തിരുവനന്തപുരം: പഠിത്തത്തിൽ മിടുക്കിയായിരുന്നു സഞ്ജന. ബിടെക് കഴിഞ്ഞ് എൻനീയറായി ആ മേഖലയിൽ തന്നെ ജോലിക്ക് കയറിയപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നത് മറ്റൊരു സ്വപ്‌നമായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കണം. ഇങ്ങനെയൊരു ആഗ്രഹം നന്നേ ചെറുപ്പത്തിലേ ആ കുഞ്ഞുമനസ്സിൽ കയറിക്കൂടിയിരുന്നു. ബ്രിഗേഡിയർ ആയിരുന്ന മുത്തച്ഛനൊപ്പം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സ്ഥിരമായ ചെന്നിരുന്ന ആ കാലത്തുതന്നെ മനസ്സിൽ കുടിയേറിയതായിരുന്നു സൈനിക സേവനമെന്ന മോഹം.

ഇതോടെ ഐ.ടി. കമ്പനിയുടെ നാലു ചുവരുകൾക്കിടയിൽ ഒതുങ്ങാൻ സഞ്ജന തയ്യാറായില്ല. ഒടുവിൽ ജോലിവിട്ടിറങ്ങി സഞ്ജന താൻ ഇഷ്ടപ്പെട്ട ആർമിയിലെ ലെഫ്റ്റനന്റ് പദവിയിലെത്തുന്നു. സർവീസസ് സെലക്ഷൻ ബോർഡിന്റെ പരീക്ഷയിൽ അഭിമുഖത്തിൽ ഒന്നാം റാങ്കോടെയാണ് സഞ്ജനപ്രകാശ് എന്ന ഇരുപത്തിനാലുകാരി കരസേനയിലേക്കുള്ള പ്രവേശനം നേടിയത്.

ബി.ടെക് ബിരുദം പൂർത്തിയാക്കിയ സഞ്ജന ബെംഗളൂരു ഐ.സി.എസിൽ എയ്റോ സ്പേസ് വിഭാഗത്തിൽ ജോലിക്കു ചേർന്നുവെങ്കിലും അത് ഉപേക്ഷിച്ച് സേനയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളിൽ അച്ഛൻ ഡോ. പ്രകാശായിരുന്നു സഹായിച്ചത്. ആർമിയിൽ ബ്രിഗേഡിയറായിരുന്ന മുത്തച്ഛൻ ഗോപകുമാറിനൊപ്പം ചെറുപ്പം മുതൽ പാങ്ങോട് കരസേന ക്യാമ്പിൽ പോയതും അച്ഛൻ പ്രകാശിന്റെ പിന്തുണയുമാണ് സഞ്ജനയ്ക്ക് പ്രചോദനമായത്. ഈ മാസം അവസാനം ജമ്മു കശ്മീരിൽ സിഗ്‌നൽസ് വിഭാഗത്തിൽ ഓഫീസറായി സഞ്ജന ജോലിയിൽ പ്രവേശിക്കും.

എസ്.എസ്.ബി.യുടെ ടെക്നിക്കൽ എൻട്രി വഴിയാണ് സഞ്ജന കരസേനയിൽ ജോലി നേടിയത്. 240 പേരെയാണ് തിരഞ്ഞെടുത്തത്. 200 പുരുഷന്മാരും 40 സ്ത്രീകളും. ഇതിൽ രണ്ടു മലയാളികൾ മാത്രം. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. ഭാരം ചുമന്നുള്ള ഓട്ടവും മലകയറ്റവും കുതിരസവാരിയും എല്ലാം ഏറെ പ്രയാസകരമായിരുന്നു. റൈഫിൾ പരിശീലനവും റോക്കറ്റ് ലോഞ്ചിങും പരിശീലനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഒരു വർഷത്തെ കഠിനമായ പരിശീലനം പൂർത്തിയാക്കിയപ്പോൾ ശാരീരികമായും മാനസികമായും ശക്തയായി- സഞ്ജന പറയുന്നു.

ഹോളി ഏയ്ഞ്ചൽസ് കോൺവെന്റിലെ സ്‌കൂൾ പഠനവും തുടർന്ന് ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ടോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദവും നേടിയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുന്നുകുഴി കലാവിഹാർ ലെയ്ൻ കെ.വി. 58 മാൻകോട്ടിൽ അനസ്തേഷ്യോളജിസ്റ്റായ ഡോ. എം. പ്രകാശിന്റെയും കേരള സർവകലാശാലയിൽ സെക്ഷൻ ഓഫീസറായ അഞ്ജലി സുശീലയുടെയും മകളാണ് സഞ്ജന. സഹോദരി അഞ്ജന പ്രകാശ് ടെക്നോപാർക്കിലെ ജീവനക്കാരി.