രുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് കർക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതർപ്പണവും അനുബന്ധപ്രവർത്തനങ്ങളും നിരോധിച്ച് ഉത്തരവ് കലക്ടർ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. കനത്ത കടലാക്രമണമാണ് പ്രദേശത്ത്. കൂടാതെ ബലിതർപ്പണ നടത്താൻ കഴിയാത്ത വിധത്തിൽ തീരശോഷണവും സംഭവിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കേയാണ് ബലിതർപ്പണം നിരോധിച്ചത് ആസൂത്രിതമാണെന്ന വിധത്തിൽ സൈബർ പ്രചരണം നടത്തുകയാണ് ഒരു കൂട്ടർ.

വാട്‌സ് ആപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുകായണ് ചെയ്യുന്നത്. ഇത് ഹൈന്ദവ സമൂഹത്തിന് എതിരെയാണെന്ന വിധത്തിലാണ് പ്രചരണം നടക്കുന്നത്. ഇടതു സർക്കാറിന്റെ ഹിന്ദു വിരോധം കൊണ്ടാണ് കർക്കിടക വാവ് ബലി തടഞ്ഞതെന്നാണ് പ്രചരിക്കുന്നത്. അതേസമയം സുരക്ഷ മുന്നിൽ കണ്ടു നടത്തിയ ശ്രമത്തെ തള്ളുകയാണ് ഹിന്ദു ഐക്യവേദിയും. ഇത്രയും അപകടകരമായ അവസ്ഥയിലും ബലി തർപ്പണത്തിന് അവസരം നൽകണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടുന്നത്. നൂറ്റാണ്ടുകളായി ബലിതർപ്പണം നടത്തുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലമുള്ളതെന്നാണ് ഇവരുടെ വാദം.

അതേസമം ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടൽക്ഷോഭവും അപകട സാധ്യതയും നിലനിൽക്കുന്നതിനാൽ ഇത്തവണ കർക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതർപ്പണം നിരോധിച്ചു കൊണ്ട് കലക്ടർ ഉത്തരവിട്ടത്. ബലിതർപ്പണത്തിനായി ജനങ്ങൾ ശംഖുമുഖം കടൽതീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. 2019, 2021 വർഷങ്ങളിലെ ശക്തമായ കടൽക്ഷോഭത്തിൽ ശംഖുമുഖത്തെ കടൽഭിത്തിയും നടപ്പാതയും നിശേഷം തകർന്നിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുകയാണ്.

അപകട സാധ്യത കണക്കിലെടുത്ത് ആളുകൾ ബീച്ചിലിറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ വച്ച് തീരം അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ഡയഫ്രം വാൾ വരെ കടൽ കയറുകയും ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റ് കടൽത്തീരങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ മേഖലയായതിനാൽ സ്‌കൂബാ ടീമിനെ രക്ഷാപ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിനും റബർ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളും സഹകരിക്കണമെന്ന് കലക്ടർ അറിയിക്കുകയുണ്ടായി.

അതേസമയം ബീച്ച് പോലും ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് ബലി തർപ്പണം വേണ്ടതെന്ന് വച്ചതെന്ന വസ്തുത മറന്നു കൊണ്ടാണ് മറിച്ചുള്ള പ്രചരണം നടക്കുന്നത്. ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശ പ്രകാരം കൂടിയാണ് ചടങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.