ന്യൂഡൽഹി: ബാഡ്മിന്റണിൽ ലോക ഒന്നാംനമ്പർ സ്ഥാനത്തെത്തിയ സൈന നേവാളിന്റെ നേട്ടത്തിന് ഇരട്ടിമധുരം. ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് കിരീടം നേടിയാണ് സൈന തന്റെ മികവ് അരക്കിട്ടുറപ്പിച്ചത്. ഞായറാഴ്ച നടന്ന ഫൈനലിൽ തായലൻഡിന്റെ രാച്‌നോകിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്. സ്‌കോർ: 21-16, 21-14.

മത്സരം 49 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ടൂർണമെന്റ് ഒന്നാം സീഡാണ് സൈന. 2013ലെ ചാമ്പ്യനാണ് ലോക റാങ്കിങ്ങിലെ എട്ടാം സ്ഥാനക്കാരിയായ രത്ചനോക്ക്. ശനിയാഴ്ച നടന്ന ആദ്യ സെമിയിൽ ലോക ഒന്നാം നമ്പർ താരം കരോളിന മാരിൻസ് പരാജയപ്പെട്ടതോടെയാണ് രണ്ടാം സ്ഥാനക്കാരിയായിരുന്ന സൈന ഒന്നാം നമ്പറിലേക്ക് ഉയർന്നത്. വനിതാ ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യൻ താരമാണ് സൈന.

വനിതാ ഡബിൾസിൽ മിസാക്കി മത്‌സുതോമോ-അയാക തകാഹാഷി സഖ്യവും മിക്‌സഡ് ഡബിൾസിൽ ലിയു -ചെങ്ബാവോ യിസിൻ സഖ്യവും പുരുഷ ഡബിൾസിൽ ചൈനയുടെ ചായി ബിയാവോ-ഹോങ് വെയ് സഖ്യവും ജേതാക്കളായി.