മലപ്പുറം: സിറിയയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞ് പോയി ഐ.എസിൽ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടതായി അന്വേഷണ ഏജൻസികൾക്കു വിവരം ലഭിക്കുകയും ചെയ്ത യുവാവാണ് മലപ്പുറം കോട്ടയ്ക്കൽ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീൻ(32). ഇയാളുടെ വൃദ്ധരായ മാതാപിതാക്കൾ ജീവിക്കാനായി പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിൽക്കുന്നു.

സൈഫുദ്ദീന്റെ 65കാരനായ മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയുമാണു ഇത്തരത്തിൽ ജീവിക്കുന്നത്. മറ്റൊരു സഹോദരൻ ഗൾഫിലുണ്ടെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസത്തിലാണെന്നു ബന്ധുക്കൾ പറയുന്നു. സൈഫുദ്ദീൻ നാട്ടിലായിരുന്നപ്പോൾ തെങ്ങ് കയറാനുപയോഗിച്ചു തെങ്ങുകയറ്റ യന്ത്രം ഇപ്പോഴും വീട്ടിൽ തുരുമ്പെടുത്ത നിലയിലുണ്ട്. സൈഫുദ്ദീൻ അഫ്ഗാനിസ്ഥാനിൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന 2019ൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും കേരളാ പൊലീസിന് വിവരം ലഭിച്ചത്. എന്നാൽ യുവാവ് മരണപ്പെട്ടുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളിൽനിന്നും വിവരം ലഭിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസും സൈഫുദ്ദീന്റെ പിതാവും പറയുന്നു.

മകൻ മരണപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും ഇന്നോ നാളെയോ അവൻ തങ്ങളെ കാണാനെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് 65കാരനായ പിതാവ് മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയും. നാട്ടിൽപന്തൽ പണിയും, മറ്റുകൂലിപ്പണികളും ചെയ്ത് ജീവിച്ചിരുന്ന സൈഫുദ്ദീന് നാലു സഹോദരികളും ഒരുസഹോദരനുമാണുള്ളത്. സാമ്പത്തികമായ പ്രയാസം നേരിടുന്ന ഈകുടുംബത്തിന് വലിയ പ്രതീക്ഷയും സൈഫുദ്ദീൻതന്നെയായിരുന്നു. കൂലിവേല ചെയ്താണെങ്കിലും കുടുംബം നോക്കിയിരുന്നതും സൈഫുദ്ദീൻ തന്നെയായിരുന്നു. നാട്ടിൽ തെങ്ങ് കയറ്റംപഠിക്കാനും ഇടക്ക് തേങ്ങയിടാനും സൈഫുദ്ദീൻ പോയിരുന്നു. തെങ്ങ് കയറാനുള്ള ഒരു യന്ത്രവും സൈഫുദ്ദീൻ വാങ്ങിയിരുന്നു. ഈയന്ത്രമാണ് ഇപ്പോഴും തുരുമ്പെടുത്ത് വീട്ടിലെ ചായ്‌പ്പിലുള്ളത്.

വീട്ടിൽ പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നതെങ്കിലും ലോക്ഡൗൺ ആയതോടെ പിതാവ് കുഞ്ഞഹമ്മദ്കുട്ടിയും, മാതാവ് ഖദീജയും ഏറെ പ്രയാസത്തിലായി. ആളുകളുടെ ഓർഡറുകൾക്കനുസരിച്ച് വീട്ടിൽ വെച്ചുതന്നെ ഇവ ചുട്ട് വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. നിലവിൽ അങ്ങാടികൾ തോറും ചപ്പാത്തിക്കമ്പനികളും മറ്റും വന്നതോടെ ഈകച്ചവടവും ഇപ്പോൾ കാര്യമായി നടക്കുന്നില്ല. ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ ഇവ ഇനിയും എത്തിച്ചുകൊടുക്കുമെന്നുമായിരുന്നു നേരത്തെ വീട്ടുകാർ പറഞ്ഞിരുന്നത്.

സൈഫുദ്ദീൻ ആദ്യം പോയത് സൗദിയിലേക്കാണ്. അവിടെ ചായമക്കാനിയിലായിരുന്നു ജോലി. തുടർന്ന് രണ്ടുവർഷം അവിടെ ജോലിചെയ്തു. ഇതിനിടയിൽ ചില സുഹൃത്തുക്കളോടൊപ്പം ചേർന്ന് കടയിട്ടു. ആദ്യമെല്ലാം നല്ല രീതിയിൽ കച്ചവടം നടന്നിരുന്നെങ്കിലും പിന്നീട് മോശമായി. ഇതോടെ വിസ റദ്ദാക്കി നാട്ടിലേക്കുവരികയായിരുന്നു. പിന്നീടാണ് ദുബായിലേക്ക് പോയത്. നാട്ടുകാരനും സൈഫുദ്ദീന്റെ സുഹൃത്തുമായിരുന്ന മാട്ടാൻ സലീമാണ് ദുബായിലേക്കും പിന്നീട് ഐ.എസ് ആശയത്തിലേക്കും മകനെ കൊണ്ടുചാടിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

ഇതിന്റെ യാഥാർഥ്യം പുറത്തുകാണ്ടുവരണമെന്നും സൈഫുദ്ദീൻ സൗമനും, സൽസ്വഭാവിയുമായ വ്യക്തിയായിരുന്നുവെന്നും പിന്നീട് ഐ.എസ് ആശയത്തിലേക്ക് എങ്ങിനെ എത്തപ്പെട്ടുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും കുടുംബം പറയുന്നു. സൈഫുദ്ദീൻ ദുബായിയിൽ പോയ ശേഷം രണ്ടു തവണ മൂത്തസഹോദരിക്ക് ഫോൺ വിളിച്ചിരുന്നു. ഈ ഫോൺവിളികളിൽ ഐ.എസ് ചതിയിൽപ്പെട്ടതായ വിവരങ്ങൾ പറഞ്ഞിരുന്നുവെന്നുമാണ് പിതാവ് കുഞ്ഞഹമ്മദ്കുട്ടി പ്രതികരിക്കുന്നത്.

യു.എ.ഇ. വഴിയാണു സൈഫുദ്ദീൻ അഫ്ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു. ദുബായിൽ നിന്നും മതപഠനത്തിനായി സിറിയയിലേക്കു പോകുകയാണെന്ന് ചില അടുത്ത ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ഇതുവരെ ഐ.എസിലേക്കുപോയത് 102 പേരാണെന്നാണ് കേരളാ പൊലീസിന്റെ രേഖകളിലുള്ളത്. കേന്ദ്ര ഏജൻസികൾ വഴി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അതാത് വ്യക്തികളുടെ വീടകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തും, അതുപോലെ യുവാക്കളെ കാണാനില്ലെന്ന് വീട്ടുകാർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് കേരളാപൊലീസ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഈ 102 പേരുടേയും പൂർണ വിവരങ്ങൾ അതതാത് ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകളിൽ സൂക്ഷിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽപേർ പോയിട്ടുള്ളത്. 39പേർ കണ്ണൂരിൽനിന്നും, 18പേർ കാസർകോട് നിന്നും ഒമ്പതുപേർ വീതം കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും പോയെന്നാണ് കണക്ക്. ഈ ജില്ലകൾക്കു പുറമെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽനിന്നും ആളുകൾപോയിട്ടുണ്ട്.

അതേ സമയം ചില യുവക്കൾക്കൊപ്പം പോയ ചില ഭാര്യമാരുടേയും ചെറിയ കുട്ടികളുടെ എണ്ണം ഈ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മലപ്പുറം ജില്ലയിൽനിന്ന് ഐ.എസിൽ പോയത് ഒമ്പത് യുവാക്കളാണെന്നും എന്നാൽ പോയെന്ന് സംശയിക്കുന്നവരുടെ എണ്ണം ഉൾപ്പെടെ 17പേരുടെ ലിസ്റ്റാണ് പൊലീസിന്റെ കയ്യിലുള്ളത്് സമാനമായി നിലവിലെ എണ്ണത്തിന് പുറമെ സംശയിക്കുന്നവരുടെ ലിസ്റ്റ് മറ്റുജില്ലകളിലും സൂക്ഷിക്കുന്നുണ്ട്. ഇവരുടെ വീടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

പോയവരിൽ ചിലർ അവിടെവെച്ചു കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുംപോയ ഒമ്പതുപേരെ കുറിച്ചുള്ള വിവരണങ്ങൾ താഴെ:

1 വണ്ടൂർ സ്വദേശി ചൂരാടൻ മുഹദ്ദിസ്(31) 2015ൽ ബഹറൈൻ വഴി ഐ.എസ് കേന്ദ്രത്തിലെത്തിയതായും പിന്നീട് സഖ്യസേനയുമായി നടന്ന യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരംലഭിച്ചു

2 കൊണ്ടോട്ടി പാലപ്പെട്ടി മാതാകുളം സ്വദേശി മൻസൂറലി, 2014ൽ ഭര്യയയും കുട്ടികളേയുംകൂട്ടി ബഹറൈനിൽനിന്നുപോയി. സഖ്യസേനയുമായുള്ള യുദ്ധത്തിൽ മൻസൂറലി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു

3 പൊന്മള സ്വദേശി നജീബ്, 2017ൽ ഹിജ്റക്കുപോകുകയാണെന്ന് വീട്ടുകാരെ അറിയിച്ച് യു.എ.ഇയിൽനിന്നും ഇറാൻവഴി പോയി. തുടർന്ന് യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരം ലഭിച്ചു

4 വളാഞ്ചേരി മാവണ്ടിയൂർ സ്വദേശി സുനൈൽ ഫവാസ്, അബൂദാബിയിൽ യോർക്ക് കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ ഭാര്യയേയും നാലുമക്കളേയുംകൂട്ടി അവിടെനിന്നും പോയി. ഫവാസ് മരിച്ചെന്ന് പിന്നീട് വിവരം ലഭിച്ചു.

5 വട്ടംകുളംസ്വദേശി മുഹമ്മദ് മുഹ്സിൻ, 2017ൽ വിനോദയാത്രക്ക് ബംഗളൂരുവിലേക്കെന്ന് ം പറഞ്ഞ് വീട്ടിൽനിന്നും പോയി, പിന്നീട് അമേരിക്കയുടെ ഡ്രോൺ അക്രമത്തിൽ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.

6 തിരൂരങ്ങാടി സ്വദേശി അബ്ദുൽ സലീം, 2018ൽ വിസിറ്റിങ് വിസയിൽ യു.എ.ഇയിലേക്ക് പോയി. തുടർന്ന് ഡ്രോൺ അക്രമത്തിൽപ്പെട്ട് കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.

7 കോട്ടക്കൽ ഒറ്റകത്ത് സിദ്ദീഖ്, 2014 ഖത്തർവഴി ഐ.എസിലേക്കുപോയി. പോകുന്ന സമയത്ത് ഇയാൾക്ക് 32വയസ്സായിരുന്നു.

8 കോട്ടക്കൽ പുതുപ്പറമ്പ് സൈഫുദ്ദീൻ, 2016ൽ സൗദിയിൽനിന്നുംപോയി.

9 വഴിക്കടവ് സ്വദേശി ഷാജഹാൻ. നാട്ടിൽ മതസ്പർദയുണ്ടാക്കിയ ഒരുകേസിലെ പ്രതികൂടിയായിരുന്നു.