കൊല്ലം: തുരുമ്പെടുത്ത് ജീർണ്ണാവസ്ഥയിലായ റൈഡുകൾ. പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി. തറനിരപ്പിൽ നിന്നും അറുപതടിയോളം ഉയർന്ന റൈഡുകളിൽ മനുഷ്യ ജീവന് പുല്ലുവിലയാണ് നൽകുന്നത്. ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ജില്ലാ കളക്ടറും. പറഞ്ഞു വരുന്നത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാർണിവലിനെ പറ്റിയാണ്. അതീവ സുരക്ഷാ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട പല റൈഡുകളും ഇവിടെ തോന്നിയ പടിയാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥരുടെ മൗനസമ്മതവുമുണ്ട്.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ടു വിളക്ക് ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന കാർണിവലിന്റെ നടത്തിപ്പിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ നൽകിയ അംഗീകാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് സൂചന.

കാർണിവലിലെ വിവിധ വിനോദ ഉപകരണങ്ങളും ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷം മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ ഉത്സവത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇവിടെയുള്ള മിക്ക റൈഡുകളും കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിലാണ്. ആകാശ തൊട്ടിലിന്റെ(ജെയ്ന്റ് വിൽ) മിക്ക കാബിനുകളും തുരുമ്പെടുത്ത് പൊടിഞ്ഞ നിലയിലാണ്.

പുറമേ നിന്ന് നോക്കിയാൽ മനസ്സിലാവാത്ത വിധം ഇവ പെയിന്റടിച്ചു മോടി വരുത്തിയിരിക്കുകയാണ്. ഡ്രാഗൺ ഊഞ്ഞാലിന്റെ അടിവശം മിക്കയിടത്തും തുരുമ്പെടുത്ത് ദ്രവിച്ചിളകിയ നിലയിലാണ്. മരണക്കിണറിലും സുരക്ഷയൊട്ടുമില്ല.. ഈ റൈഡുകളിലെല്ലാം വൻ ജനത്തിരക്കും അനുഭവപ്പെടുന്നു.

റൈഡുകൾ തറനിരപ്പിൽ നിന്നും 60 അടിയോളം ഉയരത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. തറനിരപ്പിൽ സൂക്ഷ്മതയോടെ ഉറപ്പിച്ച് പ്രവർത്തിപ്പിക്കേണ്ട റൈഡുകൾ തടിക്കഷണത്തിന്റേയും കല്ലുകളുടെ മുകളിലും യാതൊരു ഉറപ്പുമില്ലാത്ത രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. റൈഡുകളുടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ച കണ്ട് കണ്ണടയ്ക്കുന്നവർ പത്തനംതിട്ട ചിറ്റാറിൽ 2016-ൽ നടന്ന ആകാശ തൊട്ടിൽ അപകടം ഓർക്കുന്നത് നന്നായിരിക്കും.

2016 സെപ്റ്റംബർ എട്ടിനായിരുന്നു നാടിനെ നടുക്കിയ ആകാശ തൊട്ടിൽ അപകടം ചിറ്റാറിൽ നടന്നത്. കാലപ്പഴക്കം ചെന്ന ജയ്ന്റ് വീലിന്റെ ക്യാബിൻ ഊരി തെറിച്ച് അഞ്ച് വയസുകാരനും സഹോദരിയും മരിച്ചിരുന്നു. ഏറെ ഞെട്ടലുണ്ടാക്കിയ അപകടത്തെ തുടർന്ന് മിക്ക ജില്ലകളിലും കാർണിവൽ നിരോധിച്ചിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് ഓച്ചിറയിൽ നിയമത്തിനിളവ് വരുത്തി കാർണിവൽ നടത്താൻ അനുമതി നൽകിയത്. പഞ്ചായത്താണ് പൂർണ്ണമായും ഇവ നടത്താനുള്ള അനുമതി നൽകുന്നത്. പി.ഡബ്‌ള്യു.ഡി മെക്കാനിക്കൽ വിഭാഗം എഞ്ചിനീയർ സാക്ഷ്യപെടുത്തിയതിന് ശേഷമാണ് അനുമതി പഞ്ചായത്ത് നൽകുന്നത്.എന്നാൽ മിക്കവയും സൂക്ഷ്മപരിശോധന നടത്താതെയാണ് അനുമതി നൽകിയിരിക്കുന്നത്.

എല്ലാ വർഷവും കാർണിവൽ നടത്തിപ്പിനായി അഞ്ചര ലക്ഷം രൂപ പഞ്ചായത്ത് അധികൃതർ വാങ്ങുകയും കാർണിവൽ കഴിഞ്ഞതിന് ശേഷം രണ്ട് ലക്ഷം രൂപയുടെ രസീതിയും, ലൈസൻസും നൽകി വരുന്നതായിരുന്നു രീതി. ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ കൈയൊഴിയാൻ വേണ്ടിയാണ് പഞ്ചായത്ത് ലൈസൻസ് കഴിയുമ്പോൾ കൊടുക്കുന്നത്.

അതേ സമയം സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും എൻഒസി കിട്ടിയ ശേഷം ലൈസൻസ് നൽകിയിരിക്കുകയാണ് എന്നാണ് പഞ്ചായത്തധികാരികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.റൈഡുകളുടെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്തുകൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കൂടാതെ റൈഡുകളുടെ നടത്തിപ്പിനായി ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത അധികാരികൾക്കെതിരെ കളക്ടർ കർശന നടപടിയെടുക്കേണ്ടതാണ്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാനാണ് ജാഗ്രത പുലർത്തേണ്ടത്.