മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ ഷാർപ്പ് ഷൂട്ടറെ നിയോഗിച്ചിരുന്നുവെന്ന് ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ വെളിപ്പെടുത്തൽ പുറത്ത്. മുംബൈ പൊലീസ് റെക്കോഡിലുള്ള വിവരമാണ് പുറത്തുവന്നത്. ലോറൻസ് ബിഷ്ണോയിയെ 2021-ൽ മുംബൈ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

സൽമാനെ അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വസതിയിൽ വച്ചു തന്നെ വധിക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ലോറൻസ് ബിഷ്‌ണോയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ധനായ ഷൂട്ടർ സമ്പത്ത് നെഹ്‌റയെയാണ് ഇതിനായി അയച്ചതെന്നും ചോദ്യം ചെയ്യലിനിടെ ഇയാൾ പൊലീസിനെ അറിയിച്ചു.

ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യം ഉള്ളത്. രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്റയോട് സൽമാനെ വകവരുത്തണമെന്ന് ബിഷ്ണോയി ആവശ്യപ്പെട്ടു. സമ്പത്ത് നെഹ്റ മുംബൈയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റൾ മാത്രമേ ഇയാളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ.

അതിനാൽ ദൂരെ നിന്ന് സൽമാനെ വെടിവെയ്ക്കാൻ സാധിച്ചില്ല. തുടർന്ന് ഇയാൾ ദിനേഷ് ഫൗജി എന്നൊരോളോട് ആർകെ സ്പിങ് റൈഫിൾ എത്തിച്ചു നൽകാൻ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ അതിനായി അനിൽ പാണ്ഡെ എന്നൊരാളുടെ പക്കൽ കൊടുക്കുകയും ചെയ്തു. എന്നാൽ പൊലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ നടന്നില്ല.

2011-ൽ റെഡി എന്ന സിനിമയുടെ സെറ്റിൽവച്ചു സൽമാൻ ഖാനെ അപായപ്പെടുത്താൻ ഇവർ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാൽ ആയുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ആ ശ്രമവും പരാജയപ്പെടുകയായിരുന്നു.

1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്ണോയി നടനെ വകവരുത്താൻ ശ്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്.

സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ കഴിഞ്ഞ ദിവസമാണ് വധഭീഷണി വന്നത്. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ പതിവായി നടക്കാൻ പോകാറുണ്ട്. അവർ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. പഞ്ചാബി ഗായകൻ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നത്. ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ് ബിഷ്ണോയിയിപ്പോൾ. വധഭീഷണിയുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിൽ അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കിയിരുന്നു. കാനഡയിൽനിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായും പഞ്ചാബ് പൊലീസ് ഡി.ജി.പി. ഡി.കെ. ബാവ്‌റ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

നേരത്തെ, മൂസ് വാലയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന പഞ്ചാബ് പൊലീസിന് തന്നെ കസ്റ്റഡിയിൽ നൽകരുതെന്ന് ജയിൽ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിഷ്‌ണോയി സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി കോടതി വിസമ്മതിച്ചു.

മൂസ് വാലയെ കൊലപ്പെടുത്തിയത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്നും ലോറൻസ് ബിഷ്‌ണോയി സംഘത്തിന് ഇതിൽ പങ്കുണ്ടെന്നും പഞ്ചാബ് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, പഞ്ചാബി ഗായകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സഹപ്രവർത്തകനായ കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു.