- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജീവിന്റെ മൃതദേഹം ഡക്ടിൽ തൂക്കിയിട്ട നിലയിൽ; ഇത് ഒറ്റയ്ക്ക് ചെയ്യാനാകില്ല; അർഷാദിന് മറ്റാരുടേയോ സഹായം ലഭിച്ചതായി സംശയമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; സജീവിന്റെ കൊലപാതകത്തിലെ മൂന്നാമന്റെ സാന്നിധ്യത്തിൽ തേടിയും അന്വേഷണം
കൊച്ചി: കാക്കനാട് ഫ്‌ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച കേസിൽ മൂന്നാമന്റെ സാന്നിധ്യവും പരിശോധിക്കാൻ പൊലീസ്. കൊലപാതകത്തിന് മറ്റാരുടേയോ സഹായം ലഭിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. സജീവിന്റെ മൃതദേഹം ഫ്‌ളാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ പ്രതി അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നതായും കമ്മീഷണർ വിശദീകരിച്ചു.
കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഡിൽ പൊതിഞ്ഞ് ഡക്ടിലൂടെ താഴേക്ക് ഇറക്കിവിടാൻ ശ്രമിച്ചിരുന്നു. ഇത് കുരുങ്ങിക്കിടക്കുകയായിരുന്നു. ഇത്തരത്തിൽ മൃതദേഹം ബെഡ്ഡിൽ പൊതിങ്ങ് താഴേക്ക് പോകുന്ന രീതിയിൽ കുത്തി നിർത്തുന്നതിന് ഒരാൾക്ക് ഒറ്റയ്ക്ക് മാത്രം കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂ. ഇതുസംബന്ധിച്ച് നാളെയോടെ വ്യക്തത ലഭിക്കുമെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.
കൊല്ലപ്പെട്ട സജീവും പ്രതിയായ അർഷാദും ലഹരിക്ക് അടിമകളായിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന്റെ കാരണമെന്നും കമ്മിഷണർ വ്യക്തമാക്കി. കൊലപാതകം നടന്ന ഫ്‌ളാറ്റിൽ സിസിടിവി ഉണ്ടായില്ല. അതിനാൽ ഫ്‌ളാറ്റിൽ മറ്റാരെങ്കിലുമെത്തിയിരുന്നോ എന്നത് കണ്ടെത്താൻ മറ്റ് മാർഗങ്ങൾ വേണ്ടി വരുമെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
അതേ സമയം പ്രതി അർഷാദിനെ കൊച്ചിയിൽ എത്തിക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന. ലഹരി മരുന്ന് കേസിൽ കാസർകോട് കോടതിയിലെ നടപടി പൂർത്തിയാകത്തതാണ് പ്രതിയെ കൊച്ചിയിലെത്തിക്കുന്നത് വൈകാൻ കാരണം. പ്രതിയെ കോടതിയിൽ ഹാജരാക്കാത്തതിനാൽ കൊച്ചി പൊലീസിന് പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ നൽകാൻ ആയിട്ടില്ല. കേസിലെ പ്രതി അർഷാദിനെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളിൽ നിന്ന് ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. പിടികൂടുമ്പോൾ ലഹരിമരുന്ന് ഉപയോഗിച്ചതിനാൽ അർഷാദ് അവശനിലയിലായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.
നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം അംജതിന്റെ ബൈക്കിലാണ് അർഷാദ് ഒളിവിൽ പോയത്. ഫ്ളാറ്റിന്റ ഇരുപതാം നിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു അർഷാദ്. കൊല്ലപ്പെട്ട സജീവിനൊപ്പം താമസിച്ചിരുന്ന അംജാദും അർഷാദിന്റെ സുഹൃത്താണ്. അംജാദ് വഴിയാണ് സജീവ് ഉൾപ്പെടെയുള്ളവരെ അർഷാദ് പരിചയപ്പെട്ടത്. കൊല നടക്കുമ്പോൾ സജീവും അർഷാദും മാത്രമായിരുന്നു ഫ്ളാറ്റിൽ.ടൂറിലായിരുന്ന മറ്റ് മൂന്നുപേർ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് സജീവ് ഫോൺ എടുത്തില്ല. പകരം സജീവിന്റെ ഫോണിൽ നിന്ന് മേസേജുകൾ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതകം പുറത്തായതോടെ ഫോൺ സ്വിച്ച് ഓഫ് ആക്കി. അർഷാദിനെതിരെ കൊണ്ടോട്ടിയിൽ മോഷണക്കേസുള്ളതായും പൊലീസ് കണ്ടെത്തി.
പൊലീസിന്റെ സമയോചിത ഇടപെടലിലാണ് ഇൻഫോപാർക്കിനടുത്തെ ഫ്ളാറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത്. സജീവ് കൃഷ്ണയുടെ ഫോൺ ഉപയോഗിച്ച് അന്വേഷണത്തെ വഴി തെറ്റിക്കാൻ വരെ പ്രതി അർഷാദ് ശ്രമിച്ചെങ്കിലും പൊലീസ് അതിൽ വീണില്ല. അർഷാദിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു. ഫ്ളാറ്റിനുള്ളിൽ നടത്തിയ ലഹരി കൈമാറ്റത്തിന്റെ ചുരുൾ അഴിക്കുകയെന്നതാണ് പൊലീസിന് മുന്നിലെ അടുത്ത വെല്ലുവിളി.
അർഷാദാണ് പ്രതിയെന്ന് ഏകദേശ സൂചനയിൽ ഇൻഫോപാർക്ക് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഫ്ളാറ്റിന്റെ സമീപത്ത് സിസിടിവി ഇല്ലാതിരുന്നത് തിരിച്ചടിയായി. എങ്കിലും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തിൽ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ നിർണ്ണായക വിവരം കിട്ടി. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് അർഷാദ് കൈവശം വെച്ചിരുന്ന സജീവ് കൃഷ്ണയുടെ ഫോൺ ഏറ്റവും ഒടുവിൽ ആക്ടിവായി കണ്ടത്.
അർഷാദ് കോഴിക്കോട് പയ്യോളി സ്വദേശിയാണെന്ന പശ്ചാത്തലം കൂടി കണക്കിലെടുത്ത് വടക്കൻ കേരളത്തിലേക്കാണ് ഇയാൾ കടന്നതെന്ന ആദ്യഘട്ട വിലയിരുത്തൽ കൃത്യമായി. പ്രതിക്കായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പൊലീസ് വല വിരിച്ചു. പയ്യോളിയിലും കോഴിക്കോടും തെരച്ചിൽ നടത്തി. കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയാണ് അർഷാദെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു.
പൊലീസ് അന്വേഷണം തുടങ്ങിയെന്ന സൂചന വന്നതോടെ അർഷാദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി. എങ്കിലും ടവർ ലൊക്കേഷനുകൾ പൊലീസ് വിടാതെ പിന്തുടർന്നു. ഒടുവിൽ കാസർകോട് ഭാഗത്തേക്ക് ദേശീയപാതയിലൂടെ പ്രതി സഞ്ചരിക്കുന്നുവെന്ന വിവരം പൊലീസിന് കിട്ടി. തുടർന്ന് കാസർകോട് പൊലീസിന് വിവരം കൈമാറി. മഞ്ചേശ്വരം സ്റ്റേഷനിൽ കാസർകോട് പൊലീസെത്തി കാത്തിരുന്നു. കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പൊലീസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ