തിരുവനന്തപുരം: സർക്കാർ മാറിയാലും അഴിമതിക്കാരായ മന്ത്രിമാർ ശിക്ഷിക്കപ്പെടാത്ത പതിവുശൈലി ഇത്തവണയും ഉണ്ടാകുമോ? അഴിമതി മുഖ്യ പ്രചരണ വിഷയമായ തെരഞ്ഞെടുപ്പിന് ഒടുവിലായി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മുൻ സർക്കാറിന്റെ കാലത്തെ വീഴ്‌ച്ചകൾ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സത്യസന്ധമായ അന്വേഷണം നടത്താൻ വേണ്ടി എന്ന നിലയിൽ വിജിലൻസ് തലപ്പത്ത് സത്യസന്ധനായി ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെ തന്നെ നിയോഗിച്ചു. വിജലൻസ് ഡയറക്ടായി ചുമലതയേറ്റെടുത്ത് നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ തന്നെ അദ്ദേഹം അഴിമതിക്കാർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

കടി കൊള്ളുമ്പോൾ അഴിമതിക്കാർ അറിയമെന്നായിരുന്നു ജേക്കബ് തോമസ് അഭിപ്രായപ്പെട്ടത്. എന്തായാലും അഴിമതിക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുമ്പോൾ അതിൽ രാഷ്ട്രീയ ഇടപെടൽ നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. ഇങ്ങനെ നേർവഴിയിൽ അന്വേഷണം നടത്താൻ ഒരുങ്ങുന്ന ജേക്കബ് തോമസിന്റെ വലയിൽ ആദ്യം വീണിരിക്കുന്നത് മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും റവന്യൂ മന്ത്രി അടൂർ പ്രകാശുമാണ്. കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് നടത്തിയ കടുംവെട്ടിൽ പെട്ട് സന്തോഷ് മാധവൻ ഇടനിലക്കാരനായ പുത്തൻവേലിക്കരയിലെ ഭൂമിദാന കേസിലാണ് രണ്ട് മുന്മന്ത്രിമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസിൽ സ്ഥലമുടമ സന്തോഷ് മാധവൻ, ഐ.ടി കമ്പനിയായ ആർ.എം.ഇസഡ്.ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബി.എം. ജയശങ്കർ എന്നിവർക്കതിരെയും കേസെടുക്കണമെന്ന് വിജിലൻസ് കോടതി ജഡ്ജി പി.മാധവൻ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ മുൻ സർക്കാർ സമർപ്പിച്ച ത്വരിത പരിശോധനാ റി്‌പ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവെന്നതിനാൽ ഈ കേസിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കൂടി ശ്രദ്ധയിൽപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ അഴിമതിക്കാർ അഴിക്കുള്ളിലാകുമോ എന്ന പൊതുവികാരം ഉയർന്നിട്ടുണ്ട്.

സന്തോഷ് മാധവവന്റെ ഉടമസ്ഥതയിലുള്ള ആദർശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ നിലവും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മഠത്തുംപടി വില്ലേജിൽ 32.41 ഏക്കർ നിലവും 2006ൽ വാങ്ങിയിരുന്നു. ഈ ഭൂമി 1964ലെ കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പ് പ്രകാരം സർക്കാർ മിച്ച ഭൂമിയായി 2009 ജനവരിയിൽ ഏറ്റെടുത്തു. ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ഈ ഭൂമിയിൽ ഹൈടെക് ഐ.ടി. പാർക്ക് സ്ഥാപിക്കാൻ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) വകുപ്പിന് ഇളവ് അനുവദിച്ച് കൊണ്ട് 2016 മാർച്ച് 2 ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ ഈ ഉത്തരവ് വിവാദമായതോടെ 2016 മാർച്ച് 23 ന് പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.

കെപിസിസി പ്രസിഡന്റ് വി എം സുധീരനും സതീശനും അടക്കമുള്ളവർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് കോടികളുടെ ഈ ഭൂമി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. സംഭവത്തിൽ റവന്യൂ മന്ത്രിക്ക് പങ്കില്ലെന്നും വ്യവസായ മന്ത്രിയാണ് ഫയൽ മന്ത്രിസഭയ്ക്ക് മുന്നിൽ ഔട്ട് ഓഫ് അജണ്ടയായി കൊണ്ടുവന്നതെന്നുമാണ് നേരത്തെ വിജിലൻസ് റിപ്പോർട്ട്. എന്നാൽ, ഈ റിപ്പോർട്ടിൽ ഏത് സാഹചര്യത്തിലാണ് ഫയൽ ഔട്ട് ഓഫ് അജണ്ടയായി എത്തിയതെന്നാണ് വ്യക്തമാക്കിയിരുന്നില്ല.

ഈ ഭൂമി ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതി നടന്നെന്ന ആരോപണം പലതവണ ഉയർന്നിരുന്നു. സന്തോഷ് മാധവന് ഭൂമി നൽകാൻ ചരട് വലിച്ചത് കുഞ്ഞാലിക്കുട്ടിയെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് നേരത്തെ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിജിലൻസിനു മൊഴി നൽകിയിരിക്കുന്നത്. വിവാദ ഉത്തരവുകളൊന്നും താൻ ഏകപക്ഷീയമായി പുറപ്പെടുവിച്ചതല്ല. റവന്യു സെക്രട്ടറി എന്ന നിലയിൽ വകുപ്പിൽനിന്ന് പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളിലും താൻ ഒപ്പുവയ്ക്കേണ്ടതാണ്. സന്തോഷ് മാധവന്റെ കമ്പനിക്കു ഭൂമി നൽകാൻ നിശ്ചയിച്ചത് റവന്യു വകുപ്പല്ലെന്നും വ്യവസായ വകുപ്പാണെന്നും മേത്ത വ്യക്തമാക്കിയിരുന്നു.

ഹൈടെക് ഐടി പാർക്കുകൾ, വ്യവസായം, മെഡിക്കൽ സയൻസ്, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നവർക്ക് 1964ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് നൽകി 2015 ഓഗസ്റ്റ് 22ന് സർക്കാർ പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു. ഇതനുസരിച്ച് കമ്പനി അപേക്ഷ നൽകി. 1600 കോടിയുടെ നിക്ഷേപമെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അപേക്ഷ പരിശോധിച്ച് ഭൂമി നൽകാൻ തീരുമാനിച്ചത്. ഇതിനുശേഷം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫയൽ മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. വിഷയം ചർച്ച ചെയ്ത മന്ത്രിസഭായോഗം ഭൂമി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഭൂമിയുടെ യഥാർഥ സ്ഥിതി സംബന്ധിച്ച് പരിശോധന നടത്താനുള്ള സാവകാശം പോലും റവന്യു വകുപ്പിനു ലഭിച്ചില്ല. ഇതിനുമുമ്പേ മന്ത്രിസഭയുടെ തീരുമാനം വന്നു. ഇതിനുശേഷമാണ് ഫയൽ റവന്യു വകുപ്പിൽ ലഭിക്കുന്നത്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ച് ഉത്തരവിറക്കുക മാത്രമാണ് താൻ ചെയ്തതെന്നും റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസിനെ അറിയിച്ചിരുന്നു.

എന്നാൽ റവന്യൂ വകുപ്പിന് തടിയൂരാനുള്ള ഈ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയതോടെ ഇനി നടക്കുന്ന അന്വേഷണം കൂടുതൽ കാര്യക്ഷമമാകും. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിശദമായ അന്വേഷണം നടത്താൻ ഭരണപക്ഷത്തെ ഉന്നതരുടെ സമ്മർദ്ദത്താൽ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ഏറെ നോവിച്ചു വിട്ട ജേക്കബ് തോമസ് കാർക്കശ്യത്തോടെ തന്നെ കേസ് അന്വേഷിക്കുമെന്നാണ് അറിയുന്നത്. ഇതോടെ അടൂർ പ്രകാശിനും ജേക്കബ് തോമസിനും എളുപ്പത്തിൽ തടിയൂരാൻ സാധിക്കില്ലെന്നും വിലയിരുത്തുന്നു. കഴിഞ്ഞ സർക്കാറിന്റെ മന്ത്രിസഭയുടെ അവസാന കാലത്തു നടന്നത് ഇടപാടുകൾ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടതു സർക്കാർ പരിശോധിക്കാൻ ഒരുങ്ങുകയാണ്. ക്രമക്കേട് കണ്ടാൽ ഇവ വിജിലൻസിനെ കൊണ്ട് അന്വേഷിക്കാനുമാണ് പദ്ധതിയിടുന്നത്.

സർക്കാറുകൾ മാറിമാറി വരുമ്പോഴും അഴിമതി കേസിൽ ഒരു മന്ത്രിപോലും ശിക്ഷിക്കപ്പെടാത്ത സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ഇതിന് കാര്ണം നേതാക്കൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണെന്ന ആരോപണവും ശക്തമാണ്. എന്തായാലും അത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് അന്ത്യമാകുന്നു എന്ന വ്യക്തമായ സൂചനയാണ് ജേക്കബ് തോമസിനെ പോലൊരു പ്രഗത്ഭനെ നിയമിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കു്ന്നതും. അതുകണ്ട് തന്നെ തനിക്ക് ലഭിച്ച ആദ്യകേസിൽ ജേക്കബ് തോമസ് എന്ത് നിലപാടെടുക്കും എന്നാണ് ഏവരും കാതോർത്തിരിക്കുന്നത്.