കാക്കനാട്: സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരൻ. കുറച്ചു ദിവസം നിങ്ങൾക്കൊപ്പം ഇവനെ താമസിപ്പിക്കണം. ഇവൻ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല. കാക്കനാട് ഇൻഫോപാർക്കിനു സമീപത്തെ ഒക്‌സോണിയ 20-ാം നിലയിലെ മറ്റൊരു ഫ്‌ളാറ്റിൽ കുടുംബവുമായി താമസിക്കുന്ന ആദിഷ് ആണ് അർഷാദിനെ യുവാക്കൾക്ക് പരിചയപ്പെടുത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള മോഷണ കേസ് പ്രതിയെയാണ് ഇങ്ങനെ പരിചയപ്പെടുത്തിയത്. കൊണ്ടോട്ടിയിലെ സ്വർണ്ണക്കട മോഷണ കേസിലെ പ്രതി അങ്ങനെ ഒക്‌സോണിയ ഫ്‌ളാറ്റിലെ താമസക്കാരനായി. നേരത്തേ പദ്ധതിയിട്ട പ്രകാരമാണോ അർഷാദ് ഇവിടെ വന്നു താമസം തുടങ്ങിയത് എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതേ ഫ്‌ളാറ്റിലെ 16-ാം നിലയിലെ താമസക്കാരായിരുന്ന യുവാക്കൾ സുഹൃത്ത് ആദിഷിന്റെ വാക്ക് വിശ്വസിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അർഷാദ് രണ്ടാഴ്ച മുൻപാണ് സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയത്. സജീവിനെ കൂടാതെ 16-ാം നിലയിലെ ഫ്‌ളാറ്റിൽ അംജിത്, ഷിബിൽ, അൻഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. നാലുപേരുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ അർഷാദ് ചങ്ങാത്തത്തിലായി. പുറമെ നിന്ന് ഒരാൾ താമസിക്കാൻ വന്നത് ഫ്‌ളാറ്റ് അധികൃതർ ചോദ്യം ചെയ്തിരുന്നു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങിപ്പോകുമെന്നു പറഞ്ഞ് യുവാക്കൾ പ്രശ്‌നം തണുപ്പിച്ചു. അർഷാദ് രണ്ടുമാസം മുൻപ് വീടുവിട്ടു പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. പത്തുദിവസം മുൻപ് അർഷാദ് ഭാര്യക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാൻ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അർഷാദ് തിരിച്ചെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൃത്യം നടത്താൻ കാരണമായത് ലഹരി - സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് ചെയ്യുന്ന സമയത്ത് അർഷാദിൽ നിന്ന് എം.ഡി.എം.എ, ഒരു കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹെറോയി?ൻ തുടങ്ങിയവ പിടികൂടിയിരുന്നു. ഈ സമയം സുഹൃത്തായ അശ്വന്തും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. ലഹരി മരുന്ന് കൈവശം വച്ച കേസിൽ അർഷാദിനെയും അശ്വന്തിനെയും ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും. തുടർന്ന് കോടതിയുടെ അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിനായി അർഷാദിനെ എറണാകുളത്തെത്തിക്കുക. നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം അംജതിന്റെ ബൈക്കിലാണ് അർഷാദ് ഒളിവിൽ പോയത്.

ഫ്‌ളാറ്റിന്റ ഇരുപതാം നിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു അർഷാദ്. കൊല്ലപ്പെട്ട സജീവിനൊപ്പം താമസിച്ചിരുന്ന അംജാദും അർഷാദിന്റെ സുഹൃത്താണ്. അംജാദ് വഴിയാണ് സജീവ് ഉൾപ്പെടെയുള്ളവരെ അർഷാദ് പരിചയപ്പെട്ടത്. കൊല നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്‌ളാറ്റിൽ.ടൂറിലായിരുന്ന മറ്റ് മൂന്നുപേർ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് സജീവ് ഫോൺ എടുത്തില്ല. പകരം സജീവിന്റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതകം പുറത്തായതോടെ ഫോൺ സ്വിച്ച് ഓഫ് ആക്കി. അർഷാദിനെതിരെ കൊണ്ടോട്ടിയിൽ മോഷണക്കേസുള്ളതായും പൊലീസ് കണ്ടെത്തി.

പൊലീസിന്റെ സമയോചിത ഇടപെടലിലാണ് ഇൻഫോപാർക്കിനടുത്തെ ഫ്‌ളാറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത്. സജീവ് കൃഷ്ണയുടെ ഫോൺ ഉപയോഗിച്ച് അന്വേഷണത്തെ വഴി തെറ്റിക്കാൻ വരെ പ്രതി അർഷാദ് ശ്രമിച്ചെങ്കിലും പൊലീസ് അതിൽ വീണില്ല. അർഷാദിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു. ഫ്‌ളാറ്റിനുള്ളിൽ നടത്തിയ ലഹരി കൈമാറ്റത്തിന്റെ ചുരുൾ അഴിക്കുകയെന്നതാണ് പൊലീസിന് മുന്നിലെ അടുത്ത വെല്ലുവിളി.

അർഷാദാണ് പ്രതിയെന്ന് ഏകദേശ സൂചനയിൽ ഇൻഫോപാർക്ക് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഫ്‌ളാറ്റിന്റെ സമീപത്ത് സിസിടിവി ഇല്ലാതിരുന്നത് തിരിച്ചടിയായി. എങ്കിലും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തിൽ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ നിർണ്ണായക വിവരം കിട്ടി. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് അർഷാദ് കൈവശം വെച്ചിരുന്ന സജീവ് കൃഷ്ണയുടെ ഫോൺ ഏറ്റവും ഒടുവിൽ ആക്ടിവായി കണ്ടത്.

അർഷാദ് കോഴിക്കോട് പയ്യോളി സ്വദേശിയാണെന്ന പശ്ചാത്തലം കൂടി കണക്കിലെടുത്ത് വടക്കൻ കേരളത്തിലേക്കാണ് ഇയാൾ കടന്നതെന്ന ആദ്യഘട്ട വിലയിരുത്തൽ കൃത്യമായി. പ്രതിക്കായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പൊലീസ് വല വിരിച്ചു. പയ്യോളിയിലും കോഴിക്കോടും തെരച്ചിൽ നടത്തി. കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയാണ് അർഷാദെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു.

പൊലീസ് അന്വേഷണം തുടങ്ങിയെന്ന സൂചന വന്നതോടെ അർഷാദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി. എങ്കിലും ടവർ ലൊക്കേഷനുകൾ പൊലീസ് വിടാതെ പിന്തുടർന്നു. ഒടുവിൽ കാസർകോട് ഭാഗത്തേക്ക് ദേശീയപാതയിലൂടെ പ്രതി സഞ്ചരിക്കുന്നുവെന്ന വിവരം പൊലീസിന് കിട്ടി. തുടർന്ന് കാസർകോട് പൊലീസിന് വിവരം കൈമാറി. മഞ്ചേശ്വരം സ്റ്റേഷനിൽ കാസർകോട് പൊലീസെത്തി കാത്തിരുന്നു. കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പൊലീസ് പിടികൂടിയത്. കൊച്ചിയിലെ സുഹൃത്തിന്റെ ബൈക്കുമായി എത്തിയ അർഷാദിനൊപ്പം അശ്വന്ത് കോഴിക്കോട് നിന്നാണ് ചേർന്നത്.

സജീവ് കൃഷ്ണയെ കായികമായി കീഴ്‌പ്പെടുത്തി ക്രൂരമായി ആക്രമിച്ച് മൃതദേഹം ഒളിപ്പിച്ചതിൽ മറ്റാരുടെ എങ്കിലും സഹായം അർഷാദിന് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.