തിരുവനന്തപുരം: കോഴഞ്ചേരിയിലെ പൊയ്യാനിൽ പ്‌ളാസ ബ്രാഞ്ചിൽ ഒരു വയോധികനെ വിരട്ടുകയും വിരൽചൂണ്ടി കയർക്കുകയും ചെയ്യുന്ന എസ്‌ബിഐയിലെ ഒരു ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം മറുനാടൻ ലൈവ് ചർച്ചയാക്കിയതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വ്യാപക പ്രതിഷേധം. മറുനാടൻ ചർച്ച നടക്കുന്നതിനിടെ ഈ വിഷയത്തിൽ മോശം പെരുമാറ്റം നേരിട്ട വയോധികനും അദ്ദേഹത്തിന്റെ മകനും ഉണ്ടായ സംഭവങ്ങൾ പ്രേക്ഷകരോട് തുറന്നുപറയുകയും ചെയ്തു.

 


കാൻസർ രോഗിയായ വയോധികനോടാണ് ഇത്തരം മോശം പെരുമാറ്റം എസ്‌ബിഐ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടായത്. കണ്ണിന് കാഴ്ചക്കുറവുള്ള അദ്ദേഹം ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതിനായിരുന്നു ഡെപ്യൂട്ടി മാനേജരായ നിബിൻ ബാബു എന്ന ഉദ്യോഗസ്ഥൻ മോശം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന ഭാര്യയേയും അപമാനിച്ച് ഇറക്കിവിട്ടത്. തുടർന്ന് അരിശം തീരാഞ്ഞ് പുറത്ത് കസ്റ്റമർ ലോഞ്ചിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വെല്ലുവിളിയും ഭീഷണിയും മുഴക്കി. ഇത് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം വലിയ ചർച്ചയായി. നിരവധി പേർ എസ്‌ബിഐയിൽ നിന്ന് നേരിടുന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ കണ്ടാണ് മറുനാടൻ ഈ വിഷയം അന്വേഷിക്കുന്നത്. എസ്‌ബിഐയുടെ ബ്രാഞ്ച് മാനേജരുമായും ചീഫ് മാനേജർ ശ്യാമുമായും പിആർഒ വേണുഗോപാലുമായും ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും ഈ വിഷയം നിസ്സാരമെന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ഒട്ടേറെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇക്കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലൈവ് ചർച്ചയും നടത്തി. ഇതോടെയാണ് ആയിരങ്ങൾ എസ്‌ബിഐക്ക് എതിരെ നിരവധി പരാതികൾ ഉന്നയിച്ച് രംഗത്തെത്തി. ഇതിനിടെ ഞങ്ങളുമായി ബന്ധപ്പെട്ട് അപമാനിതനായ വയോധികനും അദ്ദേഹത്തിന്റെ മകനും ദുരനുഭവം വ്യക്തമാക്കുകയായിരുന്നു.

 

ബാങ്കിൽ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് വയോധികൻ

ഞാനൊരു കാൻസർ രോഗിയാണ്. ആർസിസിയിൽ ചികിത്സ തേടുന്നു. ഒരു കണ്ണിന് അമ്പതു ശതമാനം കാഴ്ചയില്ലാത്തയാളാണ്. മറ്റേക്കണ്ണ് ഒട്ടും കാണാത്തയാളാണ്. ഇന്നലെ ബാങ്കിൽ പോയപ്പോഴാണ് ഈ സംഭവം. വീട്ടിലിരുന്ന സ്വർണം ലോക്കറിൽ വയ്ക്കാൻ പോയപ്പോഴാണ് സംഭവം. ഇന്നലെ രാവിലെ ട്രീറ്റ്‌മെന്റിന് പോണമായിരുന്നു. അപ്പോഴാണ് ബാങ്കിൽ പോയത്. എസ്‌ബിറ്റിയിൽ ചെന്നപ്പോൾ ഭാര്യയും കൂടെയുണ്ടായിരുന്നു. ഭാര്യയാണെങ്കിൽ കണ്ണടയെടുത്തിരുന്നില്ല. ഫോം പൂരിപ്പിച്ച് കൊടുക്കണമായിരുന്നു.

അത് ഒന്നു ചെയ്തുതരാൻ ചോദിച്ചു. എന്റെ ജോലിയല്ല എന്ന് പറഞ്ഞ് വളരെ അപമര്യാദയോടെ സംസാരിക്കുകയായിരുന്നു. പിന്നീട് കസ്റ്റമറുടെ സീറ്റിൽ വന്നിരുന്നപ്പോഴാണ് എന്നെ അടിക്കാനായി ഇറങ്ങി വന്നത്. എംബസിയിലും മനുഷ്യാവകാശ കമ്മിഷനും കേസ് കൊടുക്കാൻ പോകുകയാണ്. ഈ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ എന്റെ മോൻ ഇതിൽ പരാതി നൽകുന്നുണ്ട്. വീഡിയോ എടുത്തയാളെയും തൊട്ടു തലേദിവസം ഇതേ ഉദ്യോഗസ്ഥൻ അപമാനിച്ചിരുന്നു എന്നാണ് പറയുന്നു. അപമാനിച്ചയാൾ നിബിൻ ബാബു എന്ന ഉദ്യോഗസ്ഥനാണ്. എനിക്ക് എൺപതു വയസ്സുണ്ട്. ഡെപ്യൂട്ടി മാനേജരാണ്. കോഴഞ്ചേരി പുളിയിലേത്ത് റോക്കി വില്ലയിലെ താമസക്കാരനാണ് രാജു എന്ന് വിളിക്കുന്ന സാമുവൽ.

പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് വ്യക്തമാക്കി മകൻ

എസ്‌ബിഐ ഉദ്യോഗസ്ഥനിൽ നിന്ന് തന്റെ പിതാവിന് നേരിട്ട ദുരനുഭവത്തിൽ നിയമനടപടിയുൾപ്പെടെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി ന്്ൽകുമെന്നും റോക്‌സി പറയുന്നു. എനിക്ക് വളരെ വിഷമമുണ്ടാക്കിയ സംഭവമാണ് ഇത്. എന്റെ അച്ഛനാണ് ഈയൊരു ദുരനുഭവം ഉണ്ടായത്. എന്റെ പേര് റോക്‌സി സാം എന്നാണ്്. അച്ചന്റെ പേര് രാജുവെന്നാണ് നാട്ടിലറിയുന്നത്. പിഎസ് സാമുവൽ എന്നാണ് പേര്. കുറേക്കാലമായി വിദേശത്ത് ജോലിചെയ്ത് നാട്ടിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. ഒരു കാൻസർ പേഷ്യന്റാണ്. ചികിത്സിച്ച് ഒരു വിധം ഭേദമായെങ്കിലും ഇപ്പോൾ വീണ്ടും ചികിത്സയിലാണ്. 60 ശതമാനം കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ്. ഇന്നലെ രാവിലെ ബാങ്കിൽ പോയപ്പോൾ ഫോം ഫിൽ ചെയ്ത് തരാമോ എന്ന് ചോദിച്ചതാണ് അവർക്ക് പ്രശ്‌നമായത്. അമ്മയ്ക്ക് കാറ്ററാക്ട് സർജറി കഴിഞ്ഞതാണ്. കണ്ണട എടുത്തില്ലായിരുന്നു. കണ്ണിൽ പാട മൂടുന്ന അവസ്ഥയുള്ളതിനാൽ അമ്മയ്ക്കും ഫോം ഫിൽ ചെയ്യാൻ പറ്റുമായിരുന്നില്ല.

ഒന്ന് എഴുതിത്ത്ത്ത്തരാമോ എന്ന് ചോദിച്ചതിനാണ് അയാൾ കയർത്തത്. വേണമെങ്കിൽ നിങ്ങൾ തന്നെ ഫിൽ ചെയ്യണമെന്ന് പറഞ്ഞ് ഗെറ്റൗട്ടടിച്ച് ഇറക്കിവിട്ടു. അവർ പുറത്തുവന്ന് ഇരിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതും. മോശമായി പെരുമാറുന്നതും. റെക്കോഡ് ചെയതതും ഇതേപോലെ പ്രശ്‌നം ഉണ്ടായ ആരോ ആണ്. ആരായാലും അവരോട് വലിയ നന്ദിയുണ്ട്. ഈയൊരു പ്രശ്‌നം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്. ഇത് കണ്ട് നിരവധി പേർ ഫേസ്‌ബുക്കിലും മറ്റും ബന്ധപ്പെട്ടു. നിരവധി സുഹൃത്തുക്കളും ബന്ധുക്കളും ഇതുപോലെ അനുഭവങ്ങൾ പറഞ്ഞു. ഈ വിഷയം എന്തായാലും ഇതുപോലെ വിടാൻ ഉദ്ദേശിക്കുന്നില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഉന്നത അധികാരികളുമായി ബന്ധപ്പെടും. എംബസികളുമായി ബന്ധപ്പെട്ട് അവർക്കും പരാതി നൽകും. പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്കും കേരളത്തിലെ എല്ലാ മന്ത്രിമാർക്കും പരാതി നൽകും - റോക്‌സി സാം പറയുന്നു. വിഷയത്തിൽ നിയമസഹായം തേടുമെന്നും റോക്‌സി പറഞ്ഞു.

ആ ഉദ്യോഗസ്ഥൻ ആരായിരുന്നാലും പ്രായത്തെ ബഹുമാനിക്കണമായിരുന്നു. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. റോഡിലൂടെ നടന്നുപോകുന്ന ചിലർ നമ്മളെ സമീപിച്ച് മോനേ.. ആ ബോർഡ് ഒന്നു വായിച്ചു തരാമോ എന്ന് ചോദിക്കുന്ന അനുഭവം നമ്മളിൽ പലർക്കും ഉണ്ടായിക്കാണും. ഇതുപോലെ പലപല ശാരീരിക അസ്വസ്ഥത ഉള്ളവരായിരിക്കും പലരും. നമ്മൾ എപ്പോഴും പ്രായത്തെ ബഹുമാനിക്കണമെന്ന് പഠിക്കുന്നവരാണ്. ആ രീതിയിൽ നിന്നൊക്കെ മാറിയാണ് പുതുതലമുറ നടക്കുന്നത്. ഇതിന് ഉദാഹരണമാണ് തന്റെ അച്ഛനുണ്ടായ ദുരനുഭവം എന്ന് റോക്‌സി പറയുന്നു. ഏതായാലും നിയമനടപടിയിലേക്ക് നീങ്ങുമെന്നും ആ ഉദ്യോഗസ്ഥന് ബാങ്ക് തക്കതായ ശിക്ഷ നൽകുന്നതുവരെ പോരാട്ടം തുടരുമെന്നും റോക്‌സി മറുനാടനോട് വ്യക്തമാക്കി.

സംഭവം നിസ്സാരമായി കണ്ട് ബാങ്ക് അധികാരികൾ

ഇത്തരമൊരു സംഭവം ഉണ്ടായോ എന്ന് എസ്‌ബിഐയുമായി ബന്ധപ്പെട്ട് മറുനാടൻ അന്വേഷണം നടത്തിയെങ്കിലും വിഷയം ബാങ്ക് ഹെഡ് ഓഫീസ് ഉൾപ്പെടെ ഗൗരവമായി എടുത്തിട്ടില്ലെന്ന മട്ടിൽ ആയിരുന്നു പ്രതികരണം. സംഭവം ഉണ്ടായ കോഴഞ്ചേരിയെ ശാഖാ മാനേജരോടാണ് ഞങ്ങൾ ആദ്യം സംസാരിച്ചത്. ഇങ്ങനെയൊരു സംഭവം ഉണ്ടായെന്ന് സ്ഥിരീകരിച്ചപ്പോഴും ഇതേപ്പറ്റി തനിക്കൊന്നും പറയാൻ കഴിയില്ലെന്നും ചീഫ് മാനേജർ സാമിനെ ബന്ധപ്പെടാനുമാണ് അവർ അറിയിച്ചത്. തുടർന്ന് അദ്ദേഹത്തെ വിളിച്ചപ്പോഴാകട്ടെ ഇക്കാര്യത്തെ പറ്റി തനിക്ക് കൂടുതൽ ഒന്നും അറിയില്ലെന്നും ഇത്തരം പരാതികളിൽ മാധ്യമങ്ങൾക്ക് വിവരം നൽകേണ്ടത് ലോക്കൽ ഹെഡ് ഓഫീസിലെ പബ്ളിക് റിലേഷൻസ് ഓഫീസർ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടർന്ന് പൂജപ്പുരയിലെ എസ്‌ബിഐ ഹെഡ് ഓഫീസ് പിആർഒ വേണുഗോപാലിനെ ഞങ്ങൾ ബന്ധപ്പെട്ടു. കോഴഞ്ചേരി ബ്രാഞ്ചിൽ ഇങ്ങനെയൊരു വിഷയമുണ്ടായില്ലേ എന്ന ചോദ്യത്തിന് തനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും അവിടെ ബന്ധപ്പെടാനുമായിരുന്നു മറുപടി. ചീഫ് മാനേജരെ ബന്ധപ്പെട്ടപ്പോഴാണ് താങ്കളെ ബന്ധപ്പെടാൻ പറഞ്ഞതെന്ന് വ്യക്തമാക്കിയതോടെ തനിക്ക് അക്കാര്യത്തെ പറ്റി കൂടുതൽ അറിയില്ലെന്നും ഈ സംഭവം ഒരു സീരിയസ് വിഷയമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമാണ് പിആർഒ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പ്രചരിക്കുന്നു എന്നല്ലാതെ പരാതിയൊന്നും കിട്ടിയില്ലെന്നായിരുന്നു പ്രതികരണം. കസ്റ്റമറുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പരാതി കിട്ടിയാലേ ഇത്തരം വിഷയങ്ങളിൽ അന്വേഷണം ഉണ്ടാകൂ എന്നും മാത്രമേ പിആർഓയ്ക്കും പറയാനുള്ളൂ.

ബാങ്കിന്റെ ഉന്നതർ തന്നെ ഈ വിഷയം എത്രമാത്രം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഈ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. സീനിയർ സിറ്റിസൺ ആയ ഒരു കസ്റ്റമറെ അപമാനിക്കുന്ന രീതിയിൽ ഒരു ഉദ്യോഗസ്ഥൻ പെരുമാറിയതിനെതിരെ ഏതായാലും സോഷ്യൽമീഡിയ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇതോടെ ബാങ്കിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞാണ് പലരും ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഓരോ ഇടപാടിന്റെ പേരിലും ഫൈനും മറ്റും ഈടാക്കുന്നതും ബാങ്ക് ഉപഭോക്താവിനെ കൊള്ളയടിക്കുന്നതും ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് അടിമകളേപ്പോലെയാണ് എസ്‌ബിഐ ജീവനക്കാരുടെ പെരുമാറ്റമെന്ന് വ്യക്തമാക്കിയാണ് ഇടപാടുകാർ എത്തുന്നത്.

വയോധികനെ മാനേജർ വിരട്ടുന്നത് ഇങ്ങനെ

നിങ്ങളെഴുതണ്ടകാര്യം നിങ്ങളെഴുതണമെന്നും ഈ ബാങ്കിലെ കാര്യം ഇങ്ങനെയേ നടക്കുള്ളൂ എന്നും പറഞ്ഞാണ് സ്ളിപ്പിൽ എഴുതുന്നതിന്റെ പേരിൽ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ വയോധികനെ വെല്ലുവിളിക്കുന്നത്. എടോപോടോ എന്ന് വിളിച്ചെന്ന് പറഞ്ഞാണ് വയോധികനായ കസ്റ്റമറുടെ മുന്നിലെത്തി വിരട്ടൽ പുരോഗമിക്കുന്നത്.

തനിക്കെന്റെ കൊച്ചുമോനാകണ്ട പ്രായമേ ഉള്ളൂ എന്നും ഞാനെന്താ തന്നെ തെറിപറഞ്ഞോ എന്നും വയോധികൻ പറയുമ്പോഴും കസ്റ്റമറെ വിരട്ടുകയാണ് അസി. മാനേജർ. താൻ തന്റെ കാര്യം നോക്ക് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാമെന്ന് വയോധികനും മറുപടി നൽകുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടുത്തിരുന്ന മറ്റൊരു കസ്റ്റമറാണ് പകർത്തുന്നത്.

കഴിഞ്ഞയാഴ്ച പുള്ളി എന്നോടായിരുന്നു കയർത്തതെന്ന് ഈ രംഗം ചിത്രീകരിച്ച കസ്റ്റമറും പറയുന്നുണ്ട്. ഇതോടെ വീണ്ടും ഉദ്യോഗസ്ഥൻ അയാളുടെ അടുത്തേക്കും രോഷത്തോടെ എത്തുന്നു. ഇതോടെ താൻ തന്റെ സീറ്റിൽ പോയിരുന്നു പണിചെയ്യ് എന്ന് വയോധികനായ കസ്റ്റമർ പറയുന്നതോടെ.

ഓ.. അത് ഞാൻ ചെയ്തോളാമെന്നായി ഉദ്യോഗസ്ഥൻ. എന്തിനാ ഇത്രയ്ക്ക് ചൂടാവുന്നതെന്ന് ചോദിച്ച് കസ്റ്റമറുടെ നേരെ ചോദ്യങ്ങളുമായി നീങ്ങുകയാണ് ഉദ്യോഗസ്ഥൻ. ഇതോടെ ബാങ്ക് മാനേജർ എന്ന് കരുതുന്ന ഉദ്യോഗസ്ഥ വന്ന അസി. മാനേജരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻതവണ തനിക്കെതിരെ ആയിരുന്നു ഈ ഉദ്യോഗസ്ഥന്റെ പരാക്രമമെന്നും അന്ന് തന്നെ സെക്യൂരിറ്റിക്കാരനെ കൊണ്ട് പുറത്താക്കാൻ ശ്രമിച്ചുവെന്നും ദൃശ്യം ചിത്രീകരിച്ച കസ്റ്റമർ പറയുന്നുണ്ട്.

ഇതു കേട്ടതും വീണ്ടും മാനജർ കലികയറി വരികയാണ്. ഇനിയും വേണമെങ്കിൽ അങ്ങനെ ചെയ്യുമെന്നാണ് ഇക്കുറി ഭീഷണി. ഞങ്ങളുടെ ക്ഷമയ്ക്കൊക്കെ അതിരില്ലേ.. ഞങ്ങൾ എന്താ ചെയ്തതെന്ന് കസ്റ്റമർ ചോദിക്കുമ്പോഴും ആവേശംവിടാതെ ഇവർക്കെതിരെ നീങ്ങുകയാണ്  മാനേജർ. - ഇങ്ങനെയൊരു ദൃശ്യം സോഷ്യൽമീഡിയയിൽ ഇന്നലെ മുതൽ പ്രചരിച്ചതോടെ എസ്‌ബിഐ നടത്തുന്ന പകൽക്കൊള്ളയ്ക്ക് എതിരെയും ഇടപാടുകാരോട് വളരെ മോശമായി പെരുമാറുന്നതിന്റേയും അനുഭവങ്ങൾ പങ്കുവച്ച് പലരും രംഗത്തെത്തുകയും ചെയ്തു.