- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്തെ വീരജവാന്റെ മരണം സർക്കാർ സ്ഥിരീകരിച്ചതു മൂന്നാം ദിവസം; വിവരം തിരക്കാൻ പോലും സർക്കാർ മിനക്കെട്ടില്ല; ഒടുവിൽ അറിയിപ്പ്, മൃതദേഹം ഇന്നെത്തുമെന്ന്
ആലപ്പുഴ : സർക്കാർ അനാസ്ഥ വീരമൃത്യുവരിച്ച ജവാനോടും. രാജ്യത്തിനുവേണ്ടി ശത്രുപക്ഷത്തോടു പോരാടി മരിച്ച മലയാളി ധീരജവാനെ തിരിച്ചറിയാൻ സർക്കാരിനു മൂന്നു ദിവസം വേണ്ടിവന്നു. കായംകുളംകാരനായ ജവാന്റെ മരണം സംബന്ധിച്ചു സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരറിയിപ്പുമുണ്ടായില്ല. വാർത്ത സത്യമാണോയെന്നറിയാനും ഒരു ഭാഗത്തുനിന്നും സഹായം ലഭിച്ചില്ല. ഒരു
ആലപ്പുഴ : സർക്കാർ അനാസ്ഥ വീരമൃത്യുവരിച്ച ജവാനോടും. രാജ്യത്തിനുവേണ്ടി ശത്രുപക്ഷത്തോടു പോരാടി മരിച്ച മലയാളി ധീരജവാനെ തിരിച്ചറിയാൻ സർക്കാരിനു മൂന്നു ദിവസം വേണ്ടിവന്നു. കായംകുളംകാരനായ ജവാന്റെ മരണം സംബന്ധിച്ചു സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരറിയിപ്പുമുണ്ടായില്ല. വാർത്ത സത്യമാണോയെന്നറിയാനും ഒരു ഭാഗത്തുനിന്നും സഹായം ലഭിച്ചില്ല.
ഒരുനാടിന്റെ അഭിമാനമായിരുന്ന ജവാൻ മരിച്ച വിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ കുടുംബവും ഒരുനാടും ഒരുപോലെ ദുഃഖത്തിലാണ്ടിട്ടും ജവാൻ ഏതെന്നു തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങളെ അറിയിക്കാൻ സർക്കാരിന് നാളുകൾ വേണ്ടിവന്നു. കായംകുളം കരീലകുളങ്ങര കപ്പകശേരിയിൽ സുകുമാരൻ നായരുടെ മകൻ സജീവൻ (38) ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സജീവനും സംഘവും സഞ്ചരിച്ചിരുന്ന ട്രക്ക് ഒളിപ്പോരാളികൾ ബോംബ് വച്ചു തകർക്കുകയായിരുന്നു.
നാഗാലാൻഡിലെ മോൺ ജില്ലയിലെ കുഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. സജീവനൊപ്പം രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള ഏഴു ജവാന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റു പട്ടാളക്കാരുടെ മരണവിവരം അവരവരുടെ കുടുംബങ്ങളിൽ അറിയിക്കാനും കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാനും അതതു സർക്കാരുകൾ മുൻപന്തിയിലുണ്ടായിരുന്നു. അവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യാൻ ആ സർക്കാരുകൾ കാട്ടിയ ചൂടോ ശുഷ്‌ക്കാന്തിയോ കേരള സർക്കാരിനില്ലായിരുന്നുവെന്നുവേണം പറയാൻ.
മരണവിവരം സജീവനൊപ്പം ജോലിചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശി ബിനുമോനാണ് നാട്ടിലറിയിച്ചത്. ഇതോടെ ശോകമൂകമായ ഗ്രാമം സജീവന്റെ വേർപാടുമായി പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ കേട്ട വിവരം സത്യമാണോയെന്നറിയാൻ സർക്കാരിൽനിന്നും ഔദ്യോഗിക അറിയിപ്പിനായി കാത്തിരുന്ന കുടുംബത്തിനും നാട്ടുകാർക്കും നിരാശപ്പെടേണ്ടിവന്നു. സുഹൃത്ത് നാട്ടിലറിയിച്ച വിവരം സ്ഥിരീകരിക്കാൻ സർക്കാരോ ജില്ലാഭരണകൂടമോ തയ്യാറായില്ല. മരണവാർത്ത പരന്നതോടെ മാദ്ധ്യമ പ്രവർത്തകരടക്കമുള്ള വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ലായിരുന്നു.
ഇതിനിടെ രാത്രി വൈകി ജില്ലാ കളക്ടർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ മാദ്ധ്യമ പ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സജീവന്റെ മരണം സ്ഥിരീകരിക്കാൻ ജില്ലാ ഭരണകൂടത്തിനൊട്ടു കഴിഞ്ഞുമില്ല. രാജ്യത്തിനുവേണ്ടിപോരാടാൻ ചങ്കുറപ്പു കാട്ടിയ ഒരു പട്ടാള കുടുംബത്തോടാണ് സർക്കാർ ഈ അനാസ്ഥ കാട്ടിയത്. സജീവന്റെ അച്ഛൻ സുകുമാരൻ നായർ റിട്ട. പട്ടാളക്കാരനാണ്. ഇദ്ദേഹത്തിന്റെ ഇളയമകൻ റെജികുമാർ കാശ്മീരിൽ പട്ടാളത്തിൽ സേവനം ചെയ്യുകയാണ്. ഒടുവിൽ സജീവന്റെ മരണം ഉറപ്പിച്ച് സർക്കാർ ഇന്നലെ രാത്രി എട്ടോടെയാണ് വിവരങ്ങൾ വീട്ടിലെത്തിച്ചത്. ഒന്നുറക്കെ കരയാൻപോലും ഇടംനൽകാതെ സജീവന്റെ മൃതശരീരം ഇന്നു വൈകുന്നേരം ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചേരും. നാളെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
കഴിഞ്ഞ 18 കൊല്ലമായി ആസാം റൈഫിൾസിൽ ഡ്രൈവറായി ജോലി നോക്കുന്ന സജീവൻ കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നു. ക്ഷേത്രത്തിലെ ഉൽസവത്തിനുശേഷം ഇക്കഴിഞ്ഞ 21 നാണ് മടങ്ങിയത്. ഇരുപതോളം സേനാംഗങ്ങളും കുടിവെള്ളവുമായി ക്യാമ്പിലേക്ക് പുറപ്പെട്ട രണ്ടു ട്രക്കുകൾക്കു നേരെയായിരുന്നു ആക്രമണം. കുഴിബോംബ് വിതച്ച് ട്രക്ക് തകർത്ത ശേഷം വെടിവയ്ക്കുകയായിരുന്നു. ഇതിൽ എട്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ വാഹനമോട്ടിച്ചിരുന്ന സജീവനും ജീവൻ ബലിനൽകേണ്ടിവന്നു.
നാഗലാൻഡിലെ മോൻ ജില്ലയിലെ ഷാങ്‌ലാങ് മേഖലയിലാണ് ഇന്നലെ പോരാട്ടം നടന്നത്. ഇവിടെ കഴിഞ്ഞ കുറെ നാളുകളായി സേനയും ഒളിപ്പോരാളികളുമായുള്ള പോരാട്ടം കനത്തിരുന്നു. കനത്ത ജാഗ്രതയിലായിരുന്ന പ്രദേശത്തേക്ക് കുടിവെള്ളവുമായി പോയ സേനയ്ക്കുനേരെ പതിയിരുന്നുള്ള ആക്രമണമാണ് തീവ്രവാദികൾ നടത്തിയത്.