സൗഹൃദം തേടി ഫേസ്‌ബുക്കിൽ കൂടുകുട്ടാത്തവർ ആരുമില്ല. എന്നാൽ സൗഹൃദത്തെ അങ്ങിനെ ഫേസ്‌ബുക്കിൽ മാത്രം ഒതുക്കി നിർത്താനുള്ളതാണോ? ചിലരുടെ എങ്കിലും മനസ്സിൽ അങ്ങിനെ ഒരു സംശയം തോന്നാതിരിക്കില്ല. ഇത്തരം ഒരു ആശയം മനസ്സിൽ തൊട്ടപ്പോൾ ഫേസ്‌ബുക്കിൽ മാത്രം കണ്ടു പരിചയപ്പെട്ട ചിലരുടെ സൗഹൃദങ്ങൾ വളർന്നു. അവർക്ക് എല്ലാവർക്കും ഒരേ ടേസ്റ്റ് ആയിരുന്നു. കാണണം.. കണ്ണു തുറന്ന് കാണണം.. ലോകത്തെ കാണണം.. പ്രകൃതിയെ കാണണം... നമുക്ക് ചുറ്റുമുള്ള എല്ലാം എല്ലാം കാണണം. അങ്ങിനെ ഒരേ ആശയങ്ങൾ ഉള്ള അവർ തങ്ങളുടെ എല്ലാം ആശയത്തെ ഒന്നിപ്പിച്ച് ഇമ്മിണി ബലുതാക്കി. അങ്ങിനെയാണ് ഫേസ്‌ബുക്കിൽ സഞ്ചാരി എന്ന ഗ്രൂപ്പ് പിറന്നത്.

2014ൽ പിറന്ന ഈ ഗ്രൂപ്പിന് മൂന്ന് വർഷം പിന്നിട്ടപ്പോൾ ഈ വർഷത്തെ കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ അവാർഡ് ലഭിക്കുകയും ചെയ്തു. മോസ്റ്റ് ഇന്നവേറ്റീവ് യൂസ് ഓഫ് ഇന്റഫോർമേഷൻ ടെക്‌നോളജി ഇൻ ടൂറിസം സെക്ടർ എന്ന വിഭാഗത്തിലാണ് സഞ്ചാരിക്ക് അവാർഡ് ലഭിച്ചത്. ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും നൂതനമായ ഉപയോഗത്തിനുള്ള കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് നൽകുന്ന സ്പെഷ്യൽ അവാർഡാണ് ഇത്. സഞ്ചാരിയുടെ അഡ്‌മിൻ പാനൽ അംഗങ്ങളായ എബി ജോൺ, ഹമീദ് വാഴക്കാടൻ എന്നിവർ ചേർന്നാണ് ഇന്നലെ മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്.

പേരുപോലെ തന്നെ സഞ്ചരിക്കുക. ഭയമില്ലാതെ സഞ്ചരിക്കാൻ എല്ലാവർക്കും അവസരമൊരുക്കുക. ആൺ പെൺ വ്യത്യാസമില്ലാതെ, ഭാഷകളുടെ അതിർ വരമ്പുകളില്ലാതെ. ഇതിന് യാത്രയെ സ്‌നേഹിക്കുന്ന എല്ലാവർക്കും അവസരം ഒരുക്കുകയാണ് സഞ്ചാരി ഗ്രൂപ്പ് ഫേസ്‌ബുക്കിലൂടെ ചെയ്യുന്നത്. 2014 നവംബറിലാണ് വളരെ കുറച്ച് അംഗങ്ങളുമായി സഞ്ചാരി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത്. ഇതിൽ ഇന്ന് അഞ്ച് ലക്ഷത്തിനടുത്ത് ആൾക്കാരാണ് ഉള്ളത്. ഇവർ യാത്രകൾ സംഘടിപ്പിക്കുന്നു. ഇവർ നടത്തുന്ന യാത്രകൾക്ക് ഒരു പ്രത്യേകയുണ്ട്. പ്രകൃതിയെ അടുത്തറിയുന്നതിനുള്ള യാത്രകളാണ് ഇവർ സംഘടിപ്പിക്കുന്നത്.

'പ്രകൃതിയോടൊപ്പമുള്ള യാത്ര എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ന് സ്‌കൂളുകളിൽ പോലും ഇല്ല പ്രകൃതിയെ കുറിച്ചുള്ള പഠനം. സ്വാഭാവിക പ്രകൃതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധമുണ്ടാക്കൽ. എന്നാൽ സഞ്ചാരി സംഘടിപ്പിക്കുന്ന യാത്രകളിലൂടെ എല്ലാവർക്കും പ്രകൃതിയെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് സഞ്ചാരി ചെയ്യുന്നത്. യാത്രയെ ഒരു വിദ്യാഭ്യാസമായി കാണുന്നവരാണ് ഈ സഞ്ചാരികൾ. ഇതു തന്നെയാണ് ഓരോ യാത്രയുടെയും ലക്ഷ്യം. പോകുന്ന സ്ഥലങ്ങളിൽ നിന്നും കഴിയുന്ന അറിവുകൾ സമ്പാദിക്കാനും അവിടുത്തെ ജനങ്ങളുടെ സംസ്‌ക്കാരം മനസ്സിലാക്കാനും ഇവർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. ഉത്തരവാദിത്ത ടൂറിസം, കോൺട്രിബ്യൂട്ടിങ് ടൂറിസം എന്നിവപ്രചരിപ്പിക്കുകയും സഞ്ചാരികളുടെ ലക്ഷ്യത്തിൽ പെടുന്നു.

യാത്രകൾ മാത്രമല്ല തങ്ങൾ ചെല്ലുന്ന സ്ഥലത്തെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ സഹായ ഹസ്തം നീട്ടാനും ഇവർ മടികാണിക്കാറില്ല. നോട്ട്ബുക്ക് എന്ന പേരിൽ പാവപ്പെട്ട കുട്ടികൾക്ക് സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. പുസ്തകം, നോട്ട് ബുക്ക്, ബാഗ് തുടങ്ങി കുട്ടികൾക്ക് വേണ്ടുന്നതെല്ലാം ചേർത്ത സ്‌കൂൾ കിറ്റാണ് ഇവൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നത്. കേരളത്തിൽ മാത്രമല്ല ഇവരുടെ ചാരിറ്റി പ്രവർത്തനങ്ങൾ. സഞ്ചാരികളുടെ സാമ്പത്തിക സഹകരണത്തോടെ രാജസ്ഥാൻ മരുഭൂമിയിൽകിണർ പ്രൊജക്റ്റും നടത്തുന്നുണ്ട്.

 സഞ്ചാരിക്ക് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 25 യൂണിറ്റുകൾ ഉണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലെ യൂണിറ്റുകൾക്ക് പുറമേ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ എന്നീ നഗരങ്ങളിലും കൂടാതെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായി എട്ട് യൂണിറ്റുകളും ഉണ്ട്. എല്ലാ മാസവും യൂണിറ്റുകളിൽ നിന്നും യാത്രകൾ സംഘടിപ്പിക്കാറുണ്ട്. കൂട്ടത്തോടെയുള്ള യാത്ര ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള യാത്രകളിലൂടെയുള്ള ചെലവ് കുറയ്ക്കാനും സഹായകമാകുന്നു എന്നതും സഞ്ചാരിയുടെ ലൈക്ക് കൂട്ടി.

വിദ്യാർത്ഥികളും സ്ത്രീകളും കുടുംബങ്ങളും എല്ലാം ഈ യാത്രയുടെ ഭാഗമാകാറുണ്ട്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ സുരക്ഷിത യാത്രയ്ക്കാണ് സഞ്ചാരി അവസരമൊരുക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ കോണിലുള്ള മലയാളികൾക്ക് സഞ്ചാരി ദിവസം തോറും പ്രിയങ്കരരായി മാറിക്കൊണ്ടിരിക്കുന്നു.

സഞ്ചാരിക്ക് ലഭിച്ച ഈ വർഷത്തെ ടൂറിസം അവാർഡ് അഡ്‌മിൻ പാനൽ അംഗങ്ങളായ എബി ജോൺ, ഹമീദ് വാഴക്കാടൻ എന്നിവർ ചേർന്നാണ് ഇന്നലെ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയത്. മോസ്റ്റ് ഇന്നവേറ്റീവ് യൂസ് ഓഫ് ഇന്റഫോർമേഷൻ ടെക്‌നോളജി ഇൻ ടൂറിസം സെക്ടർ എന്ന വിഭാഗത്തിലാണ് സഞ്ചാരിക്ക് അവാർഡ് ലഭിച്ചത്. കൃത്യമായ രൂപരേഖയൊരുക്കി, ഘടനയും സ്വഭാവവും നിശ്ചയിച്ചു, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോടെ യൂണിറ്റുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് നിലമൊരുക്കുന്നത് സഞ്ചാരിയുടെ അഡ്‌മിൻ പാനലിലെ അംഗങ്ങളാണ്.

മികച്ച പ്രവർത്തങ്ങൾക്ക് മൂന്ന് വിഭാഗങ്ങളിലായി 22 പുരസ്‌ക്കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള ടൂറിസം സംസ്‌കാരംവളർത്തിയെടുക്കമെന്ന് അവാർഡ് ദാന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതിന് ഇത് സഹായകരമാകും. ടൂറിസം രംഗത്ത് മികവ് പുലർത്തിയവർക്കുള്ള ടൂറിസം വകുപ്പിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടൂറിസം രംഗം ഇനിയും അഭിവയോധികിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാ സാധ്യതകളും സംസ്ഥാനം പ്രയോജനപ്പെടുത്തും. ഇക്കാര്യത്തിൽതടസം ഉണ്ടെങ്കിൽ അത് മാറ്റുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് സംസ്ഥാനത്തിന് ഇനിയും മുന്നേറാൻ സാധ്യതകൾ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണം. നമ്മുടെ നാടിന്റെ സാംസ്‌കാരികമായ വളർച്ച ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. അതിനായി സർക്കാരും സംരംഭകരും നാട്ടുകാരുടെ പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ടൂറിസം വെബ്‌സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ ടൂറിസം നയത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം രംഗത്തെ സംരംഭകരുടെ പങ്കാളിത്വം ടൂറിസം വികസനത്തിന് അനിവാര്യമാണ്. ഓഖി ദുരന്തബാധിതരെ സഹായിക്കാൻ ടൂറിസം മേഖലയിലുള്ളവരുടെ സഹായവും മന്ത്രി അഭ്യർത്ഥിച്ചു.

ടൂറിസം-സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോർജ് ഐഎഎസ് ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.കെ മധു, ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളം ടൂറിസം ഡയറക്ടർ ശ്രീ പി. ബാലകിരൺ ഐഎഎസ് നന്ദി പ്രകാശനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ശ്രീ ഇ.എം.നജീബ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ശ്രീ ബേബി മാത്യു, എടിടിഒഐ പ്രസിഡന്റ് ശ്രീ അനീഷ് കുമാർ പി.കെ എന്നിവർ പങ്കെടുത്തു.