തിരുവനന്തപുരം: ഈ ദേശീയ ഗെയിംസിന്റെ താരം ആരെന്ന് ചോദിച്ചാൽ മലയാളികൾക്ക് അഭിമാനത്തോടെ പറയാം അത് സജൻ പ്രകാശാണെന്ന്. ദേശീയ ഗെയിംസ് നീന്തൽകുളത്തിലെ കേരളത്തിന്റെ സ്വർണ്ണ മത്സ്യം തന്നെയാണ് സജൻ പ്രകാശ്. ഗെയിംസിലെ തന്റെ ആറാം സ്വർണ്ണവും സജന്റെ പീരപ്പൻകോട്ടെ നീന്തൽകുളത്തിൽ നിന്നും മുങ്ങിയെടുത്തു. 400 മീറ്റർ ഫ്രീസ്‌റ്റൈലിലാണ് സജൻ പ്രകാശ് റെക്കോർഡോടെ സ്വർണം നേടിയത്. കേരളത്തിന്റെ എ.എസ് ആനന്ദിന് ഇതേ ഇനത്തിൽ വെങ്കലം ലഭിച്ചു.

കടുത്ത മത്സരത്തിന് ഒടുവിലാണ് സജൻ 400 മീറ്ററിൽ സ്വർണം നേടിയത്. സജന് ഇനി ഒരു മൽസരം കൂടി ബാക്കിയുണ്ട്. നേരത്തെ പുരുഷന്മാരുടെ 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ പുതിയ ഗെയിംസ് റെക്കോർഡോടെയാണ് സജൻ പ്രകാശ് തന്റെ അഞ്ചാം സ്വർണം നേടിയത്. 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 100 മീറ്റർ ബട്ടർഫൈ്‌ള സ്‌ട്രോക്ക്, 1,500 മീറ്റർ ഫ്രീ സ്‌റ്റൈൽ, 4-100 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിലും സജൻ സ്വർണം നേടി. ഇതിനു പുറമെ രണ്ടു വെള്ളിമെഡലുകളും സജൻ നേടിയിട്ടുണ്ട്.

പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫൈള സ്‌ട്രോക്കിൽ കേരളത്തിന്റെ മുൻ രാജ്യാന്തരതാരം കെ. സുരേഷ്‌കുമാറിന്റെ റെക്കോർഡ് തകർത്താണ് സജൻ സ്വർണം നേടിയത്. 1997ൽ ബെംഗളൂരുവിൽ നടന്ന ദേശീയ ഗെയിംസിൽ സുരേഷ്‌കുമാർ സ്ഥാപിച്ച റെക്കോർഡാണ് സജൻ മറികടന്നത്.

കേരളത്തിന്റെ പതിനാലാം സ്വർണ്ണമാണ് ഇന്ന് സജൻ നേടിയത്. മെഡൽപട്ടികയൽ നാലാം സ്ഥാനത്താണ് ഇപ്പോൾ കേരളം. സർവീസസ് തന്നെയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. 36 സ്വർണ്ണമെഡലാണ് സർവീസസ് നേടിയത്.