ആലപ്പുഴ : അബോർഷൻ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന യുവതിയെ മണൽ മാഫിയ സംഘം അക്രമിച്ചു. നാഭിക്ക് തൊഴിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. തടയാനെത്തിയ ഭർത്താവിനെ മൃഗീയമായി മർദ്ദിച്ചു. രക്തസ്രാവം ഉണ്ടായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ഭർത്താവിനെ സംഘം തടഞ്ഞു. ഗുണ്ടാസംഘത്തോടൊപ്പം ഉണ്ടായിരുന്ന പൊലീസുകാരൻ ഭർത്താവിനെ പിടിച്ചുക്കൊണ്ടുപോയി കള്ളകേസിൽ കുടിക്കി ജയിലിൽ അടച്ചു.

ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയിലെ മാരാരിക്കുളം- കഞ്ഞികുഴി മേഖലയിലാണ് മണൽ മാഫിയ സംഘം അഴിഞ്ഞാടുന്നത്. രാത്രികാലങ്ങളിൽ ടോറസ് വാഹനങ്ങളിൽ മണൽ കയറ്റിക്കൊണ്ടു പോകുന്ന സംഘത്തെ നാട്ടുക്കാർ നിരവധി തവണ തടയാൻ ശ്രമിച്ചെങ്കിലും മാരകായുധങ്ങളുമായെത്തുന്ന സംഘം കൊലവിളി നടത്തിയാണ് ലോഡുകളുമായി പോകുന്നത്.പൊലീസിന്റെ ശക്തമായ പിന്തുണയായണ് സംഘത്തിന് മണൽ കടത്തിക്കൊണ്ടു പോകാൻ സഹായമാകുന്നതെന്ന് നാട്ടുകാർ  പറയുന്നു. പരാതിപ്പെട്ടാൽ വാദിയെ പ്രതിയാക്കുന്ന പണിയാണ് പൊലീസ് നടത്തുന്നത്.

ഇത്തരത്തിൽ ക്രൂര മർദ്ദനത്തിനും കള്ളകേസിൽപ്പെട്ട് ജയിലായ ദാരുണ അനുഭവമാണ് മാരാരികുളം കഞ്ഞികുഴിയിൽ കണ്ണേവെളിയിൽ ശരണ്യയെന്ന വീട്ടമ്മയുടെത്. തങ്ങളുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽനിന്നും മണൽ മാഫിയ സംഘം നിരന്തരം മണ്ണ് എടുക്കുന്നത് മൂലം വീട് താഴെയ്ക്ക് ചരിയാൻ തുടങ്ങിയതോടെയാണ് ശരണ്യയും ഭർത്താവ് അജേഷും സംഘത്തോട് മണ്ണ് എടുക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിച്ച് സംഘം നിരന്തരം മണ്ണ് വാരുന്നത് തുടർന്നതോടെ അജേഷും അച്ഛൻ ബാബും ചേർന്ന് മാരാരികുളം പൊലീസിന് പരാതി നൽകി.

എന്നാൽ പൊലീസ് പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം പരാതി നൽകിയ വിവരം മണൽ മാഫിയ സംഘത്തെ അറിയിച്ചു. വീണ്ടും മണ്ണെടുപ്പ് തുടർന്ന സംഘത്തെ അജേഷും സുഹൃത്തുക്കളും നാട്ടുക്കാരും ചേർന്ന് തടഞ്ഞു. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞദിവസം വളവനാട് ക്ഷേത്രത്തിലെത്തിയ ഉൽസവം കഴിഞ്ഞ് വീട്ടിലെത്തിയ അജേഷിനെ ആറോളം വരുന്ന ഗുണ്ടകൾ ഉച്ചയ്ക്ക് മൂന്നോടെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. ഇതു തടയാനെത്തിയ ഭാര്യ ശരണ്യയ്ക്കാണ് നാഭിക്ക് തൊഴിയേറ്റത്. ശരണ്യ അബോർഷൻ കഴിഞ്ഞ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. എഴുന്നേറ്റ് നടക്കാൻ കഴിയാതെ കട്ടിലിൽതന്നെ കഴിയുന്ന ശരണ്യ ഭർത്താവിനെ സംഘംആക്രമിക്കുന്നത് കണ്ടാണ് ഓടിവന്നത്.

നാഭിക്ക് തൊഴിയേറ്റ് അമിത രക്തസ്രാവമുണ്ടായി കുഴഞ്ഞുവീണ ശരണ്യയെ ഭർത്താവ് അജേഷ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ സംഘത്തോടൊപ്പം സിവിൽ ഡ്രസിൽ ഉണ്ടായിരുന്നു പൊലീസുക്കാരൻ മനോജ് ആശുപത്രിയിൽ താൻ കൊണ്ടുപോയിക്കൊള്ളാമെന്ന് പറഞ്ഞ് അജേഷിനെയും ഭാര്യയെയും കൂടെക്കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലേക്ക് പോകുന്നതിന് പകരം ഇയാൾ പൊലീസ് സ്റ്റേഷിനിലേക്കാണ് പോയത്. പകരം മണൽ മാഫിയ സംഘത്തെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ് എടുത്ത് അജേഷിനെ ജയിലാക്കി. പിന്നീട് ശരണ്യ അജേഷിന്റെ അച്ഛൻ ബാബുവിന്റെയും സഹായത്തോടെ ആശുപത്രിയിൽ
എത്തുകയായിരുന്നു.

രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വെച്ച അജേഷിനെ കോടതിയിലാക്കി റിമാന്റു ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി അജേഷിനെ ജയിലിൽ അടച്ച സംഭവം ചൂണ്ടിക്കാട്ടി ശരണ്യയും മാതാപിതാക്കളും പൊലീസ് മേധാവിക്കും ഐ ജിക്കും പരാതി നൽകിയതോടെ പൊലീസ് വീണ്ടും ശരണ്യയുടെ കുടുംബത്തിനുനേരെ ഭീഷണിയുമായെത്തി.

പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വനിത പൊലീസുക്കാർ അടക്കം വീട്ടിലെത്തി ശരണ്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് മനസിലാക്കിയ നാട്ടുക്കാരും ഇപ്പോൾ ശരണ്യയ്ക്ക് പിന്തുണയുമായി എത്തികഴിഞ്ഞു. നാട്ടുകാർ സംഘടിച്ചതോടെ പൊലീസ് ഇപ്പോൾ ഈ പ്രദേശത്തേക്ക് വരുന്നില്ല. പാർട്ടി അനുഭാവികളായ കുടുംബത്തെ മണൽ മാഫിയ സംഘത്തോടൊപ്പം പൊലീസ് നിരന്തരം പീഡിപ്പിക്കുന്നത് തടയാൻ മുഖ്യമന്ത്രി , ഡി ജി പി എന്നിവരെ കാണാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മണൽ മാഫിയ സംഘത്തിന്റെ ആക്രമത്തിൽ ഗുരുതര പരുക്കേറ്റ ശരണ്യ ഇനിയും ആശുപത്രി വിട്ടിട്ടില്ല.