- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരെ ശല്യം ചെയ്തിട്ടില്ല, താൻ നിരപരാധിയെന്ന് സനൽകുമാർ ശശിധരൻ; കസ്റ്റഡിയിലുള്ള സംവിധായകനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ; നിർണായകമാകുക ഫോൺ പരിശോധന; സനലിന്റെ വൈരത്തിലേക്ക് നയിച്ചത് കടുത്ത പ്രണയ നൈരാശ്യം
കൊച്ചി: മഞ്ജു വാരിയരുടെ പരാതിയിൽ കൊച്ചി എളമക്കരപൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചേക്കും. ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ് സംവിധായകൻ. പാറശാലയിൽ നിന്നാണ് സനലിനെ കസ്റ്റഡിയിൽ എടുത്തത്. താൻ നിരപരാധിയാണെന്നും മഞ്ജുവിനെ ശല്യം ചെയ്തിട്ടില്ലെന്നും സനൽ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. മഫ്തിയിലെത്തിയ പൊലീസ് സംഘം തന്നെ കസ്റ്റഡിയിലെടുക്കുന്നത് സംവിധായകൻ പ്രതിരോധിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. തനിക്കെതിരെ തുടർച്ചയായി സമൂഹമാധ്യമത്തിലൂടെ അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി.
ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. എന്നാൽ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോൺ കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തേണ്ട കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുക. സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും, തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്‌തെന്ന മഞ്ജുവിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354ഉ വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
അന്തർദേശീയ പുരസ്‌കാരങ്ങൾ അടക്കം നേടിയ സനൽകുമാർ ശശിധരൻ എന്തു കൊണ്ട് മഞ്ജു വാര്യരെ ചുറ്റിപ്പറ്റി പോസ്റ്റുകൾ ഇടുന്നു എന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി ചർച്ചാ വിഷയമായിരുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെ മഞ്ജു വാര്യർ പ്രതികരിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. നാല് ദിവസം മഞ്ജുവാര്യർ പ്രതികരിക്കാത്തതിൽ സനൽ കുമാർ ശശിധരൻ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.
ഒടുവിൽ പൊലീസിൽ പരാതി നൽകി ലേഡി സൂപ്പർസ്റ്റാർ നടപടി കടുപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ മറനീക്കി പുറത്തുവന്നത്. എളമക്കര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. 2019 ഓഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. എഫ് ഐ ആറിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും ഒടുവിൽ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ചിത്രവും പലതരത്തിൽ പ്രതിസന്ധി നേരിട്ടു. കയറ്റത്തിന് ശേഷം തനിക്ക് വിവിധ തലങ്ങളിൽ ഭീഷണിയുണ്ടെന്ന് സനൽകുമാർ ശശിധരനും വെളിപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് മുതൽ ഇമെയിലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പ്രണയാഭ്യർഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താൽ പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് മഞ്ജു നൽകിയ പരാതിയുടെ ഉള്ളടക്കം. സംവിധായകനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതെന്ന് നടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
മഞ്ജു വാരിയരുടെ ജീവൻ അപകടത്തിലാണെന്നും അവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണം. മഞ്ജുവിനെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്ത 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ലൊക്കേഷനിൽ മഞ്ജു വാരിയരോട് സനൽ പ്രണയം പറഞ്ഞിരുന്നു. അതു കാര്യമായി എടുക്കാതിരുന്നതോെട തുടർച്ചയായി ഫോൺ വിളിച്ചു. കോളും വാട്‌സാപ്പും ബ്ലോക്ക് ചെയ്തപ്പോൾ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. നേരിട്ടുവിളിച്ച് താക്കീത് നൽകിയിട്ടും ശല്യം തുടർന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീൻഷോട്ടുകൾ സഹിതം മഞ്ജു പരാതി നൽകിയതെന്നു അവരോട് അടുപ്പമുള്ളവർ പറഞ്ഞു
അതേസമയം സംവിധായകന്റെ അറസ്റ്റും നാടകീയമായിരുന്നു. തിരുവനന്തപുരം പാറശാലയിൽ ബന്ധു വീട്ടിൽ നിൽക്കുമ്പോഴാണ് സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇന്നോവ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങൾ സനൽകുമാർ ശശിധരൻ പുറത്ത് വിട്ടിരുന്നു. അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. രാവിലെ 11.15ന് തുടങ്ങിയ നാടകീയത അരമണിക്കൂർ നീണ്ടു.
ഒടുവിൽ പാറശാല പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പിന്നാലെ പാറശാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് കൊച്ചി പൊലീസ് സംഘം സനൽകുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്. ഇതിനിടെ കൊച്ചി കമ്മീഷണർ കസ്റ്റഡി സ്ഥിരീകരിച്ചു. വേഷ പ്രച്ഛന്നരായി മുന്നറിയിപ്പ് ഇല്ലാതെ വന്ന് പിടികൂടിയതിൽ സനൽകുമാർ ശശിധരനും പ്രതിഷേധിച്ചു. അറിയിച്ചിരുന്നെങ്കിൽ താൻ സഹകരിക്കുമായിരുന്നു എന്ന് സനൽകുമാർ അറിയിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ