മസ്‌കത്ത് : എന്റെ മകളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണേ എന്ന് ഒമാനിലെ പുറം കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്നും കണ്ണീരോടെ അഭ്യർത്ഥിക്കുന്ന പിതാവിന്റെ മുഖം നാം അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. എന്നാൽ ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കണ്ണീരിന്റെയും നിസഹായതയുടേയും കയത്തിൽ നിന്നും സന്തോഷത്തിന്റെ പാതയിലേക്ക് സലിം ചുവട് വയ്ക്കുകയാണ്. എൻജിനീയറിങ് വിദ്യാർത്ഥിയായ തന്റെ മകളെ കണ്ടു കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ സലിം.

മൂവാറ്റുപ്പുഴ ചെറുവട്ടൂരിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രവാസിയായ സലീമിന്റെ മകളും എൻജിനീയറിങ് വിദ്യാർത്ഥിനിയുമായ പതിനെട്ടുകാരിയെ കാണാതായത്. എന്നാൽ താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവാവിനോടൊത്ത് പെൺകുട്ടി വ്യാഴാഴ്ച ഉച്ചയോടെ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരാവുകയായിരുന്നു. ഇവരുടെ നിക്കാഹ് വെള്ളിയാഴ്ച കോതമംഗലം പൊലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പിക്കുമെന്ന് പിതാവ് സലീം പറഞ്ഞു.

മസ്‌കത്തിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ ജോലി ചെയ്യുന്ന സലീം മകളെ കാണായതിനെ തുടർന്ന് മനോരമ ഓൺലൈനിലൂടെയാണ് ആശങ്കയും സങ്കടവും പങ്കുവച്ചുള്ള സലീമിന്റെ വാർത്ത പുറത്ത് വന്നത്. മകളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നായിരുന്നു അഭ്യർത്ഥന.

ഇതു കണ്ട് ഒട്ടേറെ പേർ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടതായും അപകടമൊന്നും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തയായി സലീം പറഞ്ഞു. ഇവർക്കും മാധ്യമങ്ങൾക്കും സലീം നന്ദി അറിയിച്ചു. രണ്ടു മാസം കഴിഞ്ഞ് മാത്രമേ സലീം ജോലി ചെയ്യുന്ന കപ്പൽ തീരത്തടുക്കുകയുള്ളൂ.

പിതാവിനെ മുൾമുനയിൽ നിറുത്തിയ ദിനങ്ങൾ

തൊടുപുഴ അൽ അസ്ഹർ കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് സലീമിന്റെ മകൾ. കോളജിലേക്കു പോയ പെൺകുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. നാളുകളോളം ദുബായിൽ ജോലി ചെയ്തയാളാണ് സലിം. പിന്നീട് കപ്പൽ ജീവനക്കാരനാവുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞല്ലാതെ കപ്പൽ തീരത്തടുക്കില്ലെന്നും സലീം ആദ്യമേ അറിയിച്ചിരുന്നു.

മകളുടെ പ്രണയത്തെ സലീം ശക്തമായി എതിർക്കുകയും മകൾ ആ ബന്ധത്തിൽ നിന്ന് പിന്തിരിയുകയുമുണ്ടായി എന്നാണ് ആദ്യം വാർത്തകൾ പുറത്ത് വന്നത്. മറ്റു വിവാഹാലോചനകളും ഇതിനൊപ്പം നടന്നു വരികയായിരുന്നു.മകളെ കൂടാതെ, ഒരു മകൻ കൂടിയാണ് സലീമിനുള്ളത്. മകൾ വല്ല അപകടത്തിലും പെട്ടുപോകുമോ എന്നായിരുന്നു പിതാവിന്റെ ഏറ്റവും വലിയ ആശങ്ക.

മകൾക്ക് ഇഷ്ടമുള്ളയാൾക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാൻ നൂറുവട്ടം സമ്മതമാണ്. അവളെവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി. പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരച്ചിൽ ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ശ്രമിക്കണമെന്നാണ് സലിം വീഡിയോയിലൂടെ അപേക്ഷ നടത്തിയത്. ഏതാനും ദിവസങ്ങൾ വേദനയനുഭവിച്ചെങ്കിലും മകൾ തിരിച്ചെത്തിയെന്ന സന്തോഷത്തിലാണ് സലീമും കുടുംബവും.