ചെന്നൈ: കേരളത്തിലെ ഐജി കോപ്പിയടിക്ക് പിടിയിലായപ്പോൾ കാര്യമായ നടപടികളൊന്നും എടുക്കാതെ ഒരു സസ്‌പെൻഷനിൽ ഒതുക്കി പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന്. എന്നാൽ, തമിഴ്‌നാട്ടിൽ ഡിസിപിയായ വ്യക്തി കോപ്പിയടിച്ചെന്ന് വ്യക്തമായതോടെ കാര്യം മാറി മുഖം നോക്കാതെ നടപടിയാണ് അവിടത്തെ അധികാരികൾ കൈക്കൊണ്ടത്. സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ച് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീമിന് ജോലി തെറിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതിനിടെ സഫീർ കരീമിനെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ കോപ്പിയടിക്കാൻ സാഹായിച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത ഭാര്യ ജോയ്‌സി ജോയ്‌സ്, സഫീറിന്റെ സുഹൃത്തും ഐഎഎസ് പരിശീലനസ്ഥാപന ഉടമയുമായ ഡോ.പി.രാം ബാബു എന്നിവരെയും അറസ്റ്റു ചെയ്തു. ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘത്തിനു കൈമാറിയ ഇരുവരെയും ചോദ്യംചെയ്യലിനു ശേഷം ഇന്നു ചെന്നൈ കോടതിയിൽ ഹാജാരാക്കും. അതിനിടെ, കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സഫീർ കരീമിനെ പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. പ്രൊബേഷൻ കാലയളവായതിനാൽ സഫീറിനെ ഉടൻ സർവീസിൽനിന്നു പുറത്താക്കുമെന്നു പൊലീസ് അറിയിച്ചു.

എഗ്മൂർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷയ്ക്കിടെ തിങ്കളാഴ്ചയാണു സഫീർ പിടിയിലായത്. ആദ്യദിവസമായ ശനിയാഴ്ച കോപ്പിയടിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നു സഫീറും ഭാര്യയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ഹാളിലെത്തിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സഫീറിൽനിന്നു സോക്‌സിൽ ഒളിപ്പിച്ചു കടത്തിയ മൊബൈൽ ഫോണും ഹെഡ്‌ഫോണും ബട്ടണിൽ ഘടിപ്പിക്കുന്ന ക്യാമറയും പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ കൊല്ലം വാഹനാപകടത്തിൽ സഫീറിനു പരുക്കേറ്റിരുന്നു. ഇതു പൊലീസ് സർവീസിൽ തുടർന്നുള്ള ശാരീരികക്ഷമതാ പരീക്ഷകൾ വിജയിക്കുന്നതിനു തടസ്സമാകുമെന്ന് ആശങ്ക പങ്കുവച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഹൈദരാബാദ് സ്വദേശിയായ രാം ബാബുവും സഫീറും ഡൽഹിയിലെ സിവിൽ സർവീസ് പരീക്ഷാപരിശീലന കാലത്താണു സൗഹൃദത്തിലായത്. പിന്നീടു രാം ബാബുവിന്റെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിൽ സഫീർ പങ്കാളിയായി.

കൊച്ചിയിലും തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയും ചെയ്തു. സിവിൽ സർവീസിനു തയ്യാറെടുക്കുന്ന ജോയ്‌സി, രാം ബാബുവിന്റെ സ്ഥാപനത്തിൽ പരിശീലകയായി പ്രവർത്തിക്കുകയായിരുന്നു. സഫീറിന്റെ സ്ഥാപനത്തിൽ ജോയ്‌സി പരിശീലനത്തിനെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതും തുടർന്ന് വിവാഹം കഴിച്ചതും. സഫീർ നെടുമ്പാശേരി വയൽക്കര സ്വദേശിയാണ്; ജോയ്‌സി കാഞ്ഞിരപ്പള്ളി സ്വദേശിയും.

സഫീറും ഭാര്യയും നടത്തുന്ന സിവിൽ സർവീസസ് പരിശീലനകേന്ദ്രത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് രാമബാബു. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിൽ സിവിൽ സർവീസസ് പരീക്ഷയ്ക്കിടെ സഫീർ ബ്ളൂടൂത്ത് ഉപയോഗിച്ച് ഭാര്യയിൽനിന്ന് ഉത്തരങ്ങൾ കേട്ടെഴുതിയെന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സഫീറിനെ എഗ്മൂർ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റുചെയ്തത്. മൊബൈൽ ഫോൺ, ബ്ളൂടൂത്ത്, ഇതുമായി ഘടിപ്പിച്ച ചെറുക്യാമറ, വയർലെസ് ശബ്ദസഹായി എന്നിവ പിടിച്ചെടുത്തു.

തിരുനൽവേലി നങ്കുനേരി സബ്ഡിവിഷനിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനിൽ ജോലിചെയ്യുകയായിരുന്നു സഫീർ. ഐ.എ.എസ്. നേടണമെന്ന മോഹമാണ് സിവിൽ സർവീസസ് പരീക്ഷ വീണ്ടും എഴുതാൻ കാരണം. ഹൈദരാബാദിൽനിന്ന് ഭാര്യയും സഹായിയും ചേർന്ന് മൊബൈൽ ഫോണിലൂടെ നൽകിയ ഉത്തരങ്ങൾ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച് ബ്ലൂടൂത്ത് വഴി മനസ്സിലാക്കിയാണ് സഫീർ ഉത്തരം എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഷർട്ടിന്റെ ബട്ടണിൽ ഘടിപ്പിച്ച ബ്ളൂടൂത്ത് ക്യാമറ വഴി ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തി ജോയ്സിക്ക് അയച്ചുകൊടുത്താണ് ഉത്തരം തേടിയത്.

പരീക്ഷ ആരംഭിച്ച ശനിയാഴ്ച തന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെയും ഭാര്യയെയും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു. ഇതിനിടെ ദേഹപരിശോധന നടത്തിയ പൊലീസിനെ കബളിപ്പിച്ച് തിങ്കളാഴ്ചയും ഇയാൾ ബ്ളൂടൂത്തുമായി പരീക്ഷാഹാളിൽ കയറിയതായി പറയുന്നു. പിടികൂടിയപ്പോൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചുവെച്ചനിലയിലാണ് മൊബൈൽ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തിയത്.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഐ.ടി. നിയമം തുടങ്ങിയ വകുപ്പുകളിലാണ് സഫീറിനെതിരേ കേസെടുത്തിട്ടുള്ളത്. കരീംസ് ലാ എക്സലൻസ് എന്നപേരിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാൽ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഐ.എ.എസ്. പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട് സഫീർ. ഭാര്യയും ഇതിന്റെ ഡയറക്ടറാണ്. തനിക്ക് ഐ.പി.എസിൽ ഒന്നാം റാങ്ക് ലഭിച്ചു എന്നാണ് ഇയാൾ സ്ഥാപനത്തിന്റെ പരസ്യത്തിൽ പറയുന്നത്. എന്നാൽ, 2014-ലെ സിവിൽ സർവീസസ് പരീക്ഷയിൽ 112-ാം റാങ്കുകാരനാണ്.