പിലാത്തറ: യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിലും രണ്ടരവയസ്സുള്ള മകനെ കാലുകളറ്റ നിലയിൽ ഗുരുതരാവസ്ഥയിലും പയ്യന്നൂരിൽ റെയിൽവേ ട്രാക്കിനുസമീപം കണ്ടെത്തിയതിൽ ദുരൂഹതമാറുന്നില്ല. പിഞ്ചു കുട്ടിയുമൊത്ത് യുവതി ട്രയിനിന് മുമ്പിൽ ചാടിയതാണോ എന്ന സംശയവും ഉണ്ട്. അപകടമാണെന്ന വാദവും സജീവമാണ്.

പിലാത്തറ പീരക്കാംതടം ദേശീയപാതയ്ക്കരികിലെ ദാറുസ്സലാമിൽ സഹീദ (29)യാണ് മരിച്ചത്. ഇരുകാലുകളും വേർപെട്ട നിലയിൽ മകൻ മുഹമ്മദ് സാലിഹിനെ നാട്ടുകാരും പൊലീസും ചേർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാലിഹിനെ കാലുകൾ തുന്നിച്ചേർക്കാനുള്ള അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

സാലിഹിന്റെ കാലുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് മെഡിക്കൽ സംഘം നൽകുന്ന പ്രതീക്ഷ. പട്ടുവം വളപ്പിൽ മമ്മു ഹാജിയുടെയും ആസിയയുടെയും മകളാണ് സഹീദ. ഭർത്താവ് നീലേശ്വരം തൈക്കടപ്പുറത്തെ സമീർ ദുബായിലാണ് ജോലി ചെയ്യുന്നത്. ഭാര്യയുടെ മരണം സമീറിനെ തളർത്തിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. റെയിൽവേ പാളത്തിനടുത്ത് യുവതിയുടെ മൃതദേഹം കണ്ട വഴിയാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ അധികൃതർ പയ്യന്നൂർ സ്റ്റേഷനിൽ വിവരം നൽകി. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തരശുശ്രൂഷ നൽകി മംഗളുരുവിലേക്ക് അയച്ചു.

പയ്യന്നൂർ സിഐ എംപി.ആസാദ്, എസ്.ഐ. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി സഹീദയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കുടുംബ പ്രശ്‌നങ്ങൾ സഹീദയ്ക്കുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ബന്ധുക്കളെ ചോദ്യം ചെയ്യും.