കൊല്ലം: മെൽബണിൽ ഭാര്യയുടെ കൈകളാൽ കൊല്ലപ്പെട്ട സാം എബ്രഹാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇനിയും ആ ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. കാമുകനുമൊത്ത് ജീവിക്കുന്നതിന് വേണ്ടി സ്വന്തം ഭർത്താവിനെ അരുംകൊല ചെയ്യുന്ന വിധത്തിലേക്ക് സോഫിയെ നയിച്ചത് എൻജിനീയറിങ് കോളേജ് പഠന കാലത്തെ പ്രണയ സാഫല്യത്തിന് വേണ്ടിയാണ്. കേസിൽ പ്രതികളായ കമലാസനനും സോഫിയും എൻജിനീയറിങ് ബിരുദധാരികളാണ്. ഇരുവരും മെൽബണിലാണ് ജോലി ചെയ്തിരുന്നതും. സോഫിയെ വിവാഹം ചെയ്ത ശേഷം സോഫിയുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് സാം എബ്രഹാം ഓസ്‌ട്രേലിയയിൽ എത്തിയതും ഇവിടെ ജോലി നേടിയതും. പലപ്പോഴും സാം തനിക്ക് പറ്റിയ ഭർത്താവല്ലെന്ന തോന്നലും എൻജിനീയർ കൂടിയായ കമലാസനനൊപ്പം ജീവിക്കാം എന്ന പ്രതീക്ഷയിലുമാണ് കൊലപാതകം പ്ലാൻ ചെയ്തതെന്നാണ് അറിയുന്നത്.

അതേസമയം അറസ്റ്റിലായ സോഫിയെയും അരുൺ കമലാസനെയും ആറുമാസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്. ജയിലിലായ ഇരുവരുടെയും കേസ് അടുത്ത ഫെബ്രുവരിയിലേ പരിഗണിക്കൂ. ഈ കാലയളവിൽ ഡിഎൻഎ പരിശോധനകൾ അടക്കം നടത്തി തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് മെൽബൺ പൊലീസ് പൊലീസ്. അതുവരെ അവിഹിത പ്രണയകഥയിലെ നായികയ്ക്കും നായകനും ജയിലിൽ തന്നെയാണ് ജീവിതം. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് സാമിന്റെ ചില ബന്ധുക്കൾക്ക് ഉണ്ടായ സംശയമാണ്. സോഫിയുടെ അവിഹിതബന്ധം അറിയാമായിരുന്ന ബന്ധുക്കൾ സാമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മെൽബണിൽ പൊലീസിൽ പരാതിനൽകിയിരുന്നു. ഈ പരാതിയിന്മേൽ പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണമാണ് കൊലപാതകത്തിലെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്.

കരവാളൂർ പുത്തുത്തടം സ്വദേശിനിയും സാമിന്റെ ഇടവകയിൽപെട്ടതുമായ സോഫിയുമായി പഠനകാലത്തുണ്ടായ പ്രണയമാണ് 2008ൽ വിവാഹത്തിലത്തെിയത്. ഇതിനിടെ എൻജിനീയറിങ് പഠനിത്തിനിടെയാണ് പാലക്കാട് സ്വദേശിയായ അരുൺ കമലാസനവുമായി സോഫി പ്രണയത്തിലായിത്. ഈ പ്രണയ ബന്ധം തുടർന്നു കൊണ്ടുപോകുകയായിരുന്നു ഇരുവരും. നേരത്തേ ഗൾഫിലായിരുന്ന സാം വിവാഹശേഷം സോഫിയുടെ ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് 2013ൽ അവിടെയത്തെിയത്. എൻജിനീയറിങ് ബിരുദധാരിയായ സോഫി മെൽബണിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുടെ അവിഹിതബന്ധം സാം നാട്ടിലെത്തിയപ്പോൾ ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. ഒരിക്കൽ ആക്രമിക്കപ്പെട്ട സാം താൻ ഏത് നിമിഷവും കൊലചെയ്യപ്പെട്ടേക്കുമെന്ന സൂചന നൽകിയിരുന്നു.

ഭർത്താവിനെ ഒഴിവാക്കി അരുണിനൊപ്പം ജീവിക്കാൻ കൊതിച്ചതാണ സോഫിയെ സയനൈഡിലേക്ക് എത്തിച്ചത്. രണ്ട് കൂട്ടരും ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ഈ കൊലപാതകം. മെൽബണിലെ താമസസ്ഥലത്തുവച്ച് ഭാര്യ സോഫി സയനൈഡ് ചേർത്ത ആഹാരം നൽകി സാമിനെ കൊല്ലുകയായിരുന്നു. ഭർത്താവ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ഒരു ഭാവഭേദവുമില്ലാതെ ഭർത്താവിന്റെ മൃതദേഹം നാട്ടിലത്തെിച്ച് ഒക്ടോബർ 23ന് സംസ്‌കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു. എന്നാൽ, സോഫിയുടെ അവിഹിതബന്ധം അറിയാമായിരുന്ന ബന്ധുക്കൾ സാമിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മെൽബണിൽ പൊലീസിൽ പരാതിനൽകിയിരുന്നു. രഹസ്യപൊലീസ് ഇരുവരുടെയും മൊബൈൽ സംഭാഷണം നിരീക്ഷിച്ച് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

അതേസമയം സാം എബ്രഹാമിന്റെ ദുര്യോഗം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കയാണ്. മലയാളിയായ കാമുകനുമായി ചേർന്ന് വിദേശത്തുവച്ച് സ്വന്തം ഭർത്താവിനെ നിഷ്ഠുരമായി കൊലചെയ്തത് സിനിമാക്കഥയിൽപോലും കാണാത്തതായിരുന്നു. സാമിന്റെ മൃതദേഹവുമായി നാട്ടിലത്തെിയിട്ട് സോഫി മൂന്നുദിവസത്തിനുശേഷം മെൽബണിലേക്ക് മടങ്ങിയിരുന്നു. സാമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും മുമ്പ് മെൽബണിൽ പൊതുദർശനത്തിനു വച്ചപ്പോൾ സോഫി സുഹൃത്തുക്കളെ കാണിക്കാൻ പൊട്ടിക്കരഞ്ഞു . പലപ്പോഴും വാവിട്ട് നിലവിളിച്ചു. ചിലപ്പോൾ മോഹാലസ്യപ്പെട്ടു. മൃതദേഹം നാട്ടിൽ എത്തിയപ്പോൾ മാറത്തടിച്ച് നിലവിളിക്കുകയും മോഹാലസ്യം കാണിക്കുകയും ചെയ്തു. വീട്ടിൽ കൂടുതൽ സമയവും അടച്ചിട്ട മുറിയിൽ ആരോടും സംസാരിക്കാൻ തയ്യാറാകാതെ കിടക്കുകയായിരുന്നു . ദുഃഖം താങ്ങാനാകാതെ ആണെന്നായിരുന്നു അന്ന് ബന്ധുക്കൾ കരുതിയത്. മെൽബണിൽ തിരിച്ചെത്തിയ സോഫി പഴയ വീട് ഉപേക്ഷിച്ച് കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന് വഴിത്തിരിവായി.

കരവാളൂർ മാർത്തോമാ ഇടവകയിലെ സാമൂഹികപ്രവർത്തകനായിരുന്ന സാം നല്ലൊരു ഗായകൻ ഗായകൻ കൂടിയായിരുന്നു. മാർത്തോമ്മാ യുവജന സഖ്യം കരവാളൂർ ബഥേൽ യൂണിറ്റ് മുൻ സെക്രട്ടറിയായിരുന്നു സാം. മെൽബണിലെ മലയാളി സമൂഹത്തിനും സാമിനെ കുറിച്ച് മോശം അഭിപ്രായങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊലപാതക വാർത്ത ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിലും കനത്ത ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.