കൊച്ചി: കാക്കനാട് ഇടച്ചിറ ഘണ്ടാകർണ ക്ഷേത്രത്തിന് സമീപത്തെ ഓക്‌സ്ഓനിയ ഫ്‌ളാറ്റിലെ 16-ാം നിലയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തി കോൺക്രീറ്റ് ദ്വാരത്തിനുള്ളിൽ (പൈപ്പ് ഡക്ട്) തള്ളിയ നിലയിൽ കണ്ടെത്തുമ്പോൾ ചർച്ചയാകുന്നത് ഫ്‌ളാറ്റുകളിലെ അടിപൊളി ജീവിതങ്ങൾ. മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. ഒന്നിലേറെ പേർ ചേർന്ന് നടന്ന ലഹരി പാർട്ടിയാണോ പ്രശ്‌നമായതെന്നും സംശയമുണ്ട്.

മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ.സജീവ് കൃഷ്ണൻ (23) ആണ് മരിച്ചത്. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സുഹൃത്ത് കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കൈകാലുകൾ പ്‌ളാസ്റ്റിക് കവറുകൾകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഫ്‌ളാറ്റുകളിൽ വാട്ടർ, വേസ്റ്റ് പൈപ്പുകൾ താഴേക്ക് എത്തിക്കുന്ന, ചുമരിനോട് ചേർന്നുള്ള കോൺക്രീറ്റ് ദ്വാരത്തിലാണ് അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു കഴിയാതെ വന്നതോടെ ഫ്‌ളാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്. ഒപ്പം താമസിച്ചിരുന്ന യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇൻഫോപാർക്കിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു മരിച്ച സജീവ്. അമ്മ: ജിഷ. സഹോദരൻ: രാജീവ്. അർഷാദിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതിയെന്ന് സംശയിക്കുന്ന കാണാതായ അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് ഇന്നലെ വൈകിട്ടെന്ന് പൊലീസ് പറയുന്നു. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അർഷാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയിൽ ആണെന്നും എഫ് ഐ ആറിൽ പറയുന്നു

മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് സജീവ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു സുഹൃത്താണ് അർഷാദ്. ഇയാൾ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം ടൂറിനും മറ്റൊരാൾ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടർന്നാണ് അർഷാദ് ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലർച്ചെ ടൂർ പോയവർ മടങ്ങിയെത്തിയെങ്കിലും ഫ്‌ളാറ്റ് അടഞ്ഞ നിലയിലായിരുന്നു.

സമീപത്ത് റൂമെടുത്ത് താമസിച്ച ഇവർ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയിൽതന്നെയായിരുന്നു. സജീവനെ ഫോണിലും കിട്ടിയില്ല. തുടർന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചു. കിടപ്പുമുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോൺക്രീറ്റ് ദ്വാരത്തിലെ ഇരുമ്പുവാതിൽ തുറന്ന് മൃതദേഹം തള്ളിയശേഷം അതുപോലെ അടച്ച നിലയിലായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.

ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. സജീവിനൊപ്പം താമസിച്ചിരുന്നവരേയും തൊട്ടുമുകളിലെ നിലയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജീവ്. ഒരു ജൂവലറിയിലെ ജീവനക്കാരനായിരുന്ന അർഷാദിനെ അവിടെ നിന്ന് പുറത്താക്കിയിരുന്നതായി പറയപ്പെടുന്നു. ഇയാളെ പിടികൂടിയാലേ കൊലപാതകകാരണം അറിയാനാകൂ.

കാണാതായ അർഷാദിന്റെ കൈയിലാണ് കൊല്ലപ്പെട്ട യുവാവിന്റെ ഫോൺ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്. കൃത്യം നടത്തിയയാൾ ഫോൺ കൈക്കലാക്കി മറ്റുള്ളവർക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. അതേസമയം അർഷാദിന്റെ ഫോൺ സ്വിച്ച്ഓഫാണ്. മറ്റുള്ളവർ സ്ഥലത്തില്ലാത്ത സമയത്ത് ഇവരുടെ വേറൊരു സുഹൃത്തായ അർഷാദ് ഇങ്ങോട്ട് താമസം മാറ്റിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ബെഡ്ഷീറ്റിലും തുണിയിലും പൊതിഞ്ഞ് അനാവശ്യ സാധനങ്ങൾ താഴേക്കിടുന്ന വലിയ പൈപ്പിനുള്ളിലേക്ക് മറിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.

ഫ്ളാറ്റിൽ നിന്ന് സ്ഥിരമായി മദ്യപാനവും മറ്റും നടക്കുന്നതിനാൽ ഇവരോട് റൂം മാറാൻ ആവശ്യപ്പെട്ടിരുന്നതായി ഫ്ളാറ്റ് ഉടമ പറഞ്ഞു. കോട്ടയം സ്വദേശി ജിജി ഈപ്പന്റെ പേരിലുള്ളതാണ് ഫ്ളാറ്റ്. റൂമിൽ നിന്ന് കഞ്ചാവും കണ്ടെടുത്തതോടെ ലഹരിയും കൊലയ്ക്ക് കാരണമായെന്ന വിലയിരുത്തൽ സജീവമാണ്. പയ്യോളി സ്വദേശിയാണ് അർഷാദ്.