ളിച്ചും പതുങ്ങിയും നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചിരുന്ന ഭീകരർ ഇപ്പോൾ, പാക് അധീന കശ്മീരിൽനിന്ന് കശ്മീരിലേക്ക് നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങൾ നുഴഞ്ഞുകയറാനുള്ള മാർഗമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം സാംബ സെക്ടറിലെ ചമലിയാലിൽ ആക്രമണം നടത്തിയ മൂന്ന് ചാവേറുകൾ എത്തിയത് ഇത്തരത്തിലുള്ള തുരങ്കത്തിലൂടെയാണെന്ന് അതിർത്തി രക്ഷാസേന കണ്ടെത്തി.

80 മീറ്റർ നീളമുള്ള, രണ്ടടി വ്യാസവും രണ്ടടി ഉയരവുമുള്ള ടണലാണ് ചമലിയാലിലേക്ക് നിർമ്മിച്ചിരുന്നത്. നിയന്ത്രണരേഖയ്ക്ക് ഇപ്പുറത്ത് വന്നുചേരുന്ന ഈ തുരങ്കം പാക്കിസ്ഥാനിൽ എവിടെയാണ് തുടങ്ങുന്നതെന്ന് വ്യക്തമല്ല. ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ.ശർമയാണ് ബുധനാഴ്ച ടണലിനെക്കുറിച്ച് മാദ്ധ്യമങ്ങളെ അറിയിച്ചത്. സാംബ സെക്ടറിൽ മൂന്ന് ഭീകരർ ബി.എസ്.എഫുമായി ഏറ്റുമുട്ടിയ അതേസമയത്തുതന്നെയാണ് 70 കിലോമീറ്റർ അകലെ നഗ്രോഡയിൽ സൈനിക കേന്ദ്രത്തിലും ഭീകരാക്രമണമുണ്ടായത്.

നിയന്ത്രണ രേഖയിലെ വേലിയിലൂടെ ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചിട്ടില്ലെന്ന് കെ.കെ.ശർമ പറഞ്ഞു. വേലിയിൽനിന്ന് നാൽപ്പതുമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ടണൽ കാണപ്പെട്ടത്. ഇതിലൂടെയാവാം ഭീകരർ നുഴഞ്ഞുകയറിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതെവിടെയാണ് തുടങ്ങുന്നതെന്ന് കണ്ടെത്താനായിട്ടില്ല. ചമലിയാലിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും ബി.എസ്.എഫ് ജവാന്മാർ വധിച്ചിരുന്നു. ഇവരിൽനിന്ന് മൂന്ന് എകെ47 തോക്കുകളും 20 തിരകളും 517 വെടിയുണ്ടകളും 20 ഗ്രനേഡുകളും 8എംഎം പിസ്റ്റളും കണ്ടെടുത്തു.

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളൽനിന്ന് ഇത്തരത്തിലുള്ള കൂടുതൽ ടണലുകൾ നിർമ്മിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ അവസാനം പാക് അധീന കശ്മീരിൽ ഇന്ത്യൻ സേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനുശേഷം അതിർത്തിയിൽ നിരന്തരമായ ഭീകരാക്രമണമാണ് നടക്കുന്നത്. ബി.എസ്.എഫ് ഇതിനകം 15 പാക്കിസ്ഥാൻ സൈനികരെ വധിച്ചു. 10 ഭീകരരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ അഞ്ച് ബി.എസ്.എഫ് ജവാന്മാർക്ക് വീരമൃത്യുവുണ്ടായി.