കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കടവുകളിലും കടലോരങ്ങളിലും മണൽമാഫിയാ ഗുണ്ടകൾ അഴിഞ്ഞാടുന്നു. പൊലീസിനെതിരെ മണൽ മാഫിയ വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണു കണ്ടുവരുന്നത്. കണ്ണൂർ തയ്യിൽ കടപ്പുറത്ത് മണൽ വാരുന്നതു തടഞ്ഞ സിറ്റി എസ്.ഐ. എം.ജെ. സെബാസ്റ്റ്യൻ ഉൾപ്പെട്ട മൂന്നംഗപൊലീസ് സംഘത്തിനു നേരെ മണൽ മാഫിയ വധഭീഷണി ഉയർത്തി. അക്രമത്തിനു മുതിർന്ന മണൽ ഗുണ്ടാസംഘത്തിൽനിന്നു പൊലീസിനെ രക്ഷപ്പെടുത്തിയത് മറ്റു കൂടുതൽ പൊലീസുകാരെത്തിയതിനാലാണ്. കടൽ മണൽ വാരുന്ന വിവരമറിഞ്ഞതിനെ തുടർന്നെത്തിയതായിരുന്നു എസ്.ഐ.യും പൊലീസുകാരും.

മണൽ നിറച്ച പിക്കപ്പ് വാൻ തടഞ്ഞ് എസ്.ഐ. ഡ്രൈവിങ്ങ് സീറ്റിൽ കയറി വണ്ടി മുന്നോട്ടുനീക്കാൻ ശ്രമിക്കവേ ഇരുപതോളം പേരെത്തി എസ.ഐ.യെ വണ്ടിയിലിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഘർഷാവസ്ഥ തുടരുന്നതിനിടെ കൂടുതൽ പൊലീസുകാരെത്തി എസ്.ഐ.യെയും മറ്റു പൊലീസുകാരെയും രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അമ്പാടി സുരേന്ദ്രൻ തുടങ്ങി അഞ്ചുപേർക്കും കണ്ടാലറിയാവുന്ന പതിനാലുപേർക്കുമെതിരെ, ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും മണൽ വാൻ ബലമായി പിടിച്ചടുത്തതിനും കേസെടുത്തിട്ടുണ്ട്.

മണൽ കടത്ത് തടയാനെത്തിയ പരിയാരം ഗ്രേഡ് എസ്.ഐ കെ.എം.രാജനെ വധിക്കാൻ ശ്രമിച്ച സംഭവം നടന്നിട്ട് ഒന്നര മാസം തികയുമ്പോഴാണ് രണ്ടാമതും മണൽ മാഫിയാ ഒരു എസ്.ഐക്ക് നേരെ അക്രമത്തിന് മുതിർന്നത്. എസ്.ഐ.രാജൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽനിന്ന് കഴിഞ്ഞ ആഴ്ചയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. സർക്കാർ സഹായത്തോടെ ഇയാളുടെ ചികിത്സ കണ്ണൂരിൽ തുടരുകയാണ്. വടക്കൻ കേരളത്തിൽ മണൽ ഗുണ്ടകൾ ശക്തി പ്രാപിച്ചു വരുന്ന സ്ഥിതിയാണ്. മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയെ രണ്ടാഴ്ച മുന്മ്പാണ് മണൽ മാഫിയക്കാർ അക്രമിച്ചു പരിക്കേൽപ്പിച്ചത്.

കാസർഗോഡ് ജില്ലയിലെ കടവുകളിൽ പൊലീസിന് പരിശോധന നടത്താൻപോലും കഴിയുന്നില്ല. അത്രകണ്ട് ശക്തമാണ് അവിടത്തെ മണൽ ലോബി. പൊലീസിൽ തന്നെ മണൽ ലോബി പ്രവർത്തിക്കുന്നതിനാൽ കാരൃക്ഷമമായ പരിശോധന കാസർഗോഡ് ജില്ലയിൽ നടക്കുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

പരിയാരം എസ്.ഐ.രാജനെ ലോറിയിൽ തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച കേസിലെ പ്രധാന പ്രതി ലത്തീഫിനെ ചോദൃംചെയ്യുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത് മംഗലാപുരത്ത് ലത്തീഫിന് ഒളിവിൽ കഴിയാൻ താവളമൊരുക്കിയത് ഒരു അഭിഭാഷകനാണെന്ന് ലത്തീഫ് പൊലീസിനോട് പറഞ്ഞു. രാഷ്ടീയ നേതൃത്വത്തിന്റെ സഹായവും ലത്തീഫിന് ലഭിച്ചിട്ടുണ്ട്. എസ്.ഐ.യെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഇരുമ്പുബാർ ലോറി ഉപേക്ഷിച്ച ചെറുപുഴയിൽ വച്ച് കണ്ടുകിട്ടി. ആറു ദിവസത്തേക്കാണ് ലത്തീഫിനെ ചോദ്യംചെയ്യാനായി കോടതി പൊലീസ് കസ്റ്റഡിയിൽ നൽകിയത്. ഈ കേസിൽ മറ്റു മൂന്നു പ്രധാന പ്രതികളെക്കൂടി പിടികൂടാനുണ്ട്.

വടക്കെ മലബാറിലെ കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് എന്നീ നാലുജില്ലകളിൽനിന്ന് നാനുറ്റി അറുപതോളം ഗുണ്ടകൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. എന്നാൽ മണൽ ഗുണ്ടകൾ ഇപ്പോഴുമിവിടെ അരങ്ങ് തകർക്കുകയാണ്. അവർക്കുള്ള ശക്തമായ രാഷ്ട്രീയ പിൻതുണയാണ് നടപടി എടുക്കാതിരിക്കാൻ കാരണമെന്നറിയുന്നു. ഡ്യൂട്ടി നിർവ്വഹിക്കുന്ന പൊലീസുകാർ ആക്രമിക്കപ്പെടുമ്പോൾ പതിവ് സംവിധാനത്തിൽ മാറ്റം വരുത്തി ശക്തമായ പ്രതിരോധം മണൽ ഗുണ്ടകൾക്കെതിരെ നിർവ്വഹിക്കപ്പെടേണ്ടതുണ്ട്.