കൊല്ലം: മെൽബണിൽ വച്ച് മലയാൡയുവാവ് സാം എബ്രഹാമിനെ ഭാര്യ സോഫിയ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കൊല്ലം പുനലൂരിലുള്ള ബന്ധുക്കൾ. മകനെ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കണ്ണീരൊലിപ്പിച്ച് സോഫിയയും കൂടെയുണ്ടായിരുന്നു എന്ന കാര്യം ഓർക്കുമ്പോൾ പലർക്കും രോഷവും സങ്കടവും ഇരട്ടിയാകുകയാണ്. ഭർത്താനിലെ കൊലപ്പെടുത്തിയ സോഫി ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി കണ്ണീരുമൊഴുക്കി മൃതദേഹത്തിന് സമീപത്തിരുന്നു. അന്ന് സോഫിയയെ ആശ്വസിപ്പിക്കാൻ എത്തിയവർ സോഫിയിൽ ഇത്രയും ക്രൂരയായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

തന്റെ ജീവൻ അപകടത്തിലായിരുന്നു എന്ന സൂചന സാം നേരത്തെ നൽകിയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. 'ഇനി എന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരുന്നത്'- കഴിഞ്ഞ സെപ്റ്റംബറിൽ പുനലൂരിലെ വീട്ടിലെത്തിയപ്പോൾ സാം ഏബ്രഹാം ബന്ധുക്കളോടായി പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. ബന്ധുവീടുകളിലെ സന്ദർശന വേളയിൽ ഇങ്ങനെ പറഞ്ഞെങ്കിലും ആരും അതു കാര്യമായി എടുത്തില്ല. നല്ല ജീവിതം നയിക്കുകയാണ് സാം എന്നാണ് ബന്ധുക്കളെല്ലാം കരുതിയത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന കാര്യവും ഇവർക്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതോർത്തു ഞെട്ടലും വേദനയും അടക്കാനാവുന്നില്ല ബന്ധുക്കൾക്ക്.

പുനലൂർ കരവാളൂർ സ്വദേശിയായ സാമിന്റെ ഉറ്റവർ കണ്ണീർക്കയത്തിലാണ്. തന്നെ വല്യപ്പച്ചന്റെ കല്ലറയ്ക്കു സമീപം അടക്കണമെന്നും അന്നു സാം പിതാവിനോടു പറഞ്ഞിരുന്നു. അലങ്കരിച്ച ശവമഞ്ചത്തിൽ കൊണ്ടുപോകണമെന്നു പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അടുത്ത ബന്ധുക്കളോടു ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സോഫിയുടെ കാമുകനായ അരുൺ കമലാസനൻ കാറിൽ വച്ചു ആക്രമിച്ചിരുന്നുവെന്നും ചില ബന്ധുക്കളെ അറിയിച്ചിരുന്നു. അന്ന് മുതലാണ് സാം താൻ കൊല്ലപ്പെടുമെന്ന സൂചന നൽകിയതും.

അതേസമയം സാം എബ്രഹാമിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്ക് പങ്കുള്ളതായി നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് സാം എബ്രഹാമിന്റെ അച്ഛൻ എബ്രഹാം പുനലൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മകന്റെ മരണം ഹൃദയാഘാതമാണെന്ന് പറഞ്ഞപ്പോഴും സംശയമുണ്ടായിരുന്നു.

എന്നാൽ, വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാലും കുടുംബ ബന്ധം ഓർത്തുമാണ് ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നത്. തങ്ങളുടെ ചെറുമകനെ സോഫിയയിൽ നിന്നും സുരക്ഷിതമായി വിട്ടുകിട്ടണമെന്നും സാം എബ്രഹാമിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ദുബായിൽ ജോലി ചെയ്ത ശേഷമാണ് സാം മെൽബണിലേക്ക് പോയത്. സംഗീതപ്രിയൻ കൂടിയായിരുന്നു അദ്ദേഹം. മെൽബണിലും ഉണ്ടായിരുന്നപ്പോൾ സംഗീതം വിട്ടൊരു ജീവിതം സാമിനുണ്ടായിരുന്നില്ല. നല്ലവണ്ണം ഗാനം ആലപിക്കുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു. സാമം. സൗമ്യമായ പെരുമാറ്റത്തിനൊപ്പം മികച്ച ഗായകനെന്നതും സാമിനെ ഏവരുടെയും പ്രിയങ്കരനാക്കിയിരുന്നു. അങ്ങനെയുള്ള സാം ഭാര്യയാൽ കൊല്ലപ്പെട്ടു എന്നത് പലർക്കും ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് പുനലൂർ കരവാളൂർ ആലക്കുന്നിൽ വീട്ടിൽ സാം എബ്രഹാം മെൽബണിലെ താമസസ്ഥലത്ത് വച്ച് മരിച്ചത്. മെൽബൺ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ ദിവസമാണ് ഇതുകൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ സോഫിയയും കാമുകൻ അരുൺ കമലാസനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതം വന്നാണ് മരണമെന്നായിരുന്നു ഇവർ എല്ലാവരെയും ധരിപ്പിച്ചിരുന്നത്. എന്നാൽ ഇതുകൊലപാതകമാണെന്നും സംഭവത്തിൽ സോഫിയയ്ക്ക് പങ്കുള്ളതായും നേരത്തെ സംശയിച്ചിരുന്നെന്നാണ് സാമിന്റെ മാതാപിതാക്കൾ പറയുന്നത്.

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. കുടുംബ ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മരണത്തിലുള്ള സംശയം ഇതുവരെ തുറന്ന് പറയാതിരുന്നത്. സാം എബ്രഹാമിന്റെ നാലുവയസുള്ള കുട്ടിയെ സുരക്ഷിതമായി കിട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു. മൃതദേഹം സംസ്‌കരിച്ച് 10 മാസം പിന്നിട്ടതിനാൽ ഇനിയും തെളിവുകൾ കിട്ടാൻ പ്രയാസമാകുമെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പുനലൂർ പൊലീസ് അറിയിച്ചിട്ടുണ്ട്.

സ്‌കൂൾതലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതരാകുകയായിരുന്നു. ഇതിനിടയിൽ തന്നെ കോളജിൽ പഠിക്കുമ്പോൾ അരുണുമായും സോഫി പ്രണയത്തിലായി. എന്നാൽ അപ്പോഴും സാമുമായുള്ള ബന്ധം തുടരുന്നുണ്ടായിരുന്നു. ഒടുവിൽ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്‌ട്രേലിയയിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ അരുണും ജോലി നേടി ഓസ്‌ട്രേലിയയിൽ എത്തിയതോടെയാണ് ഇരുവരുടെയും പ്രണയം വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഇതിനിടയിൽ സോഫിക്കും സാമിനും ഒരു ആൺകുഞ്ഞ് പിറന്നു. അമ്മയായിട്ടും തീവ്രപ്രണയം സൂക്ഷിച്ച സോഫി രഹസ്യബന്ധത്തിനു ഭർത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയതും സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയതും.