തിരുവനന്തപുരം: സുപ്രീംകോടതി വിധിയോടെ സാലറി ചലഞ്ചിന്റെ കാര്യത്തിൽ തിരിച്ചടി നേരിട്ട പിണറായി സർക്കാറിന് ലക്ഷ്യമിട്ട തുക ഇതുവഴി സമാഹരിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 2000 കോടി രൂപ സമാഹരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ ഇതിൽ അഞ്ഞൂറ് കോടി രൂപയുടെ എങ്കിലും കുറവുണ്ടാകുമെന്നത് ഉറപ്പാണ്. ഇതോടെ 1500 കോടി മാത്രമേ പത്ത് മാസത്തിനിടെയിൽ സർക്കാറിന് ലഭിക്കുകയുള്ളൂ.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒരുമാസത്തെ ശമ്പളം നൽകാനാണ് സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. ഇതിന് തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ വിവാദമായതോടെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായത്. സംഭാവന നൽകാനാവാത്ത ജീവനക്കാരെ അപമാനിക്കാനും അവർക്കെതിരേ നടപടിയെടുക്കാനും വിസമ്മതപത്രം ഭരണാനുകൂലസംഘടനകൾ ആയുധമാക്കുമെന്നും ആരോപണമുയർന്നു. പ്രതികാര നടപടികളിലേക്കും ചിലർ കടന്നു.

പത്തുമാസ ഗഡുക്കളായാണ് സാലറി ചലഞ്ച്. ഇപ്പോഴത്തെ നിലയിൽ പത്തുമാസംകൊണ്ട് രണ്ടായിരം കോടി രൂപ കിട്ടണം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ സമ്മതപത്രം നൽകാൻ വിസമ്മതിച്ച് ഇതിൽനിന്ന് കുറെ ജീവനക്കാർ പിന്മാറിയാലും ഏറ്റവും കുറഞ്ഞത് 1500 കോടിരൂപ സർക്കാരിന് കിട്ടുമെന്നുറപ്പ്. ആഗോള ഏജൻസികളിൽനിന്നുള്ള വായ്പയല്ലാതെ ഇത്രയും തുക ഒരുമിച്ച് സമാഹരിക്കാൻ സർക്കാരിന് വേറെ മാർഗങ്ങളില്ല. ലോകബാങ്ക് കേരളത്തിന് വാഗ്ദാനം നൽകിയ വായ്പ 3600 കോടി രൂപയാണ്. പ്രളയശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെയെത്തിയത് 1874 കോടി രൂപയും.

അതേസമയം സുപ്രീംകോടതി വിധിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധമല്ലെന്നു പറയാൻ ജീവനക്കാർക്കു ചമ്മലുണ്ടാകും' എന്ന പറഞ്ഞ തോമസ് ഐസക്ക് തന്നെ കോടതി വിധിയിൽ ചമ്മിയ അവസ്ഥ ഉണ്ടായി. സാലറി ചാലഞ്ച് ഫലത്തിൽ സാലറി റിവഞ്ചായി മാറിയതു വഴി ജീവനക്കാരെ സർക്കാർ രണ്ടു തട്ടിലാക്കിയെന്ന 'നേട്ടം' മാത്രം ബാക്കി. ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ സുപ്രീം കോടതിയിൽ അപ്പീലിനു പോയതു വഴിയുള്ള ലക്ഷങ്ങളുടെ അധികച്ചെലവ് ജനങ്ങളുടെ തലയിലും. സർക്കാർ ജീവനക്കാരിൽ 60% പേരാണു സാലറി ചാലഞ്ചിൽ പങ്കെടുത്തത്.

ഭീഷണി വിലപ്പോകാത്ത എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലും ഭരണപക്ഷ നേതാക്കൾ പോലും ചാലഞ്ചിൽ നിന്നു വിട്ടുനിന്നു, ഭീഷണി കൊണ്ടു മാത്രമാണു ബാക്കിയുള്ളവരുടെ ശമ്പളം പിടിച്ചു വാങ്ങിയത് എന്നതിനു തെളിവാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചടി സമ്മതിച്ചു കൊണ്ട് തന്നെ സമവായത്തോടെ എയ്ഡഡ് സ്ൂകൂൾ, കോളേജ് ജീവനക്കാരോടും സാലറി ചലഞ്ചിൽ പങ്കാളികളാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

അതേസമയം സംസ്ഥാന ഫണ്ടിന്റെ അപര്യാപ്തത സർക്കാറിനെ പുനർനിർമ്മാണ കാര്യത്തിൽ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വിദേശ സഹായത്തിനു പിന്നാലെ സാലറി ചലഞ്ചിലും തിരിച്ചടിയായതോടെ കേന്ദ്രസർക്കാറിൽ നിന്നും പണം നേരിട്ടു സ്വരൂപിക്കാനാണ് നീക്കം. മഹാപ്രളയം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും ലക്ഷ്യമിട്ടതിന്റെ പത്തിലൊന്ന് തുക പോലും സമാഹരിക്കാൻ സർക്കാരിനായിട്ടില്ല. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ കണക്കുകൂട്ടിയത് 30000 കോടിയോളം രൂപയാണ്. സംസ്ഥാനത്തിന്റെ ഒരു വർഷത്തെ പദ്ധതി തുകയോളം തന്നെ വരുന്ന ഈ തുക കണ്ടെത്താനായി സർക്കാർ ലക്ഷ്യം വച്ചത് മൂന്ന് വഴികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കേന്ദ്ര സഹായം, വിദേശ വായ്പയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായവും.

ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയിൽ സഹായം എത്തുന്നതിനിടെയാണ് സാലറി ചലഞ്ചിന് ഹൈക്കോടതിയിൽ നിന്നും പിന്നീട് സുപ്രീം കോടതിയിൽ നിന്നുമുള്ള തിരിച്ചടി. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് 2000 കോടി രൂപയോളം പ്രതീക്ഷിച്ച സർക്കാരിന് എത്ര തുക ലഭിക്കുമെന്ന് പറയാൻ ഇപ്പോഴാകുന്നില്ല. വിസമ്മത പത്രമെന്ന വ്യവസ്ഥ സ്റ്റേ ചെയ്യപ്പെട്ടതോടെ സമ്മതം അറിയിച്ചവർ തന്നെ പിന്മാറാനുള്ള സാധ്യതയുമുണ്ട്. 4,85,469 സർക്കാർ ജീവനക്കാരിൽ 2,88904 പേരാണ് സാലറി ചലഞ്ചിന്റെ ഭാഗമായത്. 32 ശതമാനത്തോളം ജീവനക്കാർ വിസമ്മതപത്രം നൽകി. യുഎഇ മുന്നോട്ടുവച്ച 700 കോടിയുടെ സഹായത്തോട് മുഖം തിരിച്ച കേന്ദ്രസർക്കാർ വിദേശ വായ്പാ കാര്യത്തിലും മന്ത്രിമാരുടെ വിദേശ സന്ദർശന കാര്യത്തിലും കടുംപിടുത്തം തുടരുന്നു.

വിദേശ യാത്ര മുടങ്ങിയതുവഴി 5000 കോടിയോളം രൂപ നഷ്ടമായെന്നാണ് സർക്കാർ കണക്ക്. 3600 കോടി രൂപ വായ്പ നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിട്ടും കേന്ദ്രം കടമെടുപ്പ് പരിധി ഉയർത്തിയിട്ടില്ല. കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടേണ്ട 4700 കോടി രൂപ എന്ന് കിട്ടുമെന്ന കാര്യത്തിലും വ്യക്തതയില്ല. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം പ്രതീക്ഷിച്ച് തുടങ്ങിയ ക്രൗഡ് ഫണ്ടിംഗും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ചുരുക്കത്തിൽ കേന്ദ്ര സഹായമായി കിട്ടിയ 600 കോടിക്കു പുറമെ ദുരിതാശ്വാസ നിധിയിലെത്തിയ 1874 കോടി രൂപ മാത്രമാണ് സർക്കാരിന്റെ കൈയിലുള്ളത്. ഇതിൽ നിന്ന് വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 454 കോടി രൂപ നൽകി. വീടൊന്നിന് നാലു ലക്ഷം എന്ന കണക്കിൽ വീടു നഷ്ടമായവർക്ക് 1200 കോടി രൂപ ഉടൻ നൽകണം. ഇങ്ങനെ നിരവധി പ്രതിസന്ധികളാണ് സർക്കാറിന് മുന്നിലുള്ളത്.