ഈ നിലപാടിലാണ് ഇപ്പോൾ സംഘടന കാതലായ മാറ്റം വരുത്തിയത്. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ സ്ത്രീയും പുരുഷനും ഒരുപോലെയാണ്. ഒരു വിഭാഗത്തോടു വേർതിരിവു കാണിക്കുന്ന പാരമ്പര്യങ്ങൾ നീക്കുന്നതിനു കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ട് എന്നാണ് ഇപ്പോൾ പറയുന്നത്.

ആർഎസ്എസിന്റെ നിലപാട് പുറത്തുവന്നതോടെ ശബരിമല വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന സംഘപരിവാർ അനുഭാവികൾ സൈബർ ലോകത്ത് നിശബ്ദരായി. ടി ജി മോഹൻദാസ് അടക്കുള്ള സംഘപരിവാർ അനുഭാവികൾ ഈ വിഷയത്തിൽ മോനം തുടരുകയാണ്. നേരത്തെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണെന്ന അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സൈബർ ലോകത്ത് അരുദ്ധതി അടക്കമുള്ളവർ കുടത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ക്ഷേത്രപ്രവേശന വിഷയത്തിൽ കോടതിയെ സമീപിച്ച സംഘടനയുടെ തലപ്പത്ത് ഒരു മുസ്ലിം അഭിഭാഷകനാണെന്ന് കാണിച്ചും വ്യാപകമായ തോതിൽ പ്രചരണം നടന്നിരുന്നു.