കൊല്ലം: മലയാളിയെ വിസ്മയിപ്പിച്ച  കലാസംവിധായകനാണ് സാബു സിറിൾ. കാലാപാനി മുതൽ ബാഹുബലി വരെയുള്ള സിനിമകൾക്ക് സെറ്റുകൾ ഒരുക്കി ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് എഴുതിചേർത്ത കലാകാരൻ.

ഹോളിവുഡിലും ബോളിവുഡിലുമെല്ലാം പയറ്റി തെളിഞ്ഞ മലയാളി. സാബു സിറളിന്റെ ഓരോ സെറ്റും വിഭിന്നമാണ്. സിനിയമയുടെ മുഖ്യാകർഷണമായി അത് മാറും. വിലപിടിപ്പുള്ള ഈ സംവിധായകൻ  രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ വെല്ലുന്ന കൂറ്റൻ സെറ്റുകൾ കേരളത്തിൽ ഒരുങ്ങുന്നു. സിനിമയ്ക്ക് വേണ്ടിയല്ല. കല്ല്യാണത്തിന്. അതും മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ശേഷം ഇടുന്ന സെറ്റ്.

ആർപി ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ളയുടെ മകൾ ആരതിയുടെ വിവാഹത്തിന് അതിപ്രമുഖർക്ക് ആതിഥേയത്വം വഹിക്കാനാണ് സെറ്റ്. ലോകോത്തര ഡിസൈനർമാരെ അണിനിരത്തിയ നടത്തിയ മത്സരത്തിൽ നിന്നാണ് സാബു സിറിളിന്റെ ഡിസൈൻ തെരഞ്ഞെടുത്തത്. കൊല്ലം ആശ്രമ മൈതാനത്ത് നാലേകാൽ ലക്ഷം സ്‌ക്വയർ ഫീറ്റിൽ എയർ കണ്ടീഷൻ ചെയ്ത പന്തലിലാണ് ചരിത്രം കുറിക്കുന്ന ഈ വിവാഹ മാമങ്കം. നിലവിലുള്ള ലോക റിക്കാർഡ് ബാങ്കോക്കിൽ നടന്ന രണ്ടര ലക്ഷം സ്‌ക്വയർ ഫീറ്റിൽ തീർത്ത വിവാഹ പന്തലിനാണ്. രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂർ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്യാണ പന്തലിന്റെ ഇന്റീരിയർ വർക്ക് ചെയ്തിരിക്കുന്നത്. ലോക റിക്കോർഡ് തകർക്കുന്നതാകും പന്തൽ.

ബാഹുബലിയേക്കാൾ ഒരു കൂറ്റൻ സെറ്റ്. 23 കോടിയിലധികം രൂപയാണ് ഈ സെറ്റിന്റെ മുതൽമുടക്ക്. പറഞ്ഞുവരുന്നത് ഒരു ബ്രഹ്മാണ്ഡസിനിമയെക്കുറിച്ചല്ല. ഒരു വിവാഹമണ്ഡപത്തിന്റെ കാര്യമാണ്. പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകളുടെ വിവാഹത്തിന് ആശ്രാമം മൈതാനിയിൽ ഒരുങ്ങുന്ന പടുകൂറ്റൻ വിസ്മയ ലോകത്തിന്റെ രൂപകൽപനയും മേൽനോട്ടവും വഹിക്കുന്നത് സാബുസിറിലാണ്. താമര മൊട്ട് വിരിഞ്ഞ് മണ്ഡപമായി മാറുന്ന രൂപത്തിൽ കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ ബാഹുബലി സിനിമയുടെ കലാസംവിധായകനായ സാബു സിറിൾ, പ്രമുഖ പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ ആശയപ്രകാരം നിർവ്വഹിച്ചിരിക്കുന്നത്.

നാലുലക്ഷം ചതുരശ്ര അടിയിലാണ് മാസ്മരിക ലോകം വിരിയുന്നത്. 26ന് വിവാഹദിവസം ഇവിടെ വിസ്മയങ്ങൾ ഇതൾവിടർത്തും. ഇതിനു പുറമേ ഒന്നരലക്ഷത്തോളം ചതുരശ്ര അടിവരുന്ന രണ്ടു കൂടാരങ്ങൾ കൂടി ഇവിടെ ഉയരുന്നു. ഉയർന്നു വന്ന് താമര പോലെ വിടരുന്ന മണ്ഡപം ആണ് ആശ്രാമം മൈതാനിയിൽ ഉയരുന്ന കൂറ്റൻ പന്തലിലെ വലിയ വിസ്മയം.

 പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങൾ കൂടി പണി പുരോഗമിക്കുന്നുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കുകൾക്കിടയിൽ നിന്നാണ് വിവാഹ മണ്ഡപത്തിന്റെ സെറ്റ് തയ്യാറാക്കാൻ സാബു സിറിൽ കൊല്ലത്ത് എത്തിയത്. ഇത് ആദ്യമായാണ് സാബു സിറിൾ വിവാഹത്തിന് സെറ്റ് ഒരുക്കുന്നത്. രാഷ്ട്രീയ-സാസ്‌കാരിക-ബിസിനസ് രംഗത്തെയടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങാണ്. കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ നവംബർ 26നാണ് വിവാഹം. വിവാഹം കേരളത്തിനു മികച്ച ബിസിനസ് അവസരമാകും. വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന ബിസിനസ് പ്രമുഖരുമായും ആഗോള നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ച നടത്തും.ഇതിനെല്ലാം സൗകര്യമൊരുങ്ങുന്ന തരത്തിലാണ് വിവാഹ വേദി തയ്യാറാക്കുന്നത്.

ഇന്ത്യൻ സിനിമയിലെ അത്ഭുതമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കൂറ്റൻ സെറ്റ് ഉയരുന്ന ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നിന്നാണ് സാബു സിറിൾ കൊല്ലത്ത് എത്തിയത്. ഈ ബ്രഹ്മാണ്ഡമണ്ഡപം ഏറ്റെടുക്കുന്നതിനായി ഒരു മത്സരംവരെ സംഘടിപ്പിച്ചിരുന്നു. ലോകോത്തര ഡിസൈനർമാരെല്ലാം മാറ്റുരച്ച മൽസരത്തിനൊടുവിലാണ് സാബു സിറിലിനെ തിരഞ്ഞെടുത്തത്. ആദ്യമായാണ് സാബു സിറിൽ ഒരു വിവാഹത്തിന് വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു സാബു സിറിൽ തന്നെ പറയുന്നു. 'ഒരോന്നും നല്ല വെല്ലുവിളിയാണ്. അതാണ് മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നതും. ഇപ്പോഴത്തെ ഈ ജോലിയും ഏറെ വെല്ലുവിളികളുള്ളതാണ്. ആദ്യമായാണ് ഒരു വിവാഹത്തിന് ഞാൻ വേദിയൊരുക്കുന്നത്. അകവാതിലിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നു തോന്നുന്നു. ഇത്രയും വിശാലതയിൽ കാറ്റും മഴയും ഒന്നും ഏൽക്കാതെ എല്ലാവർക്കും എല്ലാം കാണത്തക്ക രീതിയിൽ ഇത്രയും സജ്ജീകരണങ്ങൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാബു സിറിൽ പറഞ്ഞു.

പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെയും ഗീത രവി പിള്ളയുടേയും മകൾ ഡോ. ആരതി പിള്ളയും എറണാകുളം, വിനോദ് നെടുങ്ങാടിയുടേയും ഡോ. ലത നായരുടേയും പുത്രൻ ഡോ. ആദിത്യ വിഷ്ണുവും തിരുപ്പതി ക്ഷേത്രസന്നിധിയിൽ വിവാഹിതരായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 25നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തിരുപ്പതിയിൽ വച്ച് വിവാഹിതരായ ഇവരുടെ വിവാഹത്തിന്റെ വിശദമായ റിസപ്ഷനാണ് കൊല്ലത്തും നടക്കുന്നത്. അമ്പത് കോടിയോളം രൂപ മുടക്കി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ചടങ്ങുകളാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് രവി പിള്ള ഒരുക്കിയിരിക്കുന്നത്. 42 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്നത്.

രാജ്യത്തലവന്മാർ, ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജകുടുംബാംഗങ്ങൾ എന്നിവരെല്ലാം കൊല്ലത്ത് വിവാഹാഘോഷങ്ങൾക്കായി ഒത്തുകൂടും. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, എന്നിവിടങ്ങളിലെ രാജകുടുംബത്തിലെ മുതിർന്ന മന്ത്രിമാരും രാജകുടുംബാംഗങ്ങളും, സാംസങ് ഗ്രൂപ്പ്, ജപ്പാൻ ഗ്യാസ് കോർപ്പറേഷൻ, ചിയോഡ കോർപ്പറേഷൻ ജപ്പാൻ, ദക്ഷിണ കൊറിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എസ്‌കെ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് അംഗങ്ങൾ, ഇറ്റലിയിൽനിന്നുള്ള ടെക് മൂൺ, എൻഎൽ ഗ്രൂപ്പ് യുറോപ്പ്, എക്‌സോൺ മൊബൈൽ തുടങ്ങിയ വൻ കമ്പനികളുടെ സിഇഒമാർ, വിവിധ ബിസിനസ് രംഗങ്ങളിൽനിന്നുള്ളവർ മുഖ്യമന്ത്രിയുമായും, പൊതു, സ്വകാര്യ മേഖലകളിലെ പ്രതിനിധികളുമായും ചർച്ചകൾ നടത്തുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള ചൂണ്ടിക്കാട്ടി.

മകളുടെ കല്ല്യാണത്തിനായി ഇന്ന് മുതൽ ഒരാഴ്‌ച്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികലാണ് രവി പിള്ള ഒരുക്കിയിരിക്കുന്നത്. സിനിമാ രംഗത്തുള്ളവരും മറ്റ് കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെയും സംഘടിപ്പിച്ചുകൊണ്ടാണ് റിസപ്ഷൻ ആഘോഷങ്ങൾ നടക്കുന്നത്. മഞ്ജു വാര്യർ, ശോഭന, മുകേഷ്, മേതിൽ ദേവിക അടക്കമുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കാനാണ് എത്തും. നവംബർ 25ന് വൈകുന്നേരം ഏഴ് മുതൽ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിൽ തൃശക്തി എന്നൊരു ഫ്യൂഷൻ ഡാൻസ് ഒരുക്കിയിട്ടുണ്ട്. 8.30 മുതൽ കൊല്ലം റാവീസിൽ നടൻ മുകേഷും ഭാര്യ മേതിൽ ദേവികയും ചേർന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. നവംബർ 26ന് കൊല്ലത്ത് പ്രമുഖ വേദിയായ ആശ്രാമം മൈതാനത്താണ് വിപുലമായ റിസപ്ഷൻ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.

ആശ്രാമം മൈതാനത്ത് രാവിലെ ഒൻപതിന് മുമ്പ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ വധൂവരന്മാരെ ആശിർവദിക്കാനായി റിസപ്ഷൻ ചടങ്ങിൽ പങ്കെടുക്കാനെത്തും. കൃത്യം ഒൻപത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതൽ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യർ അരങ്ങുവിട്ടാലുടൻ എത്തുന്നത് നടി ശോഭനയാണ്. 10 മുതൽ പത്തേകാൽ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.

പത്തേകാലിന് ശോഭന അരങ്ങ് വിട്ടാൽ ഉടൻ 400 ആദിവാസി കലാകാരന്മാർ സ്‌റ്റേജിൽ എത്തും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി വഴി തികച്ചും വ്യത്യസ്തമായി പ്രത്യേകം ചിട്ടപ്പെടുത്തിയ കലാവിരുന്നാണ് ഒരുക്കുക. 11.15 ആവുമ്പോൾ വീണ്ടും ശോഭന എത്തും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നിൽക്കുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം സർവ്വ രാഷ്ട്രീയ പാർട്ടിനേതാക്കൾക്കും വധൂവരന്മാരെ ആശിർവദിക്കാനായി റിസപ്ഷനിൽ പങ്കെടുക്കാൻ എത്തും. സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ മ്യൂസിക് അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

കൊല്ലത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി 28ന് ലേമെറിഡിയനിൽ പ്രത്യേക റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടയെും കലാപരിപാടികളും ഗൗനമേളയും ഒരുക്കിയിട്ടുണ്ട്. കല്യാണത്തിന് ക്ഷണക്കത്ത് നൽകിയ 6000 പേർക്കും വിലപിടിപ്പേറിയ ഒരു സാരിയും മുണ്ടും നൽകിയിരുന്നു. നേരത്ത ഇവരുടെവിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. വിവാഹ നിശ്ചയ ചടങ്ങിന് സൂപ്പർസ്റ്റാർ മമ്മൂട്ടിയും മന്ത്രിമാരും രാഷ്ടീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും എത്തിയിരുന്നു.