ലണ്ടൻ: മണ്ണിൽ മനുഷ്യന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടെന്നും, അവ ഏത് മാർഗ്ഗം ഉപയോഗിച്ചായാലും നടപ്പിൽ വരുത്തുമെന്നും ലോകത്തിനോട് വിളിച്ചു പറഞ്ഞ ഇറാനിലെ മതാധിഷ്ഠിത ഭരണകൂടമായിരുന്നു മൂന്ന് പതിറ്റാണ്ടുകൾക്ക് അപ്പുറം സല്മാൻ റഷ്ദി എന്ന എഴുത്തുകാരന്റെ ജീവിതം മാറ്റി മറിച്ചത്. അദ്ദേഹം ചെയ്തകുറ്റം സാത്താനിക് വേഴ്സസ് എന്ന നോവൽ എഴുതി എന്നതായിരുന്നു. അതിൽമതനിന്ദ ഉണ്ട് എന്നായിരുന്നു അതിതീവ്ര വർഗ്ഗീയവാദികളുടെ ആരോപണം.

പിന്നീടങ്ങോട്ട് നരക തുല്യമായിരുന്നു, ലോകത്ത് ഏറെ ആരാധകരുള്ള ഈ എഴുത്തുകാരന്റെ ജീവിതം. ഒൻപത് വർഷത്തോളം അജ്ഞാതവാസം തന്നെ നടത്തേണ്ടതായി വന്നു. പിന്നീട് ഇടക്കിടെ താമസസ്ഥലം മാറിയും, ഏതു സമയവും സുരക്ഷാ ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ടും ആയിരുന്നു അദ്ദേഹം ജീവിച്ചത്. ഏറ്റവും അവസാനം അമേരിക്കയിലായിരുന്നു അദ്ദേഹം സുരക്ഷിതമായ ഒരു താമസസ്ഥലം കണ്ടെത്തിയത്.

1989 ഫെബ്രുവരി 14 ന് ആയിരുന്നു ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്നത്തെ പരമോന്നത നേതാവായ ആയത്തോള്ള റുഹോള്ള ഖൊമൈനി സല്മാൻ റഷ്ദിയെ വധിക്കേണ്ടത് ലോകത്തിലെ ഏതൊരു മുസ്ലിം മത വിശ്വാസിയുടെയും കടമയാണെന്ന പ്രഖ്യാപനം നടത്തിയത്. റഷ്ദിയെ വധിക്കാൻ ആഹ്വാനം നൽകിക്കൊണ്ട് ഫത്വയും ഇറാൻ പുറപ്പെടുവിച്ചിരുന്നു. പിന്നീട് 1998-ൽ ഇറാൻ സർക്കാർ ഈ ഫത്വ എടുത്തു കളയുന്നതുവരെ റഷ്ദി അജ്ഞാതവാസത്തിലായിരുന്നു.

ഈ ഒമ്പതു വർഷക്കാലത്തോളം സുരക്ഷയെ കരുതി വീടുകൾ തുടരെ തുടരെ മാറിയും, അംഗരക്ഷകർക്ക് നടുവിലുമായിരുന്നു ഈ എഴുത്തുകാരന്റെ ജീവിതം. ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആദ്യ പേരുകൾ സമന്വയിപ്പിച്ച് ജോസഫ് ആന്റൺ എന്ന പേരിലും അദ്ദേഹം എഴുതിയിരുന്നു. റഷ്ദിയെ കിട്ടാതെ വന്നപ്പോൾ , ഭീകരർ ഈ നോവലിന്റെ പരിഭാഷകരെ ഉന്നം വെച്ചു തുടങ്ങി. ജാപ്പനീസ് പരിഭാഷകനായിരുന്ന ഹിതോഷി ഇഗറാഷിയെ അവർക്ക് വധിക്കാനായി.

തുർക്കി, നോർവേ, ഇറ്റലി എന്നിവിടങ്ങളിൽ പുസ്തക പ്രസാധകർക്ക് നേരെയും ആക്രമണം ഉണ്ടായി. ലോകവ്യാപകമായി തന്നെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ പേരിൽ ലഹളകൾ പൊട്ടിപ്പുറപ്പെടുകയും പുസ്തകം കത്തിക്കുകയുമൊക്കെ ചെയ്തു. അതേസമയം, പല രാജ്യങ്ങളിലും ഈ പുസ്തകം തന്നെ നിരോധിക്കപ്പെട്ടു. ഫത്വ നിലനിന്നിരുന്ന കാലത്തെ തന്റെ ജീവിതം ജയിലിൽ കഴിയുന്നതു പോലെ ആയിരുന്നു എന്ന് റഷ്ദി പിന്നീട് പറഞ്ഞിട്ടുണ്ട്.

അതിനിടയിൽ ഈ പുസ്തകത്തിന്റെ ഉത്തരവാദിത്തം യഹൂദരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും നടന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ യഹൂദ വംശജയാണെന്ന് ആരോപിച്ചായിരുന്നു അത്. എന്നാൽ, അവർ യഹൂദ വംശജയായിരുന്നില്ല, മറിച്ച് ഒരു അമേരിക്കക്കാരിയായിരുന്നു. ഇസ്ലാമിനെ നിന്ദിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിൽ അത് ഒരു വാചകം കൊണ്ട് കഴിയുമായിരുന്നു എന്നും അതിനായി രണ്ടര ലക്ഷം വാക്കുകൾ ഉള്ള ഒരു നോവൽ എഴുതേണ്ടതില്ലായിരുന്നു എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

ബ്രിട്ടൻ പോലൊരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് പോലും തനിക്കെതിരെയുള്ള ഫത്വയെ അനുകൂലിച്ച തീവ്രവാദികൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല എന്നതിൽ അദ്ദെഹം ഞെട്ടലും പ്രകടിപ്പിച്ചിരുന്നു. ഒളിവു ജീവിതത്തിനിടയിൽ തന്റെ ഭാര്യ മരിയാന്നെയുമായുള്ള ബന്ധം വേർപിരിഞ്ഞതും സല്മാൻ റഷ്ദിക്ക് വേദനാജനകമായ ഒരു അനുഭവമായിരുന്നു എന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.

സാഹിത്യ രംഗത്ത് സല്മാൻ റഷ്ദി നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് 2007-ൽ നൈറ്റ്ഹുഡ് നൽകിയിരുന്നു. അന്ന് അതിനെതിരെ കടുത്ത പ്രതിഷേധവുമായി മലേഷ്യയും പാക്കിസ്ഥാനും ഉൾപ്പടെയുള്ള നിരവധി മുസ്ലിം രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. 2017-ൽ ഖുറാനെ വിമർശിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ഇസ്ലാമിസ്റ്റുകളുടെ കോപത്തിനു പാത്രമായി.

അതിനിടയിൽ, സല്മാൻ റഷ്ദിക്ക് നേരെയുള്ള ആക്രമത്തിൽ ഇറാനിൽ പരക്കെ സന്തോഷം അലയടിക്കുകയാണ്. 1989-ൽ ഇറാനിയൻ പരമാധികാരി ആയത്തോള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വ പിന്നീട് പിൻവലിച്ചെങ്കിലും, ഇസ്ലാമിക തീവ്രവാദികളുടെ മനസ്സിൽ റഷ്ദിയോടുള്ള പകക്ക് ഒട്ടും കുറവ് വന്നിരുന്നില്ല. നീണ്ട 33 വർഷങ്ങൾക്ക് ശേഷം ഖൊമൈനിയുടെ ഫത്വ ഫലം കാണുന്നു എന്ന രീതിയിലിയായിരുന്നു ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് പലരുടെയും പ്രതികരണം. ഈ ആക്രമണത്തിൽ റഷ്ദി മരണമടയും എന്ന് പ്രതീക്ഷിക്കുകയാണ് പലരും.

ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശത്രുക്കൾക്കെല്ലാം ഈ ഗതി വരുമെന്ന മുന്നറിയിപ്പ് നൽകാനും ചിലർ മറക്കുന്നില്ല. ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണ് ഫത്വ എന്നായിരുന്നു ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വാക്കുകൾ. അതേസമയം യാഥാസ്ഥിക ഇറാനിയൻ പണ്ഡിതനായ കേയ്വാൻ സയേദി അക്രമിയെ അഭിനന്ദിക്കാനും മറന്നില്ല.