തിരുവനന്തപുരം: കോപ്പിയടി ആരോപണത്തെ തുടർന്ന് ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത കേസിൽ പാമ്പാടി നെഹ്രു കോളജിലെ പിആർഒ സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യംചെയ്യലിനുശേഷം വിട്ടയയ്ച്ചു.

ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്തെ പൊലീസ് മർദനം ഉപയോഗിച്ചു നേരിട്ടത് വിവാദമായതിനു പിന്നാലെയാണ് സഞ്ജിത്തിന്റെ അറസ്റ്റ്. കോളജ് ചെയർമാൻ പി. കിഷ്ണദാസിനെ കഴിഞ്ഞ ദിവസം ഇതുപോലെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ജിഷ്ണു പ്രാണോയിയെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ചു മർദിച്ചവരിൽ സഞ്ജിത് വിശ്വനാഥനും ഉൾപ്പെടുന്നതായാണ് ആരോപണം. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥന്റെ മകനാന് കേസിൽ രണ്ടാം പ്രതിയായ സഞ്ജിത്ത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോളജിൽ ഇടിമുറി പ്രവർത്തിക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.

വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകരായ സിപി പ്രവീൺ, വിപിൻ എന്നിവരാണ് മറ്റുപ്രതികൾ. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നെഹ്‌റു കോളേജ് ചെയർമാൻ പി. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്‌പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യംചെയ്യുകയും പിന്നീട് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ വിട്ടയക്കുകയുമായിരുന്നു.

കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് പൊലീസ് ഹെഡ്ക്വാട്ടേഴ്സിനു മുന്നിൽ സമരം നടത്തിയ മഹിജയെയും ബന്ധുക്കളെയും പൊലീസ് മർദിച്ചത് വൻ വിവാദമായിരിക്കുകയാണ്.