കൊച്ചി: സന്നദ്ധ പ്രവർത്തനങ്ങളുമായി 'സഞ്ചാരി' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. പാവപ്പെട്ട കുട്ടികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്യുന്നതിനായി 'നോട്ട്ബുക്ക്' സസ്‌നേഹം സഞ്ചാരി എന്ന പേരിലാണ് കൂട്ടായ്മയുടെ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പ്രധാന നഗരഭാഗങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളിൽ പഠനോപകരണങ്ങളായ നോട്ട്ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രമെന്റ് ബോക്‌സ്, ബാഗ് തുടങ്ങിയവ ആർക്കും നിക്ഷേപിക്കാവുന്നതാണ്. ഇവ ശേഖരിച്ച് നിർദ്ദനരായ കുട്ടികൾക്ക് നൽകുന്ന പദ്ധതിയുമായി സമൂഹത്തിനു മാതൃതയാവുകയാണ് ഈ കൂട്ടായ്മ. നമ്മുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനൊപ്പം എല്ലാവരും ചെറിയ ഒരു തുക മുടക്കി എന്തെങ്കിലും ഒരു പഠനോപകരണം അധികം വാങ്ങുക. എല്ലാവരും അങ്ങനെ ചെയ്യാൻ തയ്യാറായാൽ നാം ഈ സത്കർമ്മത്തിന്റെ ഭാഗമായി മാറുകയാണ്. അത്തരമൊരു ചെറിയ പ്രവർത്തിയിലൂടെ അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമാവുക എന്നത് ചെറിയ കാര്യമല്ല.

എറണാകുളം നഗരത്തിൽ നിന്നും ഇത്തരത്തിൽ ശേഖരിക്കുന്ന പഠനോപകരണങ്ങൾ ഇടുക്കിയിലേയും വയനാട്ടിലേയും ആദിവാസി കുട്ടികൾക്ക് വിതരണം ചെയ്യാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. സമാന രീതിയിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലേക്കും പദ്ധതി നടപ്പിലാക്കാനും സഞ്ചാരി കൂട്ടായ്മ ലക്ഷ്യമിടുന്നു. എറണാകുളത്ത് പലയിടത്തും സ്ഥാപിച്ചിരുന്ന ബോക്‌സുകൾ ഇതിനകം തന്നെ നിറഞ്ഞുവെന്നും എല്ലായിടത്തും മികച്ച പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നു ലഭിക്കുന്നതെന്നും കൂട്ടായ്മയുടെ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

2014 നവംബറിലാണ് കണ്ണൂർ പേരാവൂർ സ്വദേശി എബിൻ ജോൺ സഞ്ചാരി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ് രൂപീകരിച്ചത്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിലാണ് എബിൻ ജോലി ചെയ്യുന്നത്. പൂർണമായും യാത്രാ വിവരണങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള ഒരു ഗ്രൂപ്പായിട്ടാണ് ഇത് ആരംഭിച്ചത്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇത്തരമൊരു ഗ്രൂപ്പ് തുടങ്ങുമ്പോഴുള്ള ഉദ്ദേശം. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും ഗ്രൂപ്പിന്റെ അംഗസംഘ്യ വർദ്ധിക്കുകയായിരുന്നു. തുടർന്ന് ഓരോ ജില്ലകളിലും പ്രത്യേക കൂട്ടായ്മ യൂണിറ്റുകൾ ആരംഭിക്കുകയായിരുന്നു. കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ ബാംഗ്ലൂർ, ഡൽഹി, മിഡിലീസ്റ്റിലെ 5 രാജയങ്ങളിലായി ആറു യൂണിറ്റുകളെന്നിങ്ങനെ 22 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.

എല്ലാ ജില്ലകളിലേയും കൂട്ടായ്മകൾ പ്രവർത്തിക്കുന്നതും കൺവീനർമാരുടെ മേൽനോട്ടത്തിലാണ്. സാമൂഹിക പ്രവർത്തനങ്ങൾ, രക്തദാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയാണ് കൂട്ടായ്മയുടെ പ്രധാന പ്രവർത്തനങ്ങൾ. എറണാകുളം കോതമംഗലത്തിനടുത്ത് കുട്ടംപുഴ ആദിവാസി കോളനി നിവാസികൾക്കായി എറണാകുളം നഗരത്തിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പലരും ആദ്യമായിട്ടായിരുന്നു ബീച്ചുകൾ നേരിൽ കാണുന്നത് പോലും. കാസർഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഡോസൾഫാൻ ദുരിത ബാധിതരായ ദിവ്യദർശൻ ഡേകെയറിലെ അന്തേവാസികൾക്കായും വിനോദയാത്ര സംഘടിപ്പിച്ചിരുന്നു.