മുംബൈ: 2002ൽ മുംബൈയിൽ വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുൻപ് സൽമാൻഖാന് ഇതിന് മുൻപ് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അപകടമുണ്ടായ വേളയിൽ വാഹനം ഓടിച്ചത് സൽമാൻ തന്നെയാണെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ആരോപിച്ച കേസുകളെല്ലാം തെളിഞ്ഞതിനാൽ സൽമാന് പത്ത് വർഷത്തെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാൽ, വിധിക്കുമുമ്പ് സൽമാന്റെ സാമൂഹ്യ സേവനം കൂടി പരിഗണിക്കണമെന്ന് സൽമാന്റെ അഭിഭാഷകർ വാദിച്ചത്. ഇതു കൂടി പരിഗണിച്ചാണ് ശിക്ഷ അഞ്ച് വർഷമായി നിജപ്പെടുത്തിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയാണ് സൽമാൻ ഖാന് ലഭിച്ചത്. സെക്ഷൻ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. സൽമാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞിരുന്നു.

ഇരുപതു വർഷങ്ങൾക്ക് ശേഷമാണ് മാൻവേട്ട കേസിലാണ് ഇപ്പോൾ താരത്തിനെതിരെ വീണ്ടും ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 5 കൊല്ലം തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും നൽകണം. സൽമാൻ ഖാനൊഴികെ മറ്റുള്ളവരെ ജോധ്പുർ കോടതി കുറ്റവിമുക്തരാക്കി. 1998 ഒക്ടോബറിൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തിൽ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്.

സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്രേ, തബു, നീലം എന്നിവരായിരുന്നു കൂട്ടുപ്രതികൾ. ജിപ്‌സി വാഹനം ഓടിച്ചിരുന്ന സൽമാനാണ് കൃഷ്ണമൃഗത്തെ കണ്ടപ്പോൾ തോക്കെടുത്തു വെടിവച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സംരക്ഷിത വനമേഖലയിൽ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസൻസ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സൽമാനെതിരെ ചുമത്തിയത്. പട്ടിയുടെ കടിയേറ്റ് കുഴിയിൽ വീണാണ് മാനുകൾ ചത്തതെന്നും ഇതിൽ താരങ്ങളെ കുടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 2007-ൽ ഈ കേസിൽ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സൽമാൻ ഓരാഴ്ചത്തെ ജയിൽ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വേണ്ടി നിയമം പലതവണ വഴിമാറിയതാണ്. മുൻപ് പല കേസുകളിലെയും എന്നപോലെ നിയമ വിരുദ്ധമായി തോക്ക് കൈവശം വച്ച കേസിൽ നടൻ സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പാവപ്പെട്ടവനും പണക്കാരനും രണ്ട് നീതിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വിധി. ജോധ്പൂർ സിജെഎം കോടതിയാണ് സൽമാൻ ഖാനെ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്. കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ആയുധം കൈവശം വച്ചുവെന്നാണ് സൽമാൻ ഖാന് എതിരെയുള്ളതായിരുന്നു ആരോപണം. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു സൽമാൻ ഖാനെതിരെ ചുമത്തിയിരുന്നത്.

ഈ കേസിൽ കോടതി സൽമാനെ കുറ്റവിമുക്തനാക്കാൻ ഇടയാക്കിയത് പൊലീസിന്റെ കള്ളക്കളി കൊണ്ടു തന്നെയാണെന്ന് ബോധ്യമായിരുന്നു. ആയുധം കൈവശംവെക്കുന്നതിനുള്ള വകുപ്പിലെ തെറ്റായ സെക്ഷനാണ് പൊലീസ് കേസിൽ സൽമാനെതിരെ ചുമത്തിയിരുന്നത്. ഇതാണ് താരത്തിന് ഗുണകരമായി മാറിയത്. സൽമാനെതിരെ ചുമത്തിയിരുന്നത് ആയുധ ആക്ടിലെ 3/25, 27 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഈ വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തോക്ക് സൂക്ഷിക്കുകയും പുതുക്കി ലൈസൻസ് വാങ്ങുകയും ചെയ്യാമെന്നാണ വ്യക്തമാക്കുന്നത്. ഇത് പ്രകാരം സൽമാന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് കോടതി വിധിച്ചത്.

കഴിഞ്ഞമാസം 28-ന് വാദം പൂർത്തിയായ കേസിലാണ് ഒരാഴ്ചയ്ക്കുശേഷം വിധിവരുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സൂപ്പർതാര പദവിയിൽ വിലസുന്ന സല്മാൻ വിവാദങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു. മറ്റൊരു മാൻവേട്ട കേസിൽ നിന്ന് രണ്ടുകൊല്ലം മുമ്പ് ഖാൻ ശിക്ഷകിട്ടാതെ രക്ഷപെട്ടിരുന്നു. ചിങ്കാരമാനുകളെ കൊന്നകേസിലാണ് ജോധ്പുർ കോടതി സൽമാനെ കോടതി വെറുതെവിട്ടത്. 2002-ൽ വഴിയരികിൽ ഉറങ്ങിക്കിടന്നവരെ കാർ കയറ്റി കൊന്നുവെന്ന കേസിലും ഖാന് ശിക്ഷിക്കപ്പെട്ടില്ല. 300 കോടിയിലേറെ കളക്റ്റ് ചെയ്യുന്ന സിനിമകളുള്ള താരം ജയിലിലാകുന്നത് ബോളിവുഡിന് വലിയ തിരിച്ചടിയാകും.

ഖാൻ അഭിനയിക്കുന്നതും നിർമ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങളെ ഇത് ബാധിക്കും. ചിത്രീകരണം നടക്കുന്ന റേസ്-3 അടക്കമുള്ള ചിത്രങ്ങളും ചില ടെലിവിഷൻ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദ വ്യവസായത്തിൽ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.