- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടിൽ വീടെത്താനാവാതെ വലഞ്ഞ സ്ത്രീ യാത്രക്കാരെയും കൂട്ടി പൊലീസ് വണ്ടി ബസിന് പിന്നാലെ പാഞ്ഞു; ചെയ്സ് ചെയ്ത് ബസിനു കുറുകെ നിർത്തി ഡ്രൈവറെ കാര്യങ്ങൾ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സിൽ കയറ്റി വിട്ടത് നമ്മുടെ കേരളാ പൊലീസ്; ആദ്യ കോവിഡ് രോഗിയെ ചികിൽസിച്ച നഴ്‌സ് വരച്ചു കാട്ടുന്നത് കാക്കിക്കുള്ളിലെ നന്മമരങ്ങളെ; സന്ധ്യാ ജലേഷ് ആ കഥ പറയുമ്പോൾ
തൃശ്ശൂർ: മൂന്നര വർഷമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സാണ് സന്ധ്യ ജലേഷ്. ജോലി കഴിഞ്ഞുള്ള സമയം സാഹിത്യരചനയാണ് സന്ധ്യയുടെ താൽപ്പര്യം. രണ്ട് നോവലുകളുടെ രചയിതാവാണ്. 'മഴ മേഘങ്ങളെ കാത്ത്' എന്ന നോവലിന് ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ 2107ലെ മാധവിക്കുട്ടി പുരസ്‌കാരം ലഭിച്ചു. എന്നാൽ ഇതിന് അപ്പുറത്തേക്ക് സന്ധ്യ ജലേഷിനെ മലയാളി അറിയും. കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗികളിലൊരാളെ ചികിത്സിച്ച നഴ്‌സ്. ധൈര്യ സമേതം ഉത്തരവാദിത്തം ഏറ്റെടുത്ത മാതൃക. ഈ മാലാഖ ഇപ്പോൾ പറയുന്നത് മറ്റൊരു നന്മയെ കുറിച്ചാണ്. കേരളാ പൊലീസിന്റെ കരുതൽ.
പൊലീസിനെ കുറിച്ച് എവിടേയും കേൾക്കുന്നത് നെഗറ്റീവായ കാര്യങ്ങളാണ്. ലോക്കപ്പ് മർദ്ദനവും വ്യാജ തെളിവുണ്ടാക്കലും എല്ലാം അതിൽ പെടും. എന്നാൽ നിപ്പയെ പ്രതിരോധിക്കാൻ പിപിഇ കിറ്റിട്ട. അതിന് ശേഷം കോവിഡിനെ ധൈര്യത്തോടെ പ്രതിരോധിക്കാനിട്ട നഴ്‌സ് തുറന്നു കാട്ടുന്നത് പൊലീസിലെ നന്മയെയാണ്. പെരുവഴിയിലായ സന്ധ്യയേയും മറ്റുള്ളവരേയും സഹായിച്ച പൊലീസിന്റെ മനസ്.
കോവിഡ് പ്രോട്ടോക്കോൾ മൂലം ബസ്സുകളിൽ പരിമിതമായ യാത്രക്കാരെ കയറ്റുന്ന നിയമം വന്നപ്പോൾ ഒരു രാത്രിയിൽ അവർ പെരുവഴിയിലായി. എന്നാൽ അവർക്ക് രക്ഷയായി നല്ലവരായ ചില പൊലീസുകാരെത്തി. സന്ധ്യയെപ്പോലെ ഇരുട്ടിൽ വീടെത്താനാവാതെ വലഞ്ഞ മറ്റ് സ്ത്രീയാത്രക്കാരെയും കൂട്ടി പൊലീസ് വണ്ടി കെഎസ്ആർടിസി ബസ്സിന് പിന്നാലെ പാഞ്ഞു. ബസ്സിനു കുറുകെ നിർത്തി ഡ്രൈവറെ കാര്യങ്ങൾ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സിൽ കയറ്റി വിട്ടു.-അങ്ങനെ മാതൃകയായ പൊലീസ് കഥ.
ദിവസങ്ങൾക്ക് മുമ്പാണ് പൊലീസിന്റെ സഹായ ഹസ്തം നഴ്‌സിനെ തേടിയെത്തിയത്. അത് സമൂഹത്തിന് മുമ്പിൽ പങ്കുവച്ച് അർഹമായ കൈയടി പൊലീസിന് വാങ്ങി കൊടുക്കുകയാണ് ഈ ആരോഗ്യ പ്രവർത്തക. എസ്‌ഐ ബിജു പോൾ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവരാണ് അന്ന് പൊലീസ് വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ.
ആ സംഭവം സന്ധ്യ വിശദീകരിക്കുന്നത് ഇങ്ങനെ
നവംബർ 21, വൈകുന്നേരം 6.35 നായിരുന്നു സംഭവം. സ്ഥലം തൃശൂർ ശക്തൻ സ്റ്റാന്റ്. എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസ് കാത്തുനിൽക്കുകയാണ് ഏതാനും യാത്രക്കാർ. സ്ത്രീകളും പുരുഷന്മാരുമുണ്ട്. കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നിറങ്ങുന്ന ബസുകൾ ശക്തൻ സ്റ്റാന്റിൽ നിർത്തി യാത്രാക്കാരെ കയറ്റി പോവുന്നതാണ് പതിവ് രീതിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ശക്തൻ സ്റ്റാന്റിൽ നിർത്താതെയാണ് പല ബസ്സുകളും പോവുന്നത്. വരുന്ന ബസ്സുകളെല്ലാം നിർത്താതെ പോയപ്പോൾ യാത്രക്കാരിൽ പലരുടേയും ക്ഷമവിട്ടിരുന്നു. ഒന്നോ രണ്ടോ മണിക്കൂർ യാത്ര ചെയ്ത് ദൂരെ സ്ഥലങ്ങളിലെത്തേണ്ട സ്ത്രീയാത്രക്കാരിൽ പലരും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. 7.35ന്റെ അവസാന ബസ്സും നിർത്താതെ പോയപ്പോഴേക്കും പിന്നെന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ കുഴങ്ങി. നിസ്സഹായരായി നിൽക്കുമ്പോഴാണ് കുറച്ചകലെ മാറി പൊലീസിന്റെ 112 പട്രോളിങ് വാഹനം കണ്ടത്. സ്ത്രീ യാത്രക്കാർ നേരെ ചെന്ന് ബുദ്ധിമുട്ടറിയിച്ചു. പിന്നെ നടന്നത് അൽപം നാടകീയരംഗങ്ങളായിരുന്നു. പരാതി അറിയിച്ച യാത്രക്കാരേയും വാഹനത്തിൽ കയറ്റി ഒരു കിലോമീറ്ററോളം പൊലീസ് വാഹനം ബസ്സിനെ പിന്തുടർന്നു. വഴിയിൽ കെഎസ്ആർടിസി തടഞ്ഞ് യാത്രക്കാരെ കയറ്റിവിട്ടു. ഇത്തരത്തിൽ പെരുമാറരുതെന്ന് ബസ് ജീവനക്കാർക്ക് ഉപദേശവും നൽകിയാണ് പൊലീസുകാർ മടങ്ങിയത്.
'മെഡിക്കൽ കോളേജിൽ ആറ് മണി വരെ ഡ്യൂട്ടിയും കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് പോവാനായാണ് ശക്തൻ സ്റ്റാന്റിൽ ബസ് കാത്തിരുന്നത്. എന്നാൽ ഏഴ് മണി കഴിഞ്ഞിട്ടും ഒറ്റ ബസ് പോലും ശക്തൻ സ്റ്റാന്റിൽ നിർത്തിയില്ല. എനിക്കുള്ള ലാസ്റ്റ് ബസ് 7.50നാണ്. എന്നെപ്പോലെ മറ്റ് യാത്രക്കാരും വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് പട്രോൾ ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസ് വാഹനം കണ്ടത്. അവരോട് പോയി കാര്യം പറഞ്ഞു. അതിനിടയ്ക്ക് അവസാനത്തെ ബസ് വന്നു. ഞങ്ങൾ യാത്രക്കാരെല്ലാം കൂടി റോഡിൽ ബസ് തടയാനായി നിന്നു, അപ്പോൾ അത് മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. ബസ് സ്ലോ ആക്കിയെങ്കിലും നിർത്താതെ പോവുകയായിരുന്നു. അപ്പോഴേക്കും ഡ്യൂട്ടിയിലുള്ള പൊലീസുകാരനും എത്തി. എറണാകുളം പോവേണ്ടതാണെന്ന് കാര്യം പറഞ്ഞപ്പോൾ ദൂരെ പോവേണ്ടവർ വാഹനത്തിൽ കയറിക്കോളൂവെന്ന് പൊലീസുകാർ പറഞ്ഞു. ഞങ്ങൾ കുറച്ചുപേർ വാഹനത്തിൽ കയറി. ഒരു കിലോമീറ്ററോളം ബസ്സിനെ പിന്തുടർന്നു. ബസ് നിർത്താൻ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് നിർത്തിയില്ല. നിവൃത്തിയില്ലാതായപ്പോൾ പൊലീസ് വാഹനം കെഎസ്ആർടിസിയെ മുന്നിൽ ബ്ലോക്ക് ചെയ്ത് ഞങ്ങളെ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനാലാണ് ആളുകളെ തിരുകികയറ്റാത്തത് എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. പക്ഷെ ദൂരേയ്ക്ക് പോവേണ്ട സ്ത്രീകൾ എന്തുചെയ്യും അവരെ പരിഗണിക്കണമെന്ന് പൊലീസ് അവർക്ക് നിർദേശവും നൽകി. അന്ന് ആ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് യാത്ര ചെയ്യാനായത്. അവർ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. അവരോട് ഒരുപാട് നന്ദിയുണ്ട്. എല്ലാ ദിവസവും ഇത്തരത്തിൽ യാത്രക്കാർ ഇതുപോലെ കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമുണ്ടാവണമെന്നാണ് ഞങ്ങളെപ്പോലെയുള്ള പതിവ് യാത്രക്കാരുടെ ആവശ്യം.
സംഭവത്തെക്കുറിച്ച് ബിജു പോൾ മാതൃഭൂമിയോട് വിശദീകരിച്ചത് ഇങ്ങനെ
സ്ത്രീകളാണ് യാത്രക്കാരിലേറെയും. അവർ ബസ്സിന് കൈ കാണിച്ചെങ്കിലും നിർത്തുന്നില്ലെന്നാണ് പറഞ്ഞത്. പലരും എറണാകുളത്തേക്ക് വരെ എത്തേണ്ടവരാണ്. ഒന്നോ രണ്ടോ മണിക്കൂർ യാത്ര ചെയ്തവർ. ഇത്തരത്തിൽ പരാതി പറഞ്ഞപ്പോൾ ഇടപെടാതിരിക്കുന്നതെങ്ങനെയാണ്. അതുകൊണ്ടാണ് കെഎസ്ആർടിസി ബസ്സ് പിന്തുടർന്ന് തടഞ്ഞത്. സ്ത്രീകളായ യാത്രക്കാരാണ്, ബസ് മാത്രമാണ് ഇപ്പോൾ ആശ്രയം, ദൂരെ സ്ഥലത്തേക്ക് എത്തേണ്ടതാണ് എന്നൊക്കെ ഡ്രൈവറെ പറഞ്ഞ് മനസ്സിലാക്കി. ഞങ്ങളുടെ വാഹനത്തിൽ വന്ന നാലോ അഞ്ചോ പേരെ ബസ്സിൽ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോളൊക്കെ തന്നെയാണ്. എന്നാൽ ഇത്തരത്തിലൊരു അവസ്ഥയിലെന്ത് ചെയ്യാനാണ്. യാത്രക്കാരുടെ ആവശ്യവും പ്രയാസവും കൂടി പരിഗണിക്കണമല്ലോ.
തൃശൂരിൽ മാത്രമല്ല, കേരളത്തിലെ പലഭാഗത്തുനിന്നുള്ള പലരും സോഷ്യൽ മീഡിയയിലൂടെ സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ട്. പ്രൈവറ്റ് ബസ് ആയാലും സ്വകാര്യ ബസ് ആയാലും സാധാരണക്കാർക്ക് യാത്രയ്ക്കുള്ള മാർഗം ബസ് മാത്രമാണ്. ഒരു ദിവസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനും ശേഷം ഒന്ന് വീടണയാനായി അവസാന ബസ് എത്തുന്നതും കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളെ തകർക്കരുതെന്നാണ് ഇവർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ