കോഴിക്കോട്: വീരമൃത്യു വരിച്ച മലയാളി ലഫ്.കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച സംഭവത്തോടെ നിരവധി സമാനപോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിന്നും സൈബർ സെല്ല് കണ്ടെത്തിയതായി വിവരം.

അറസ്റ്റിലായ അൻവർ സാദിഖിന്റെ കമന്റുകളും പോസ്റ്റുകളും പരിശോധിക്കുന്നതിനിടെയാണ് നിരവധി അക്കൗണ്ടുകളിൽ നിന്നും വർഗീയവിഷം ചീറ്റുന്നതും തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ കണ്ടെത്തിയത്. യഥാർത്ഥഫോട്ടോ വച്ചും വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയും ഇത്തരത്തിലുള്ള പോസ്റ്റുകളിട്ടതായി സൈബർസെൽ കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ പെട്ട മലയാളികളായ നിരവധി പേർ നിരീക്ഷണത്തിലുണ്ട്.

വർഗീയ വിദ്വേഷം ഉണർത്തുന്നതു മുതൽ രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്നതുമായ പോസ്റ്റുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. സൈബർ സെല്ലിന്റെ പുതിയ കണ്ടെത്തലോടെ ഇരുപതോളം ഫേസ്‌ബുക്ക് അക്കൗണ്ടുകളിലും ചില ഗ്രൂപ്പുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വേണ്ടിവന്നാൽ ഇവരുടെ വിവരങ്ങൾ വിവിധ അന്വേഷണ ഏജൻസികൾക്കു കൈമാറി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

സ്വന്തമായി പോസ്റ്റു ചെയ്യുന്നതിനേക്കാളും മറ്റു പോസ്റ്റുകൾക്കു താഴെയാണ് വർഗീയ ചേരിതിരിവുണ്ടാക്കുന്ന കമന്റുകൾ കണ്ടെത്തിയിട്ടുള്ളത്. വിദേശരാജ്യങ്ങളിലിരുന്നോ വ്യാജ ഐഡി ഉപയോഗിച്ചോ ആണ് മറ്റു ചിലർ പതിവായി ഇത്തരം പോസ്റ്റുകൾ ഇടുന്നത്. വർഷങ്ങൾക്കു മുമ്പ് പോസ്റ്റിട്ട ശേഷം ഡിലീറ്റ് ചെയ്ത കുറിപ്പുകളും സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ലഫ്.കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന കമന്റിട്ട സംഭവം ഉണ്ടായതോടെയാണ് സൈബർ സെൽ ഇത്തരമൊരു നിരീക്ഷണം ശക്തമാക്കിയത്.

2008-ൽ മുബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മേജർ സന്ദീപ് ഉണ്ണികൃഷ്ണനെതിരെയും ചില പോസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത് അതീവഗൗരവത്തോടെയാണ് ബന്ധപ്പെട്ട ഏജൻസികൾ കണക്കാക്കുന്നത്. ഈ കമന്റിട്ടയാളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഓരോ ഇടപാടും അതീവ ശ്രദ്ധയോടെ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

2008-ൽ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തെ ചെറുക്കുന്നതിനിടയിൽ താജ് ഹോട്ടലിൽ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു ഭീകരരുടെ വെടിയേറ്റ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്. എന്നാൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു രാജ്യസ്‌നേഹിയുടെയും ഹൃദയത്തിൽ തട്ടുന്നതായിരുന്നു ഈ കമന്റുകൾ. 'ഏതാടാ ഈ പട്ടി, ഇവനെന്നാടാ മരിച്ചത്. ഇവനെന്നേ മരിക്കേണ്ടതാ....' എന്ന് തുടങ്ങുന്ന കമന്റായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ മരിച്ച പോസ്റ്റിനു താഴെ കണ്ണൂർ തലശ്ശേരി സ്വദേശിയായ യുവാവ് പോസ്റ്റിട്ടിരിക്കുന്നത്.

ഇയാൾ കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം സ്‌കൂളിലും ആർട്‌സ് & സയൻസ് കോളേജിലും പഠിച്ചതായി പ്രൊഫൈലിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇയാൾക്കെതിരെ നിലവിൽ പരാതിയില്ലെന്നതിനാൽ കേസെടുത്തിട്ടില്ല. സമാനമായ നിരവധി കമന്റുകളിൽ ഒന്ന് മാത്രമാണിതെന്നായിരുന്നു ബന്ധപ്പെട്ട ഏജൻസികൾ നൽകുന്ന സൂചനകൾ.

'അങ്ങനെ ഒരു ശല്യം കുറഞ്ഞു കിട്ടി,. ഇനി ഓന്റെ കെട്ടിയോൾക്ക് ജോലിയും പൈസയും. സാധാരണക്കാരന് ഒന്നുമില്ല. ഒരു നാറിയ ഇന്ത്യൻ ജനാധിപത്യം' എന്ന് തുടങ്ങുന്നതായിരുന്നു നിരഞ്ജൻ കുമാറിന്റെ മരണത്തിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൻവർ സാദിഖ് നടത്തിയ അവഹേളനാപരമായ കമന്റ്. എന്നാൽ ഇതിനെ പിന്തുണച്ച് K H Edyannur എന്നയാളും അൻവറിന്റെ കമന്റിനെ പിന്തുണച്ച് രംഗത്തെത്തി. നഗ്നസത്യം..!! പട്ടാളത്തിൽ ചേരുന്നത് പണത്തിനും മദ്യത്തിനും മാത്രം വേണ്ടിയല്ലാാാ...രാജ്യത്തിന് വേണ്ടി മരിക്കാൻ തന്നെയ്യാാാ.. ഈ സത്യം നാം..അംഗീകരിച്ചേ പറ്റുവെന്നായിരുന്നു കമന്റ്.

ഇത്തരത്തിലുള്ള പോസ്റ്റുകൾക്കും കമന്റുകൾക്കുമുള്ള താക്കീതായാണ് അൻവർ സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള നിയമനടപടി. ഇനി ഇത്തരം കമന്റുകൾക്കെതിരെ പരാതി ലഭിക്കുന്ന മുറക്ക് കേസെടുത്ത് കടുത്ത വകുപ്പുകൾ ചുമത്താനാണ് അന്വേഷണവിഭാഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.