കൊച്ചി: സോഷ്യൽ മീഡിയ വഴി തുടങ്ങിയ ബന്ധം പിരിയാൻ പറ്റാതെയായി. വീട്ടുകാരോട് പടവെട്ടി വിവാഹം. സന്തോഷകരമായ ജീവിതത്തിൽ സാമ്പത്തികമായ ഉന്നതി. നേട്ടങ്ങൾക്ക് കാരണം എന്റെ പ്രിയപ്പെട്ടവൾ. സമ്പത്ത് വന്നപ്പോൾ ഭാര്യ വെറുക്കപ്പെട്ടവളായി. ജാതിയിൽ കുറഞ്ഞവളായി, അവളുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ട് ഒടുവിൽ അഴിക്കുള്ളിലേക്ക്.

തൃശ്ശൂർ കുന്നംകുളം കണ്ടിരുത്തി വീട്ടിൽ സുമേഷിന്റെയും കൊച്ചി സ്വദേശിയായ സംഗീതയുടെയും പ്രണയവും പ്രണയാനന്തര വിവാഹവും ജീവിതവും ഒരു സിനിമാകഥ പോലെ സംഭവബഹുലമാണ്. സോഷ്യൽ മീഡിയാവഴി പരിചയപ്പെട്ട രണ്ടാളുകൾ, ചാറ്റുകളുടെയും മേസേജുകളും ഫോൺകോളുകളിലെക്ക് വഴി മാറുന്നു. പ്രണയത്തിന്റെ ആദ്യകാലത്ത് കമിതാക്കൾ തമ്മിൽ സാമ്യതകൾ കൂടുതലായിരിക്കും. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. നിരന്തരമായ ഇടപെടലുകൾ കൊണ്ട് അവർ പരസ്പരം അടുത്തു. അത് പ്രണയമായി. തമ്മിൽ പിരിയാൻ പറ്റില്ല എന്ന നിലയിലേക്ക് ആ ഹൃദയബന്ധം മാറുന്നു. തന്റെ വീട്ടിലേ അവസ്ഥയും ചുറ്റുപാടും അവൾ അവനോട് പറഞ്ഞിരുന്നു.

ദളിത് മനുഷ്യരേ തരം തരിച്ചു മാറ്റി നിർത്തുന്ന പഴയ ദ്രവിച്ച ഫ്യൂഡൽ ചിന്തയുടെ അടിമയായിരുന്നില്ല സുമേഷ്. ഈഴവ സമയ സമുദായക്കാരനായ സുമേഷ് ആദ്യം സുമേഷ് സംഗീതയുടെ വീട്ടിലേത്തി തന്റെ ഇഷ്ടം മാതാപിതാക്കളെ അറിയിച്ചു. സംഗീതയുടെ വീട്ടുകാർക്ക് സമ്മതമാണെന്ന് മനസിലാക്കി അയാൾ തുടർന്ന് തന്റെ വീട്ടിൽ വിഷയമവതരിപ്പിച്ചു. ജാതി വിഷയം ഉന്നയിച്ച് സുമേഷിന്റെ അമ്മയും മറ്റും തീവ്രമായി ഇതിനേ എതിർത്തു. കല്യാണമാലോചിച്ച് ആദ്യമായി വന്ന സുമേഷിന്റെ ബന്ധുക്കൾ തന്നെ ഈകാര്യം സംഗീതയുടെ വീട്ടിൽ അറിയിച്ചിരുന്നു. വന്ന കൂട്ടത്തിൽ സ്ത്രികൾ ആരുമില്ലാത്ത് എന്താണ് എന്ന് ആരാഞ്ഞപ്പോഴാണ് ''പെണ്ണുങ്ങൾ വന്നാൽ കുറ്റവും കുറവും പരിമിതികളും മാത്രമേ കണ്ട് പിടിക്കുകയുള്ളു, സുമേഷിന്റെ അമ്മ ജാതി വിഷയത്തിൽ കല്യാണത്തിന് എതിരാണ് '' എന്ന് അവർ പറഞ്ഞതായി സംഗീതയുടെ ബന്ധുക്കൾ പറയുന്നത്.

സുമേഷ് ദൃഢനിശ്ചയത്തോടെ നിന്നു എന്ത് വന്നാലും സംഗീതയേ ആയിരിക്കും വിവാഹം കഴിക്കുന്നത്. ഇയാളുടെ പുരോഗമനപരായ നിലപാടിന് അഭിവാദ്യം അർപ്പിച്ച് ബന്ധുക്കളിൽ ചിലരും സുഹൃത്തുക്കളും സുമേഷിന് ഒപ്പം നിന്നു. എതിർപ്പുകൾക്ക് വഴി മാറേണ്ടി വന്നു. എതിർത്തവരുടെ പൂർണ്ണസമ്മതമില്ലാതെ വിവാഹത്തിന്റെ തീയതി കുറിച്ചു 2020 ഏപ്രിലിൽ കല്യാണം. സാധാരണക്കാർ എന്നല്ല ദരിദ്രർ എന്ന് പറയേണ്ടി വരും സംഗീതയുടെ കുടുംബത്തെ. ഹൈക്കോടതിക്ക് സമീപത്തുള്ള തെരുവിൽ ചെറിയ ഒരു വീടാണ് ഇവരുടേത്. അന്നത്തെ അന്നത്തിനായി അന്നന്ന് വഴി തേടുന്നവർ.

ഏപ്രിലിൽ കല്യാണം നടത്താൻ ഉള്ള സാമ്പത്തികം കണ്ടെത്താൻ ആ കുടുംബത്തിന് ആയില്ല. അവർ അത് സുമേഷിനെ അറിയിച്ചു. എന്നാൽ കല്യാണം മാറ്റി വെയ്ക്കാൻ സുമേഷ് തയ്യാറായില്ല. ഉറപ്പിച്ച തീയതിക്ക് തന്നെ വിവാഹം നടത്തണം എന്ന് അയാൾ വാശി പിടിച്ചു. സംഗീത ഇടപെട്ടാണ് സുമേഷിനെ സമാധാനിപ്പിച്ചത്. സംഗീതയുടെ സ്നേഹത്തിനു മുന്നിൽ സുമേഷിന്റെ വാശി അലിയുന്നത് സംഗീതയുടെ മാതാപിതാക്കൾ നിറകണ്ണുകളോടെ കണ്ടു നിന്നു. മകളോട് സ്നേഹമുള്ള ചെറുപ്പക്കാരൻ അവളുടെ വാക്കിന് വില നൽകുന്നവൻ. ഇതിൽപരം എന്ത് വേണം ഈ മാതാപിതാക്കൾക്ക്.

2020 സെപ്റ്റംബറിൽ കൊച്ചിയിലെ പരമാരദേവീ സന്നിധിയിൽ വെച്ച് പ്രണയസാഫല്യം. വിവാഹം മംഗളമായി നടന്നു. എന്നാൽ വിവാഹദിവസം അത്ര മംഗളമായിരുന്നില്ല സംഗീതയ്ക്ക് . വലത് കാലെടുത്ത് വെച്ച ആദ്യ ദിവസം തന്നെ ജാതിവെറിയുടെ ഇരയായ ആകേണ്ടി വന്നു ഈ പെൺകുട്ടിക്ക്. തല ചീകിയ ചീപ്പിൽ, മുഖം തുടച്ച ടൗവ്വലിൽ, ആഹാരം കഴിച്ച പ്ലേറ്റിൽ എല്ലാം ഇരുന്ന് കൊണ്ട് സുമേഷിന്റെ വീട്ടുകാരുടെ ജാതിവെറി സംഗീതയേ നോക്കി പല്ലിളിച്ചു കാണിച്ചു. സുമേഷിന്റെ അമ്മയ രമണി മൂത്ത സഹോദരന്റെ ഭാര്യ നിമിഷ എന്നിവർക്കായിരുന്നു സംഗീതയോട് അയിത്തവും തീണ്ടലും.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ സംഗീത അതിനേ കാര്യമായി പരിഗണിച്ചില്ല. അവൾ ഭർത്താവിനോട് ചേർന്ന് നിന്നു. എങ്കിലും ചിലസമയത്ത് സഹിക്കാൻ കഴിയാതെ ആയപ്പോൾ വീട്ടിൽ വിളിച്ച് അമ്മയോടും സഹോദരിയോടും വിവരം അറിയിച്ചു. ഈ സമയത്തും സുമേഷ് സംഗീതയോട് അലോഹ്യം ഒന്നും കാണിച്ചിരുന്നില്ല. രണ്ട് മാസത്തിനിടയിൽ ഇവർ വാടകവീട്ടിലേക്ക് താമസം മാറി. ജീവിതത്തിലെ ഏറ്റവും നല്ല നാളുകൾ ഓട്ടോഡ്രൈവറായിരുന്ന സുമേഷ് സ്വന്തമായി ഓട്ടോറിഷ വാങ്ങുന്നു, ബുള്ളറ്റ് വാങ്ങുന്നു, കാർ വാങ്ങുന്നു.

ജീവിതത്തിൽ അധ്വാനത്തിന്റെ ഫലമായി സാമ്പത്തിക പുരോഗതി ഉണ്ടാകുന്നു. ''എന്റെ ഐശ്വര്യം പൊടിമോൾ ആണ് ' സുമേഷ് സംഗീതയുടെ ബന്ധുക്കളോട് ഇടക്കിടക്ക് ഇങ്ങനെ പറയുമായിരുന്നു. സംഗീത ഗർഭിണി ആയെങ്കിലും കുട്ടിയേ ജീവനോടെ കിട്ടിയില്ല. അബോർഷനായി കിടന്ന സമയത്ത് സുമേഷിന്റെ വീട്ടിൽ നിന്നാരും തിരിഞ്ഞ് പൊലും നോക്കിയില്ല. പക്ഷേ അവർ പിന്നെ ഒരുമിച്ച് വന്നു. സുമേഷ് സ്വന്തമായി കട തുടങ്ങിയതിന്റെ അന്ന്. ''ഷോപ്പ് എന്റെ നാശത്തിനാണ് എന്ന് ഇത് എന്റെ ജീവൻ എടുക്കും'' എന്ന് സംഗീത തന്നോട് പറഞ്ഞതായി സംഗീതയുടെ സഹോദരീ ഓർക്കുന്നു.

ഐശ്വര്യമായിരുന്നവൾ വെറുക്കപ്പെട്ടവളാകുന്നത് അതിന് ശേഷമാണ്. സുമേഷ് അകലാൻ തുടങ്ങി. സുമേഷിന്റെ വീട്ടിലേക്ക് ഇവർ താമസം മാറ്റുന്നു. അവിടെ കൊടിയ ജാതിആക്ഷേപങ്ങൾക്കും സ്ത്രീധനപീഡനത്തിനുമാണ് സംഗീത വിധേയ ആയത് എന്ന് സംഗീതയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ദളിതയായ സംഗീതയെ പട്ടിക്കൂട്ടത്തിൽ നിന്നും വന്നവൾ, വേശ്യ എന്നൊക്കെയാണ് സുമേഷിന്റെ മാതാവ് അഭിസംബോധന ചെയ്തിരുന്നത്. മൂത്ത മരുമകളായ നിമിഷയുടെ യോഗ്യതകൾ എണ്ണിപറഞ്ഞ് അവർ സംഗീതയേ പീഡിപ്പിച്ചിരുന്നു. സുമേഷും ഈ സമയം മാറുകയായിരുന്നു. പിണങ്ങി പലതവണ അയാൾ സംഗീതയെ വീട്ടിൽ കൊണ്ട് ചെന്ന് വിട്ടു. ഇതിനിടയിൽ പൊലീസിൽ സംഗീത പരാതി കൊടുക്കുന്നു.

തന്നെ ഉപേക്ഷിക്കരുത് എന്നപേക്ഷിച്ച് കൊണ്ട് പൊലീസ് സ്റ്റേഷനിൽ വെച്ച് സംഗീത സുമേഷിന്റെ കാലിൽ കെട്ടിപിടിച്ച് കരഞ്ഞു. പൊലീസിന്റെ മധ്യസ്ഥതയിൽ സുമേഷ് ഭാര്യയെ വീട്ടിലേക്ക് കൊണ്ട് പോയി എങ്കിലും ഏറേ കഴിയും മുൻപേ തിരികെ കൊണ്ട് വിട്ടു. എനിക്ക് നിന്നെ വെറുപ്പും അറപ്പുമാണെന്ന് സുമേഷ് പലതവണ സംഗീതയോട് പറയുന്നത് സംഗീതയുടെ മാതാപിതാക്കൾ കേട്ടു. എന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞു കാലിൽ വീണ സംഗീതയുടെ കാലിൽ തിരിച്ച് കെട്ടിപ്പിടിച്ച് സുമേഷ് തന്നെ വെറുതെ വിടണം നമുക്ക് ഒരിമിച്ച് ജീവിക്കാനാവില്ല എന്ന് പറഞ്ഞതായും ഈ മാതാപിതാക്കൾ ആരോപിക്കുന്നു.

കൗൺസിലിഗിന് എന്ന് പറഞ്ഞ് ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പീടിക്കാൻ വക്കീലിന്റെ മുന്നിൻ എത്തിച്ചതായും സംഗീത അവിടെ നിന്ന് ഓടി രക്ഷപെടുക ആയിരുന്നു എന്നും ആരോപണമുണ്ട്. ഏതോ ഡോക്ടറിന്റെ ചികിത്സയാണ് എന്ന് പറഞ്ഞ് ചില ഗുളികകൾ സംഗീതയെ കൊണ്ട് കഴിപ്പിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇത് കഴിക്കുന്നത് തടഞ്ഞ തന്നോട് ഗുളിക കഴിച്ചാൽ ചേട്ടൻ എന്നെ വീട്ടിലേക്ക് കൊണ്ട് പോകാം എന്ന് സമ്മതിച്ചു എന്ന് സംഗീത പറഞ്ഞതായി സംഗീതയുടെ സഹോദരി പറയുന്നു. സംഗീത മരിക്കുമ്പോൾ സുമേഷ് അവിടെ ഉണ്ടായിരുന്നതായും അയാൾ നിസംഗനായി നടന്നു പോവുകയായിരുന്നു എന്നും സംഗീതയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

2022 ജൂൺ ഒന്നിനാണ് സംഗീതയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കൊലപാതകവും ജാതിആക്ഷേപവും സ്ത്രീധനപീഡനമടക്കമുള്ള കുറ്റങ്ങൾ ആരോപിച്ചു കൊണ്ട് അന്ന് മുതൽ സംഗീതയുടെ ബന്ധുക്കൾ നിയമപോരാട്ടത്തിലാണ്. ജൂലൈ 12 ന് വൈകിട്ടാണ് മരണം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പൊലീസ് സുമേഷിനേയും ഇയാളുടെ മാതാവ് രമണിയേയും സഹോദരഭാര്യ മനീഷയേയും അറസ്റ്റ് ചെയ്യുന്നത്.