തിരുവനന്തപുരം : ഒരു വർഷം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നാല് സെന്റ് ഭൂമി തരം മാറ്റി ലഭിക്കാത്തതിനെത്തുടർന്ന് മാല്യങ്കര സ്വദേശി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. സജീവന്റേതുൾപ്പെടെ രണ്ടായിരത്തോളം ഫയലുകൾ തീർപ്പാക്കാൻ വൈകിയത് ലാന്റ് റവന്യു കമ്മീഷണറുടെ അവ്യക്തമായ റിപ്പോർട്ടും ഇതിൽ വ്യക്തത വരുത്താനുണ്ടായ കാലതാമസവുമാണെന്ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥന്റെ വിശദീകരണം.

ഈ കാര്യത്തിൽ മറുപടി ലഭ്യമായിട്ടേ ഇനി ഫയലുകളിൽ തീർപ്പാക്കാവൂ എന്ന സബ് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഫയലുകളിൽ നടപടിയെടുക്കാത്തതെന്നുമാണ് ജൂനിയർ സൂപ്രണ്ട് ഷനോജ് കുമാർ സി.ആറിന്റെ ന്യായീകരണം. ഒരുവർഷം കയറിയിറങ്ങിയിട്ടും തീർപ്പാകാത്ത ഫയൽ സജീവൻ ജീവനൊടുക്കിയതോടെ അഞ്ച് ദിവസം കൊണ്ട് തീർപ്പായിരുന്നു. ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിവെച്ച സജീവന്റെ വാക്കുകൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുകയാണ് ഷനോജിന്റെ വെളിപ്പെടുത്തലുകളിലൂടെ.

ഈ വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലാണ് ജൂനിയർ സൂപ്രണ്ടായ ഷനോജ് കുമാർ. പ്രതിവാദ പത്രികയിലാണ് ഷനോജ് കുമാർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തത്.

ഷനോജ് കുമാർ പറഞ്ഞത്:

'18 -2.21 ൽ സജീവൻ സമർപ്പിച്ച അപേക്ഷയിൽ മേൽ 23 - 2 - 21 ന് റിപ്പോർട്ട് ലഭിച്ചു. ഈ കാലയളവിലാണ് 25 സെന്റ് വരെ അധികരിക്കാത്ത ഭൂമിക്ക് തരം മാറ്റം സൗജന്യമായി അനുവദിക്കണം എന്ന ഉത്തരവ് വന്നത്. ഈ ഉത്തരവിൽ ഏത് തീയതി വരെ ഉള്ള അപേക്ഷ പരിഗണിക്കണം , ഉത്തരവ് ഇറങ്ങുന്നതിനുമുമ്പുള്ള അപേക്ഷ പരിഗണിക്കാമോ എന്നുള്ള വ്യക്തത ഇല്ലാത്തതിനാൽ സ്പഷ്ടികരണം നൽകുന്നത് സംബന്ധിച്ച് ലാന്റ് റവന്യു കമ്മീഷണർക്ക് കത്ത് അയച്ചിട്ടുള്ളതിനാൽ ആയതിന് മറുപടി ലഭിക്കാതെ ഫയലുകളിൽ നടപടി സ്വികരിക്കേണ്ട എന്ന് സബ് കളക്ടർ 27 - 2 - 21 ന് സോഷ്യൽ മീഡിയ ഔദ്യോഗിക ഫേസ് ബുക്കിൽ നിർദ്ദേശം നൽകി.

അതിനുശേഷം ഒരു ദിവസം 200 ന് മേൽ തരം മാറ്റം അപേക്ഷകൾ ഓഫിസിൽ ലഭിച്ചു. ഈ കാലയളവിൽ 8048 അപേക്ഷകളാണ് ലഭിച്ചത്. ഇത് കൈകാര്യം ചെയ്യാൻ കെ 4 സെക്ഷനിൽ ഒരു ക്ലർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഭൂമി തരം മാറ്റ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തത ഇല്ലാത്തത് മൂലമാണ് സജീവന്റെ ഫയലിൽ കാലതാമസം വന്നത്. മനഃപൂർവ്വം ഫയലിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മാപ്പാക്കി സർവിസിൽ തിരികെ പ്രവേശിപ്പിക്കണം ' . സബ് കളക്ടർ പറഞ്ഞതനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജൂനിയർ സൂപ്രണ്ടിന്റെ പ്രതിവാദ പത്രികയിൽ സൂചിപ്പിച്ചിരിക്കുന്നത്.

സജീവന്റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തതയില്ലാത്ത സർക്കാർ ഉത്തരവ് ഇറക്കിയ സർക്കാർ കേന്ദ്രങ്ങളെന്ന് വ്യക്തം. സർക്കാർ ഷനോജ് കുമാറിന്റെ വാദം തള്ളി. ഒരു ഔപചാരിക അന്വേഷണം നടത്തി ആയതിന്റെ അടിസ്ഥാനത്തിൽ മാത്രം സർവിസിൽ പുനഃ പ്രവേശിപ്പിച്ചാൽ മാത്രം മതിയെന്നാണ് സർക്കാർ തീരുമാനം.

താഴ്ന്ന വിഭാഗം ജീവനക്കാരെ മാത്രം കുറ്റാരോപിതരാക്കി മുതിർന്ന ഉദ്യോഗസ്ഥരെ രക്ഷപെടാൻ അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന ആക്ഷേപമാണുയരുന്നത്. വ്യക്തത ഇല്ലാത്ത ഉത്തരവ് ഇറക്കിയ റവന്യൂ മന്ത്രിയും വ്യക്തത വരുത്താൻ കാലം താമസം വരുത്തിയ ലാന്റ് റവന്യു കമ്മീഷണറും വ്യക്തത വരുത്തിയതിനു ശേഷം ഫയൽ പ്രോസസ് ചെയ്താൽ മതിയെന്ന് പറഞ്ഞ സബ് കളക്ടറും ആണ് സജീവന്റെ ആത്മഹത്യയിലെ യത്ഥാർത്ഥ പ്രതികളെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.