ബർമിങ്ഹാം: സൈന നേവാൾ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിലെ കിരീടമുയർത്തുന്നത് ആഘോഷിക്കാൻ കാത്തിരുന്ന ഇന്ത്യൻ ആരാധകർക്ക് നിരാശ. ഫൈനലിൽ സ്‌പെയിനിന്റെ ലോകചാമ്പ്യൻ കരോലിന മരിനോടാണ് സൈന പരാജയപ്പെട്ടു. ആദ്യ സെറ്റ് 21-16ന് സ്വന്തമാക്കിയ ശേഷം രണ്ട് സെറ്റുകൾ തുടർച്ചയായി കൈവിട്ടായിരുന്നു സൈനയുടെ പരാജയം. രണ്ടു സെറ്റുകൾ 21-14, 21-7, എന്ന സ്‌കോറിന് കരോലിന സ്വന്തമാക്കിയതോടെ സൈനയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.

ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിതാ താരം ബാഡ്മിന്റനിലെ വിംബിൾഡനായി അറിയപ്പെടുന്ന ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയത്. 2010ലും 2013ലും സൈന സെമിയിൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ഫൈനൽ വരെ എത്താൻ സൈനയ്ക്ക് സാധിച്ചു. കരോലിനയോട് ഇതുവരെ കളിച്ച മൂന്നു മൽസരങ്ങളിലും സൈനയ്്ക്കായിരുന്നു വിജയം. കഴിഞ്ഞ മാസം ഇന്ത്യ ഓപ്പണിൽ മരിനെ തോൽപിച്ചാണ് സൈന കിരീടം നിലനിർത്തിയത്. എന്നാൽ നിർണായകമായ ഇന്ന് വിജയം മരിനൊപ്പമായിരുന്നു. അവസാന രണ്ടു സെറ്റുകളിലും സൈനയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

പുരുഷ സിംഗിൾസിൽ പ്രകാശ് പദുക്കോൺ(1980), പുല്ലേല ഗോപീചന്ദ്(2001) എന്നിവരാണ് മുൻപ് കിരീടം നേടിയ ഇന്ത്യക്കാർ.