കാസർകോട്: കേരളത്തിലെ ലൗ ജിഹാദികളുടെ കഴുത്തു വെട്ടണമെന്ന വിഎച്ച്പി നേതാവ് സാധ്വി സരസ്വതിയുടെ പ്രസ്താവനയ്‌ക്കെതിരെ പൊലീസ് കേസെടുക്കാത്തത് വിവാദത്തിൽ. അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് സിപിഎം സൈബർ പോരാളിയായ ദീപക് ശങ്കരനാരായണനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിൽ സാധ്വിയുടെ പരാമർശത്തിൽ പൊലീസ് നടപടിയെടുക്കുന്നുമില്ല.

വർഗ്ഗീയ കലാപത്തിനുള്ള ആഹ്വാനമാണ് വിഎച്ച്പി നേതാവ് നടത്തിയതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ പരാതിയില്ലെങ്കിലും പൊലീസിന് കേസെടുക്കാം. പത്രവാർത്തകൾ മാത്രം മതി. എന്നാൽ ദീപക് ശങ്കരനാരായണനെതിരെ ഫെയ്‌സ് ബുക്കിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കേസെടുത്ത പൊലീസ് വിഎച്ച് പിയുടെ തീവ്ര പ്രഭാഷകയുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. ആയുധമെടുക്കാൻ സമൂഹത്തെ ആഹ്വാനം ചെയ്യുന്നതായിരുന്നു അവരുടെ പ്രസംകം.

കഴിഞ്ഞ ദിവസം കാസർകോട് ബദിയടുക്കയിൽ വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സാധ്വിയുടെ ആഹ്വാനം. ഒരു ലക്ഷം രൂപ മൊബൈൽ ഫോണുകൾക്കു വേണ്ടി മുടക്കുന്നവർ 1000 രൂപയ്ക്ക് ഒരു വാൾകൂടി വാങ്ങി തങ്ങളുടെ സഹോദരിമാർക്കു സമ്മാനിക്കണം. ലൗ ജിഹാദികളെ ഇതുപയോഗിച്ചു വേണം കൊല്ലാൻ. സഹോദരിമാർക്കായി ഈ ചെറിയ ഒരു സഹായമെങ്കിലും ചെയ്തുകൂടേയെന്നും അവർ ചോദിച്ചു.

പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തിൽ കഴുത്തറുക്കണമെന്ന് അവർ പറഞ്ഞു. കേരളത്തിൽ മാത്രമാണു ഗോമാതാവിനെ കൊല്ലുന്നതും ബീഫ് ഫെസ്റ്റ് നടത്തുന്നതും. ഇങ്ങനെയുള്ള കശാപ്പുകാർക്കു ജീവിക്കാൻ യോഗ്യതയില്ല. പശുവിനെ അമ്മയായല്ലേ നിങ്ങൾ കരുതുന്നത്? ജനമധ്യത്തിൽ അമ്മയെ അപമാനിക്കുന്നതു കണ്ടു നിൽക്കുമോ? പശുവിനെ പൊതുസ്ഥലത്തു കൊല്ലുന്നവരെ അതേ രീതിയിൽ കൊല്ലണം അവർ പറഞ്ഞു. ഗുരുതരമായ പരാമർശമാണ് സ്വാധി നടത്തിയത്.

ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറണമെന്നും അവർ ആഹ്വാനം ചെയ്തു. സനാതൻ ധർമ പ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി. ഇതിന് മുമ്പും നിരവധി പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

പശുവിനെ കൊല്ലുന്നവരെ കൊല്ലണമെന്ന ആഹ്വാനം വിഎച്ച്പിക്കാർ ഏറ്റെടുത്താൽ വലിയ പ്രശ്‌നമുണ്ടാകും. ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടും സ്വാധിയെ അറസ്റ്റ് ചെയ്യാൻ പിണറായിയുടെ പൊലീസിന് കഴിയുന്നില്ല. ഈ വിമർശനമാണ് സിപിഎം സൈബർ സഖാക്കൾ തന്നെ ചോദിക്കുന്നത്. നേരത്തെ കെപി ശശികല അടക്കമുള്ളവർക്കെതിരെ വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റുണ്ടാകാത്തതിനേയും സൈബർ സഖാക്കൾ വിമർശിച്ചിരുന്നു.