ചെന്നൈ: സിവിൽ സർവീസ് പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയതിന് അറസ്റ്റിലായ ഐപിഎസുകാരൻ സഫീർ കരീമിനെ തമിഴ്‌നാട് സർക്കാർ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തു. അതിനിടെ കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തിൽ അന്വേഷണ സംഘം കേരളത്തിലെത്തും. സഫീറിന്റെ ബന്ധുവിനെതിരേയും പരാതിയുണ്ട്. ഇയാൾ പിഎസ് സി പരീക്ഷയ്ക്കും ഹൈടക് സംവിധാനം ഉപയോഗിച്ച് ഇടപെടൽ നടത്തിയെന്നാണ് സംശയം.

സഫീർ കരീമിന്റെ വീട്ടിലും ലാ എക്‌സലൻസിന്റെ പരിശീലന കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും. സഫീറിനു പിന്നാലെ ഭാര്യ ജോയ്‌സിയേയും പുഴൽ ജയിലിലടച്ചിട്ടുണ്ട്. ഒന്നര വയസുള്ള മകൾ സിയയും ഇവർക്കൊപ്പമാണ്. തിരുനെൽവേലി ജില്ലയിലെ നങ്കുനേരിയിൽ എഎസ്‌പിയായി പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് എഗ്മോർ പ്രസിഡൻസ് സ്‌കൂളിൽനിന്ന് ഐഎഎസ് ലക്ഷ്യമിട്ടു സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചതിനു സഫീറിനെ ഇന്റലിജൻസ് സംഘം പിടികൂടുന്നത്.

ഇതിനിടെയാണ് കേരളത്തിലെ പിഎസ്‌സി പരീക്ഷയിൽ സഫീർ കരീമിന്റെ ബന്ധു ഇത്തരത്തിൽ കോപ്പിയടിച്ചെന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയത്. ഈ ബന്ധുവിനെ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തും നിരീക്ഷണത്തിലാണ്. കോപ്പിയടിക്കാൻ സഹായിച്ച ഭാര്യയെയും ലാ എക്‌സലൻസ് പരിശീലന കേന്ദ്രം ഡയറക്ടർ റാം ബാബുവിനെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും പുഴൽ ജയിലിലാണ്. അതേസമയം സഫീർ കരീമും ഭാര്യ ജോയ്‌സിയും കോടതിയിൽ ജാമ്യാപേക്ഷ നൽകി.

സഫീർ കരീം 112 ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റർ എന്ന പേരിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. സിവിൽ സർവീസ് പരീക്ഷയിലെ ഹൈടെക് കോപ്പിയടി സംഭവം വളരെ ഗൗരവത്തോടെയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. മുൻപു പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീർ കോപ്പിയടിക്കാൻ മുതിർന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതുകൊണ്ടുതന്നെ ഏതൊക്കെ പരീക്ഷകളിൽ ഇത്തരത്തിൽ കോപ്പിയടി നടന്നെന്നും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചോ എന്നും അന്വേഷിക്കും. ഹൈദരബാദിലെ ലാ എക്‌സലൻസ് എന്ന സ്ഥാപനത്തിന്റെ വളർച്ച സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സിവിൽ സർവീസ് പരിശീലകരിൽ ശ്രദ്ധേയനാണ് ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ച ലാ എക്‌സലൻസ് ഡയറക്ടർ ഡോ. രാം ബാബു.

ഇത്തരത്തിലുള്ള ഹൈടെക് കോപ്പിയടിക്കു സ്ഥാപനം മുൻപും കൂട്ടുനിന്നെന്നും സംശയമുയരുന്നുണ്ട്. അതോടൊപ്പം തന്നെ പരീക്ഷാ ഹാളിലേക്കു കയറുന്ന സമയത്തു പൊലീസുകാരിൽനിന്നു സഹായം ലഭിച്ചോ എന്നും അന്വേഷിക്കും.