കോഴിക്കോട്: കൊയിലാണ്ടിയിലെ കീഴരിയൂരിലെ മാവാട്ട് മലയിൽനിന്നു ചന്ദനം കടത്തിയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനാവാതെ പൊലിസ്. മാവാട്ട് മലയിൽനിന്നു വ്യാപകമായി ചന്ദനത്തടികൾ വെട്ടിയെടുത്തു കടത്തുന്നതായി വ്യാപകമായ പരാതികൾ ഈ പ്രദേശത്തെ വീട്ടുകാർക്കും സ്ഥലമുടമകൾക്കുമുണ്ടെങ്കിലും അന്വേഷണം വേണ്ടത്ര കാര്യക്ഷമമല്ലാത്തതാണ് മോഷണം തുടർക്കഥയാവാൻ ഇടയാക്കുന്നത്.

പ്രദേശത്തുനിന്നു കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ചെറുതും വലുതുമായ 75 ചന്ദനമരങ്ങളെങ്കിലും വെട്ടികടത്തിയിട്ടുണ്ടെന്നാണ് ഉടമകൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്. പ്രദേശവാസികളായ പള്ളിക്കൽ മീത്തൽ സലിം, ആതിര കല്ല്യാണി, മലയിൽ കുഞ്ഞിമാത എന്നീ സ്ഥലമുടമകളാണ് കൊയിലാണ്ടി പൊലിസിൽ പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിന് കീഴിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നു കൊയിലാണ്ടി പൊലിസ് വ്യക്തമാക്കി. സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി ഫോറസ്റ്റ് അധികൃതർക്ക് കൊയിലാണ്ടി പൊലിസ് കൈമാറുകയായിരുന്നു. ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽനിന്നാണ് കൂടുതലായും മരങ്ങൾ മുറിച്ചു കടത്തിയിരിക്കുന്നത്. റോഡരുകിലുള്ള മരങ്ങൾ അർധരാത്രിക്കുശേഷമാണ് മുറിച്ചു കടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പുകളുടെ അതിരിലുള്ള കാട്ടുപ്രദേശങ്ങളിൽനിന്നും റബ്ബർതോട്ടങ്ങളിൽ നിന്നുമെല്ലാം മരങ്ങൾ നഷ്ടമായിട്ടുണ്ട്. ഇവിടങ്ങളിലെ ഉൾഭാഗങ്ങളിൽനിന്നും കൂടുതൽ മരങ്ങൾ കടത്തിയിരിക്കാനും സാധ്യതയുണ്ട്.

രാത്രിയും പുലർച്ചെയുമെല്ലാമാണ് മോഷ്ടാക്കൾ ചന്ദനമരം മുറിച്ചു കടത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഇവിടെ പെയ്ത ശക്തമായ തുടർച്ചയായ മഴയത്തും ആളനക്കമില്ലാത്തത് മുതലെടുത്ത് ചന്ദനക്കള്ളകടത്തുകാർ മരം മുറിച്ചു കടത്തിയെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രണ്ടു വർഷം മുൻപ് കാറിൽ കടത്തുകയായിരുന്നു ചന്ദന മുട്ടികൾ കൊയിലാണ്ടി പൊലിസ് പിടിച്ചെടുക്കുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയതിരുന്നെങ്കിലും ഇതിൽ പിന്നീട് തുടരന്വേഷണം ഉണ്ടായില്ല. അന്വേഷണം പാതിവഴിയിൽ നിലക്കുന്നത് ചന്ദനകടത്തുകാർക്കു അനുഗ്രഹമാവുകയാണ്. ശക്തമായ നടപടിയും കുറ്റവാളികൾക്കു കടുത്തശിക്ഷയും ഉറപ്പാക്കാനായില്ലെങ്കിൽ പ്രദേശത്തുള്ള അവശേഷിക്കുന്ന മരങ്ങളും അതിവേഗം അപ്രത്യക്ഷമാവും.

സ്ഥലമുടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസും വനം വകുപ്പുമെല്ലാം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. ചെത്തിമിനുക്കി ചെറുകഷ്ണങ്ങളാക്കിയ ശേഷമാണ് ചെറുവാഹനങ്ങളിലെല്ലാം ചന്ദനമുട്ടികൾ കടത്തുന്നത്. ഇത് പ്രത്യക്ഷത്തിൽ കണ്ടെത്താനും പിടികൂടാനും പ്രയാസം സൃഷ്ടിക്കുന്ന കാര്യമാണ്. ചന്ദനമരങ്ങൾ എവിടെയെല്ലാമുണ്ടെന്നു കാണിച്ചു കൊടുക്കാനും ഏജന്റുമാർ ഈ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ചന്ദനമരങ്ങൾ മോഷണം പോകുന്നതായ വാർത്തകൾ പലപ്പോഴും വരാറുണ്ട്. ആ വർത്തകളിൽ അധികവും മറയൂരിൽ വനം വകുപ്പിന് കീഴിലെ ചന്ദനക്കാടുകളിൽനിന്നുള്ള മോഷണങ്ങളായിരിക്കും. പക്ഷേ ഇത് മലബാറിൽനിന്നുള്ള വാർത്തയാണ്. കോഴിക്കോടിന് പുറമെ കണ്ണൂരിലും കാസർകോടുമെല്ലാം ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്ന വൻ സംഘങ്ങൾ വിലസുന്നുണ്ട്.

താടകങ്ങളിലെയും കാടുപിടിച്ചു കിടക്കുന്ന റവന്യൂ ഭൂമിയിലെയുമെല്ലാം മരങ്ങൾ ലക്ഷ്യമിടുന്ന ഇത്തരം സംഘങ്ങളിൽ പലതും വീട്ടുവളപ്പിലുള്ള ചന്ദനമരങ്ങളും രായ്ക്കുരാമാനം മുറിച്ചുകടത്തുന്ന സ്ഥിതിയായിരിക്കയാണ്. ഇതുമൂലം സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന ഉദ്യോഗസ്ഥ ചന്ദന മാഫിയ കൂട്ടുകെട്ടാണ് പലപ്പോഴും അന്വേഷണങ്ങൾ പാതിവഴിയിൽ നിലക്കുന്നതിന് ഇടയാക്കുന്നത്.