ആലപ്പുഴ: വലിയ വിജയമാണ് മലാഖമാർ നേടുന്നത്. നാട്ടിൽ മാന്യമായ ശമ്പളം വാങ്ങി ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നതാണ് പിണറായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. 5000രൂപ പ്രതിമാസ ശമ്പളത്തിന് പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്തിരുന്ന നഴ്‌സുമാർ കേരളത്തിലുണ്ടായിരുന്നു. വമ്പൻ മാനേജ്‌മെന്റുകൾ പോലും തുച്ഛമായ ശമ്പളമാണ് നഴ്‌സുമാർക്ക് വേണ്ടി മാറ്റി വച്ചത്. കൂലി ചോദിച്ച് പോയവരും കാല് തല്ലിയൊടിച്ച മുതലാളിമാരും ഉണ്ടായി. ഇതിന്റെയെല്ലാം ബാക്കി പത്രമായിരുന്നു യുണൈറ്റഡ് നേഴ്‌സ് അസോസിയേഷൻ. ഈ തൊഴിലാളി സംഘടനയ്ക്ക് പിന്നിൽ നഴ്‌സുമാർ ഒരുമിച്ചപ്പോൾ അതൊരു ചരിത്രമായി. അങ്ങനെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 20000രൂപയാകുന്നു.

1മുതൽ 50വരെ കിട്ടകൾക്ക് 20000രൂപ, 50-100 കിടക്കകൾവരെ 24400 രൂപ, 100-200 കിടക്കകൾ 29400 രൂപ, 200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ32400 രൂപ, ഇങ്ങനെയാണ് പുതുക്കിയ വേതന നിരക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നത്. എന്നാൽ കിടക്കകളുടെ എണ്ണത്തിൽ മാറ്റം വന്നിരിക്കുന്നു. ഒന്നു മുതൽ 50വരെ എന്നുള്ളത് ഒന്നുമുതൽ 20 കിടക്കകൾ എന്നാണ് വിജ്ഞാപനത്തിൽ. ഇത് എന്തുകൊണ്ട് മാറിയെന്ന ആശങ്ക ശക്തമാണ്. അപ്പോഴും എല്ലാത്തിനേയും പോസിറ്റീവായി എടുക്കാനാണ് നഴ്‌സുമാരുടെ തീരുമാനം. മാറ്റം അട്ടിമറിക്കാനാണെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും പ്രക്ഷോഭം തുടങ്ങും. 

ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്‌ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തിൽ പിണറായി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. നഴ്‌സിങ് ജീവനക്കാർക്ക് കിടക്കകളുടെ അടിസ്ഥാനത്തിൽ 2000 മുതൽ 10,000 രൂപ വരെ അധികഅലവൻസ് ലഭിക്കും. വാർഷികഇൻക്രിമെന്റ്, സർവ്വീസ് വെയിറ്റേജ്, ഡിഎ എന്നിവയും നഴ്‌സിങ് ജീവനക്കാർക്ക് ലഭിക്കും. മറ്റ് ജീവനക്കാർക്കും ഈ അധിക അലവൻസുകൾ ലഭിക്കും. എന്നാൽ ബെഡുകളുടെ കണക്കെടുത്തുള്ള ശമ്പള വർദ്ധന മൂലം സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു. ചെറുതായെങ്കിലും കാര്യങ്ങൾ അവർക്കും അനുകൂലമായി. അപ്പോഴും ലോങ് മാർച്ച് എന്ന പ്രഖ്യാപനത്തിലൂടെ അതിവേഗ തീരുമാനം സർക്കാരിനെ കൊണ്ട് എടുപ്പിക്കാൻ യുഎൻഎയ്ക്കായി. ഇതാണ് നേട്ടമായി മാറിയത്.

അപ്പോഴും മുതലാളിമാർ ഒറ്റക്കെട്ടായി ഇതിനെ എതിർക്കുന്നു. ആശുപത്രി ബില്ലുകളിൽ നഴ്‌സിങ് ചാർജ് എന്ന തലക്കെട്ടിൽ ദിവസവും ആയിരങ്ങളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. ഇത് നഴ്‌സുമാർക്ക് കൊടുക്കാറില്ല. പകരം മുതലാളി കീശ വീർപ്പിക്കും. ഇപ്പോൾ ഇതെല്ലാം മറച്ചുവച്ച് ആശുപത്രികൾ വലിയ നഷ്ടത്തിലാകുമെന്നും നഴ്‌സുമാരുടെ ശമ്പള ബാധ്യത രോഗികളിൽ നിന്ന് പിഴിയുമെന്നും പ്രഖ്യാപിക്കുന്നു. വാശിയുടെ പുറത്ത് കോടതിയിലൂടെ സർക്കാർ വിജ്ഞാപനം അട്ടിമറിക്കാനും ശ്രമിക്കും. ഇത്തരം നീക്കങ്ങൾക്ക് സർക്കാർ രഹസ്യ പിന്തുണ നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഏതായാലും ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്‌സുമാർക്ക് 56 മുതൽ 86 ശതമാനത്തിന്റേയും വരെയും എഎൻഎം വിഭാഗത്തിന് 50 മുതൽ 99 ശതമാനത്തിന്റേയും നഴ്‌സസസ് മാനേജർ തസ്തികയിലുള്ളവർക്ക് 68 മുതൽ 102 ശതമാനത്തിന്റേയും വർധനവ് ഉണ്ടാകും. പൊതുവിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് 35 മുതൽ 69 ശതമാനം വരെയും ലാബ് ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 39 മുതൽ 66 ശതമാനത്തിന്റേയും വർധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. അന്ന് 20 മുതൽ 30 ശതമാനത്തിന്റെ വർധനവായിരുന്നു നടപ്പാക്കിയത്. ശമ്പളവർധനവിന് 2017 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം നൽകിയിട്ടുണ്ട്. ഇതും മുതലാളിമാരെ ആശങ്കപ്പെടുത്തുന്നു. നഴ്‌സുമാരുടെ സമരശക്തിയാണ് ഇതിന് കാരണമെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ആറു ക്ലാസിഫിക്കേഷനാണ് ഉള്ളത്. ഇതിൽ ആദ്യത്തേത് ഒന്ന് മുതൽ 20 കിടക്കകളുള്ള വിഭാഗം. രണ്ടാമത്തേതിൽ നൂറുവരെ ബെഡുകൾ. അടുത്ത് 300 വരെയുള്ള വിഭാഗവും. നാലാമത്തെ കാറ്റഗറിയിൽ 500വരെ ബെഡും അഞ്ചാമത്തേതിൽ എണ്ണൂറു വരെ ബെഡുമാണുള്ളത്. അവസാന കാറ്റഗറിയിൽ എണ്ണൂറിന് മുകളിൽ ബെഡുള്ള ആശുപത്രികളേയും ഉൾപ്പെടുത്തിയിരിക്കുന്നു. ആദ്യ കാറ്റഗറിൽ ആശുപത്രിയിൽ ഹെൽപ്പർമാർക്ക് 40ശതമാനം ശമ്പളം കൂടും. ഇലക്ട്രീഷ്യന് 47 ശതമാനവും. അഡ്‌മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും ഉയരും. അതായത് നഴ്‌സുമാരുടെ പോരാട്ടം മൂലം ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടേയും ശമ്പളം കൂടുകയാണ്.

സ്റ്റാഫ് നേഴ്‌സിന് ആദ്യ കാറ്റഗറിൽ 12200 രൂപയായിരുന്നു ശമ്പളം. ഇത് പുതിയ വിജ്ഞാപനം അനുസരിച്ച് 20,000രൂപയാകും. എണ്ണൂറിന് മുകളിൽ ബെഡുള്ള ആശുപത്രിയിൽ ഇത് 30,000വും. 58മുതൽ 86 ശതമാനം വരെ ഉയർച്ചയാണുള്ളത്. നേഴ്‌സ് മാനേജർക്ക് ആദ്യ കാറ്റഗറിയിൽ ഇനി 22680രൂപ കിട്ടും. നിവലിൽ അത് 12925 ആയിരുന്നു. വിവിധ കാറ്റഘികളിലായി 68ശതമാനം മുതൽ 102ശതമാനം വരെ ശമ്പള വർദ്ധനവാണ് വരുന്നത്. 5001മുതൽ 800വരെ ബെഡുള്ള ആശുപത്രിയിൽ നിലവിൽ നഴ്‌സ് മാനേജർക്ക് ലഭിക്കുന്നത് 15715രൂപയാണ്. ഇത് പുതുക്കിയ പട്ടിക പ്രകാരം 31752രൂപയാകും. ഇരട്ടിയിൽ അധികം വർദ്ധനായാണ് ഇത്. ഇങ്ങനെ പലതും പുതിയ വിജ്ഞാപനത്തിൽ മാനേജ്‌മെന്റുകളെ അലോസരപ്പെടുത്തുന്ന തരത്തിൽ സംഭവിച്ചിട്ടുണ്ട്.

ചരിത്രം രചിക്കുന്ന വിജ്ഞാപനമാണ് ഇതെന്ന് നഴ്‌സുമാരും അംഗീകരിക്കുന്നു. അടിസ്ഥാനശമ്പളം ഇരട്ടിയലധികം വർധിപ്പിക്കുന്നതിനോടൊപ്പം 50 ശതമാനംവരെ അധിക അലവൻസും കിട്ടുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ. ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000 മുതൽ 22,090 രൂപവരെ അടിസ്ഥാന ശമ്പളം. പരമാവധി 12.5 ശതമാനംവരെ അധിക അലവൻസും കിട്ടും. പാരാമെഡിക്കൽ ജീവനക്കാർക്ക് 16,400 രൂപ മുതലാണ് അടിസ്ഥാന ശമ്പളം. പരമാവധി 15 ശതമാനംവരെ അധിക അലവൻസും. * വേതനത്തിനുപുറമേ, സർവീസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെന്റ് എന്നിവയും ലഭിക്കും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് പരമാവധി 30,000 രൂപവരെ ഇവർക്ക് ശമ്പളം കിട്ടും.

7775 രൂപ ലഭിക്കുന്ന പൊതുവിഭാഗത്തിലെ ജീവനക്കാരന് 16,000 രൂപയായിരിക്കും ഇനി അടിസ്ഥാനശമ്പളം. പരമാവധി അലവൻസ് 2000 രൂപ. നിലവിൽ 7825 രൂപ അടിസ്ഥാന ശമ്പളമുള്ള പാരാ മെഡിക്കൽ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാന വേതനവും പരമാവധി 2460 രൂപ അധിക അലവൻസും കിട്ടും. 2017 ഒക്ടോബർ ഒന്നുമുതലുള്ള ക്ഷാമബത്ത, സർവീസ് വെയിറ്റേജ്, വാർഷിക ഇൻക്രിമെന്റ് എന്നിവയ്ക്കും ജീവനക്കാർക്ക് അർഹതയുണ്ട്. കിടക്കകളുടെ അടിസ്ഥാനത്തിൽ നഴ്‌സുമാർക്ക് അഞ്ചുമുതൽ 33 ശതമാനംവരെയാണ് അലവൻസുകൾ ലഭിച്ചിരുന്നത്. ഇത് 10 മുതൽ 50 ശതമാനംവരെയായി വർധിപ്പിച്ചു.

ഇതോടെ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പിന്മാറി. ചേർത്തലയിൽ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ചും പിൻവലിച്ചിട്ടുണ്ട്. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിലാണു സമരം പിൻവലിക്കാനുള്ള തീരുമാനം. അതേസമയം അടിസ്ഥാന ശമ്പളം വർധിപ്പിച്ചിട്ടും സമരം ചെയ്യുന്നത് ജനവികാരം എതിരാകുമെന്നതും സമരം പിൻവലിക്കാൻ കാരണമായി. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം പുറത്തുവന്നത്.

സമരം പിൻവലിച്ചെങ്കിലും നഴ്സുമാർക്ക് നൽകിവന്നിരുന്ന അലവൻസുകൾ ആശുപത്രി മാനേജ്മെന്റുകൾ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎൻഎയുടെ തീരുമാനം. ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎൻഎ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്ത് നഴ്‌സുമാർക്ക് നൽകേണ്ട വേതനത്തെ സംബന്ധിച്ച് ഒരു മാർഗ്ഗരേഖ ശിപാർശ ചെയ്തിരുന്നു. ഈ മാർഗ്ഗരേഖയിൽ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20000 രൂപയാണ്. സംസ്ഥാനത്തെ നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇന്ന് ലഭിച്ചു വരുന്നത് 2013-ലെ സർക്കാർ വിജ്ഞാപനപ്രകാരമുള്ള വേതനമാണ്. 2013-ലെ വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്‌സിന് അടിസ്ഥാന ശമ്പളം 8975 രൂപയാണ്. ഈ ചതിക്കെതിരെയാണ് യുഎൻഎ പ്രതിഷേധം ഉയർത്തിയത്.

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ സ്റ്റാഫ് നഴ്‌സുമാർക്കുള്ള ആകെ വേതനം ഏറ്റവും കുറഞ്ഞത് 20000 രൂപയാക്കി ഉയർത്തി നിശ്ചയിക്കുന്നതാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ നിന്ന് ലോങ് മാർച്ച് പദ്ധതിയിട്ടത്. ഇതോടെ സർക്കാർ വെട്ടിലായി. നഴ്സുമാരുടെ ലോങ് മാർച്ചിന് വലിയ ജനപിന്തുണ ലഭിക്കുമെന്നാണ് പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര നീക്കം ഉണ്ടായത്.