കൊച്ചി: കർഷക സമരത്തെ പിന്തുണക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി നടൻ സലിം കുമാർ. ആഗോളതലത്തിൽ സമരത്തിന് ലഭിച്ച പിന്തുണയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ചുകൊണ്ടാണ് ഫേസ്‌ബുക്കിലൂടെ കർഷക സമരത്തെ പിന്തുണച്ച് സലിം കുമാർ രംഗത്തെത്തിയത്.

കറുത്തവംശജനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകവാർത്ത ഓർമിപ്പിച്ചുകൊണ്ടാണ് സലിംകുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ജോർജ് ഫ്ളോയിഡ് സംഭവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കെതിരേ വിമർശനം ഉയർത്തിയവരിൽ ഇന്ത്യക്കാരും ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതിയെന്ന് പറഞ്ഞില്ലെന്നും സലിംകുമാർ തന്റെ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തെന്നും സലിം കുമാർ പറയുന്നുണ്ട്. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്ന് സലിം കുമാർ ചോദിക്കുന്നു. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം എന്നെഴുതിക്കൊണ്ടാണ് സലിം കുമാർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സലിം കുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്‌ളോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.

പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പൊലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.