ഇടുക്കി: തമിഴ്‌നാട്ടിലെ ഇരൈച്ചിൽ പാലത്തിനുസമീപം വച്ചു കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച മലയാളി വീട്ടമ്മയുടെ ജഡം കണ്ടെടുത്തു.

ഇന്നു രാവിലെ കനാലിലെ വെള്ളമൊഴുക്ക് തടഞ്ഞശേഷം എട്ട് മണിയോടെ വൻ പൊലിസ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ പത്ത് മണിയോടെയാണ് ജഡം കണ്ടെത്തിയത്. കൊന്നത്തടി തിങ്കൾക്കാട് സ്വദേശി പൊന്നെടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലു(42)വിന്റെ മൃതദേഹമാണ് ഇരൈച്ചിൽ പാലത്തിൽനിന്ന് ഒരു കിലോമീറ്ററോളം അകലെ കനാലിലെ പാറയിടുക്കിൽ നിന്നു ലഭിച്ചത്. ഭാഗീകമായി അഴുകിയ നിലയിലാണ്.

സാലുവിനെ കൊലപ്പെടുത്തിയ കേസിൽ ഉപ്പുതറ കരുന്തരുവി സ്വദേശി കരുന്തരുവി എസ്റ്റേറ്റ് നാൽപത് മുറി ലയത്തിലെ താമസക്കാരൻ പാസ്റ്റർ സലി എന്ന സലിൻ (40) എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്തും തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജെയിംസി(42) നെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കൊലപാതകവുമായി ഇയാൾക്ക് ബന്ധമില്ലെന്ന വിവരമാണ് പൊലിസിന് ലഭിച്ചിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്താൻ പാസ്റ്റർ സലിൻ കരിന്തരുവിയിൽനിന്ന് കൊണ്ടുവന്ന കാർ പൊലിസ് കസ്റ്റഡിയിലുണ്ട്.

ഐ. ജി: എസ് ശ്രീജിത്, ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. മുല്ലപ്പെരിയാർ ഫോർബേ ഡാമിൽനിന്നും വെള്ളം
ഒഴുക്കി വിടുന്ന കനാലിലാണ് സാലുവിനെ കൊന്നു തള്ളിയത്. കുമളി-കമ്പം ദേശീയപാതയിലെ ഇരൈച്ചിൽപാലത്തിൽനിന്നു സാലുവിനെ കൊന്നു വെള്ളത്തിലേക്കെറിഞ്ഞുവെന്നാണ് പ്രതി സലിൻ നൽകിയ മൊഴി. കഴിഞ്ഞ മാസം നാലിനാണ് കൊലപാതകം നടത്തിയതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ മാസം മൂന്നു മുതൽ സാലുവിനെ കാണാനില്ലായിരുന്നു. പിന്നീട് സാലുവിന്റെ ഭർത്താവ് ബാബു വെള്ളത്തൂവൽ പൊലിസിൽ ഭാര്യയെ കാണാനില്ലെന്നു കാട്ടി പരാതി നൽകി. സാലുവുമായി അടുപ്പമുണ്ടായിരുന്ന പാസ്റ്റർ സലിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

നവംബർ മൂന്നിന് സാലുവുമായി ഉത്തമപാളയത്തെത്തി അവിടെ മുറിയെടുത്തു താമസിച്ചശേഷം പിറ്റേന്ന് കുമളിയിലേക്ക് വരവേ ഇരൈച്ചിൽ പാലത്തിനടുത്തുവച്ചു കഴുത്തിൽ ഷാൾ കുരുക്കി കൊല നടത്തിയശേഷം ജഡം കനാലിലെറിഞ്ഞുവെന്നാണ് സലിന്റെ കുറ്റസമ്മതം. തുടർന്ന് അടിമാലി സി. ഐ: ടി. യു യൂനസ്, വെള്ളത്തൂവൽ എസ്. ഐ: വി ശിവലാൽ, എ. എസ്. ഐമാരായ സി. വി ഉലഹന്നാൻ, സജി എൻ പോൾ, സി. ആർ സന്തോഷ്, കെ. ഡി മണിയൻ, സി. പി. ഒ: ഇ. ബി ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘം കനാലിൽ പരിശോധന നടത്തിയെങ്കിലും ശക്തമായ ജലമൊഴുക്ക് തടസമായി.

തുടർന്ന് ജില്ലാ പൊലിസ് മേധാവി തേനി ജില്ലാ ഭരണകൂടവും തമിഴ്‌നാട് പൊലിസുമായി ബന്ധപ്പെട്ട് തെരച്ചിൽ നടത്താൻ മുല്ലപ്പെരിയാറിൽ നിന്നു വെള്ളം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ വെള്ളം ഒഴുകുന്നത് തടഞ്ഞു. പിന്നീടാണ് കിലോമീറ്ററുകളോളം ദൂരം വനത്തിനുള്ളിലൂടെ പോകുന്ന കനാലിൽ തെരച്ചിൽ നടത്തിയത്. വനമേഖലയായതും ചെങ്കുത്തായ പാറയിടുക്കുകളും തെരച്ചിൽ ദുഷ്‌കരമാക്കി. അതിസാഹസികമായാണ് ദൗത്യം നിർവഹിച്ചത്.

കനാലിൽനിന്ന് സാലുവിന്റേതെന്നു കരുതുന്ന ചെരിപ്പുകൾ ആദ്യം കിട്ടി. പിന്നീട് ഷാളും കണ്ടെത്തി. സാലുവിന്റെ ജഡം നഗ്നമായ നിലയിലാണ്. മരണവേളയിൽ കറുത്ത ചുരിദാർ സാലു ധരിച്ചിരുന്നുവെന്നാണ് സലിൻ പറഞ്ഞിരുന്നത്. മൂന്നാർ, കട്ടപ്പന ഡിവൈ. എസ്‌പിമാരുടെ നേതൃത്വത്തിൽ സബ് ഡിവിഷനുകളിലെ നൂറുകണക്കിന് പൊലിസുകാരും എ. ആർ ക്യാമ്പിൽനിന്നുള്ളവരും തെരച്ചിലിൽ പങ്കാളികളായി. സാമ്പത്തിക തർക്കവും സാലു തന്നിൽനിന്ന് അകലുന്നതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമായി സലിൻ പൊലിസിനോട് പറഞ്ഞത്.