കോഴിക്കോട്:വൻ വിജയമായി കോഴിക്കോട്ട് സമാപിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ സംഘപരിവാർ ഉയർത്തുന്ന വിമർശനങ്ങൾക്ക് കവിയും ഫെസ്റ്റിവൽ ഡയറക്ടറുമായ സച്ചിദാനന്ദന്റെ മറുപടി.ലിറ്ററേച്ചർ ഫെസിറ്റിവലിലേക്ക് എഴുത്തുകാരെ ക്ഷണിക്കുന്നത് അവരുടെ രാഷ്ട്രീയ ചായ്വ് നോക്കിയല്‌ളെന്നും ഒരു സംഘടനക്കും അവിടെ അയിത്തം കൽപ്പിച്ചിട്ടില്‌ളെന്നും സച്ചിദാന്ദൻ വ്യക്തമാക്കി.'എന്നാൽ സംഘപരിവാര ശക്തികൾ ബോധപൂർവം നുണ പ്രചരിപ്പിക്കയാണ്.മേളയിൽ ആർ.എസ്.എസുകാരെ പങ്കെടുപ്പിക്കരുതെന്നും,ഇടതുസഹയാത്രികരെ ഉൾപ്പെടുത്തണമെന്നും ഞാൻ പറഞ്ഞതായാണ് പ്രചാരണം.ഇത് ശരിയല്ല.ജാനധിപത്യ വിരുദ്ധരെ ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് പറഞ്ഞത്.' നൊ ഡെമോക്രസി വിത്തോട്ട് ഡിസന്റ്' എന്നതാണ് ഇപ്രാവശ്യത്തെ ലിറ്ററി ഫെസ്റ്റിവലിന്റെ തീം.അവിടെ എങ്ങനെയാണ് ജനാധിപത്യ വിരുദ്ധരെ പങ്കെടുപ്പിക്കാൻ കഴിയുക.-സച്ചിദാനന്ദൻ വ്യക്തമാക്കി.

ആൽഫോൻസ് കണ്ണന്താനത്തെയും ശ്രീധരൻ പിള്ളയേയും പോലുള്ള ബിജെപി നേതാക്കളും ഈ മേളക്ക് എത്തിയിരുന്നു.പല എഴുത്തുകരും കടുത്ത സിപിഎം വിമർശകരുമാണ്.പിന്നെ രാജ്യത്തിന്റെ ഇപ്പോഴത്തെപോക്കിൽ സാധാരണക്കാരെപോലെ എഴുത്തുകാരും ആശങ്കാകുലാരാണ്.ആ എതിർപ്പ് അവർ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.എഴുതിയതിനും അഭിപ്രായം പറഞ്ഞതിനും കൊലകൾ നടക്കുമ്പോൾ പ്രതിഷേധിക്കുന്നതാണോ പ്രശ്‌നം.ആ പ്രതിഷേധത്തെ അഭിസംബോധന ചെയ്യാൻ അവർക്ക് ആവുന്നില്ല.അതിനാലാണ് നുണ പ്രചരിപ്പിക്കുന്നത്.ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നവർക്ക് വഴങ്ങുന്നവരല്ല സാഹിത്യകാരന്മാർ.ഇങ്ങനെയാക്കെ പറഞ്ഞു പരത്തി ലിറ്ററേച്ചർ ഫെസ്റ്റിവലിനെ സമ്മർദത്തിലാക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങില്ല.സംഘപരിവാറിന്റെ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കുന്നവരല്ല ഇവിടുത്തെ എഴുത്തുകാർ.-സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാറിന്റെ ഫണ്ട് എന്നാൽ ബിജെപി ഓഫീസിൽനിന്ന് നൽകുന്നതല്ല.ജനങ്ങളുടെ നികുതി പണമാണ് സർക്കാർ നൽകുന്നത്.അത് എതെങ്കിലും ഒരു പാർട്ടിയുടെ സംഭാവനയല്ല.-സച്ചിദാനനന്ദൻ പറഞ്ഞു. നേരത്തെ സംഘപരിവാർ അനുകൂലികളെ ഒഴിവാക്കി ഇടതുഎഴുത്തുകാരെ മാത്രംവച്ചാണ് മേള നടത്തുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ലിറ്ററിഫെസ്റ്റിവൽ സിപിഎം മേളയാക്കിയെന്ന് ആരോപിച്ചിരുന്നു.

സിപിഎമ്മുകാരെ മാത്രം പങ്കടെുപ്പിക്കാനാണോ സാഹിത്യോത്സവങ്ങളെന്ന് ലിറ്റററി ഫെസ്റ്റിവലിന്റെ ഒരു സെഷനിൽ സംസാരിച്ചശേഷം മാധ്യമങ്ങളെ കാണവേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ചോദിച്ചതാണ് വിവാദങ്ങളുടെ തുടക്കം. സാഹിത്യോത്സവം ആരുടെയും കുത്തകയല്ല.എന്നിട്ടും കേന്ദ്രം 20 ലക്ഷം രൂപയാണ് പരിപാടിക്കായി അനുവദിച്ചതെന്ന് കണ്ണന്താനം വ്യക്തമാക്കി. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന പരിപാടിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചത്. തുടർച്ചയായി അഞ്ച് വർഷമായി നടന്നുവരുന്ന പരിപാടികൾക്കാണ് സാധാരണ ഗതിയിൽ ഇത്തരത്തിൽ പണം അനുവദിക്കാറുള്ളത്. എന്നാൽ സാഹിത്യ സംബന്ധമായ പരിപാടിയല്ലേ, കേരളത്തിൽ നടക്കന്ന വലിയൊരു പരിപാടിയല്ലേ, എന്നൊക്കെ ഓർത്താണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് പരിപാടിക്ക് പണം നൽകിയതെന്നും കണ്ണന്താനം വ്യക്തമാക്കി.

സച്ചിദാനന്ദനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ഫേസ്‌ബുക്ക്‌പോസ്റ്റും വിവാദമായിരുന്നു. 'സച്ചിദാനന്ദൻ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോൽസവം സി. പി.എം മേളയാക്കി മാററിയിട്ട് ന്യായം പറയുന്നോയെന്ന്'അദേഹം ചോദിച്ചു.ബി. ജെ. പി ബന്ധമുള്ളവരെ ചർച്ചക്കുപോലും വിളിക്കാൻ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇരുപതുലക്ഷം വാങ്ങി ധൂർത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികൾക്കില്ലേയെന്നും ഫേസ്‌ബുക്കിൽ സുരേന്ദ്രൻ ചോദിച്ചു.സുരേന്ദ്രന്റെ പോസ്റ്റിനെതിരെ രൂക്ഷമായ പ്രതികരണവും ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

സംഘപരിവാറിനും ഹൈന്ദവ ഫാസിസത്തിനുമെതിരെ ശക്തമായ വിമർനം ഉയർത്തിയാണ് ലിറ്റററി ഫെസ്റ്റ് സമാപിച്ചത്. അരുന്ധതി റോയ്, നടൻ പ്രകാശ് രാജ്, കെ എസ് ഭഗവാൻ,ആശിഷ് നന്ദി,ആനന്ദ്,ടി.പത്മനാഭൻ, രാജ്ദീപ് സർ ദേശായി,കനയ്യകുമാർ ,കവിതാലങ്കേഷ് തുടങ്ങിയവരെല്ലാം മോദിസർക്കാറിനെയും ഹൈന്ദവ ഫാസിസത്തെയും നിറുത്തിപ്പൊരിക്കയായിരുന്നു. ഒരു എഴുത്തുകാരന്റെ പിന്തുണപോലും പരിവാരശക്തികൾക്ക് കിട്ടിയില്ല. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചതെന്നാണ് ലിറ്റററി ഫെസ്റ്റിവൽ ടീം പറയുന്നത്.