- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പ്രളയം... പിന്നെ നിപ്പയും കൊവിഡും കോഴിക്കോടിനെ പിടിച്ചുകുലുക്കിയപ്പോഴും പതറാതെ നേരിട്ട ആത്മധൈര്യം; കോവിഡിൽ തെരുവിലുള്ളവർക്ക് ഉദയം; ആശ്വാസമായത് രണ്ടായിരത്തോളം അശരണർക്ക്; ഐഎഎസുകാരന് അംഗീകാരമായി ബെറ്റർ ഇന്ത്യ അംഗീകാരം; കടപ്പക്കാരൻ സാംബശിവറാവു മലയാളിയുടെ മനസ്സ് കീഴടക്കുമ്പോൾ
തിരുവനന്തപുരം: ബെറ്റർ ഇന്ത്യ തയ്യാറാക്കിയ എക്‌സലൻസ് ഇൻ പബ്‌ളിക് സർവീസ് പട്ടികയിൽ കേരളത്തിലെ ഐ എ എസുകാരൻ സാംബശിവ റാവു ഇടംപിടിക്കുന്നത് കോവിഡ് കാലത്ത് തെരുവിൽ കഴിഞ്ഞ മനുഷ്യർക്ക് പുതിയ പ്രതീക്ഷകൾ നൽകിയ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ്. ഇപ്പോൾ സർവേ ഡയറക്ടറാണ് സാംബശിവറാവു.
കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതത്തിന് താങ്ങും കരുതലുമായിനിന്ന ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ നേട്ടം വിലയിരുത്തിയാണ് രാജ്യത്തെ മികച്ച ഒരു ഡസൻ ഉദ്യോഗസ്ഥരുടെ പട്ടിക ബെറ്റർ ഇന്ത്യ ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയത്. സിവിൽ സർവീസ് എന്നത് വലിയ അവസരങ്ങളും ഉത്തരവാദിത്തവുമാണ് നൽകുന്നതെന്ന് സാംബശിവ റാവു പറയുന്നു. ഇത് നന്നായി ഉപയോഗിച്ച് ജനങ്ങളെ സേവിക്കുകയെന്നതാണ് പ്രധാനം. അതിനായുള്ള പരിശ്രമമാണ് എപ്പോഴും നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പ്രതികരിക്കുന്നു.
ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിനുവകയില്ലാതെ കോഴിക്കോട്ടെ തെരുവുകളിൽ കഴിഞ്ഞ മനുഷ്യരെ പുനരധിവസിപ്പിച്ച ഉദയം പദ്ധതിയാണ് റാവുവിനെ നേട്ടത്തിനർഹനാക്കിയത്. പദ്ധതി ഇതുവരെ രണ്ടായിരത്തോളം മനുഷ്യർക്ക് പുതുജീവിതമേകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഭക്ഷണവിതരണം മാത്രമായിരുന്നു ലക്ഷ്യം. പിന്നീടാണ് തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി 'ഉദയം' പ്രവർത്തനം തുടങ്ങി.
ഇവരെ പുനരധിവസിപ്പിക്കാനായി ജില്ലാഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഉദയം ഹോമുകൾ ഒരുക്കി. വെള്ളയിൽ വരയ്ക്കൽ, ചേവായൂർ, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് ഉദയം ഹോം തുടങ്ങിയത്. ഹോമിലെത്തിയ അർഹതപ്പെട്ടവർക്കെല്ലാം വോട്ടേഴ്‌സ് ഐ.ഡി., ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളും നൽകി. നിരക്ഷരരെ എഴുത്തും വായനയും പഠിപ്പിച്ചു. നൂറോളംപേരുടെ കുടുംബങ്ങളെ കണ്ടെത്തി തിരികെയെത്തിച്ചു.
ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സൈക്കോ സോഷ്യൽ കെയർ ടീമും സഹായിച്ചു. തൊഴിൽ പരിശീലനവുമുണ്ട്. ആദ്യം പ്രളയം. പിന്നെ നിപ്പയും കൊവിഡും. ഇവയെല്ലാം കോഴിക്കോടിനെ പിടിച്ചുകുലുക്കിയപ്പോഴും പതറാതെ നേരിടുകയായിരുന്നു അന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു. 2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഇദ്ദേഹം. ഇടുക്കി സബ് കളക്ടർ , സിവിൽ സപ്ലൈസ് ഡയറക്ടർ, തിരുവനന്തപുരം നഗരസഭ സെക്രട്ടറി, സഹകരണ രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കടപ്പയാണ് സ്വദേശം.കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ കോവിഡ് ജാഗ്രത പോർട്ടൽ ഉൾപ്പെടെ മാതൃക സൃഷ്ടിച്ചാണ് സാംബശിവറാവു ചർച്ചകളിൽ എത്തിയത്. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു കളക്ടർ.തെരുവിൽ കഴിയുന്നവർക്കുള്ള 'ഉദയം' പുനരധിവാസ പദ്ധതി, നമ്മുടെ കോഴിക്കോട് എന്നിവയും ഇദ്ദേഹം നടപ്പാക്കി. കോവിഡ് പ്രതിരോധത്തിൽ പ്രദേശിക നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലൂടെയും മാതൃക കാട്ടി.
2018 നവംബർ 15 നാണ് അദ്ദേഹം കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്. സാംബശിവ റാവു 2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൂട്ടായ പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും രണ്ടര വർഷം പിന്നിട്ട് വളരെ സന്തോഷത്തോടെയാണ് കോഴിക്കോട് ജില്ലയിൽ നിന്ന് സംബശിവറാവു പുതിയ ചുമതലയിലേക്ക് മാറിയത്. മിഷൻ കോഴിക്കോട് വികസന മാർഗരേഖയുണ്ടാക്കിയായിരുന്നു പ്രവർത്തിച്ചത്. ഇതാണ് അംഗീകരിക്കപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ