തിരുവനന്തപുരം: ഇന്നലത്തെ വിഷു ദിവസം മലയാളത്തിലെ എല്ലാ സിനിമ താരങ്ങളും ലോക്കേഷനിലോ അല്ലെങ്കിൽ കുടുംബവുമായോ ആർഭാടമായി തന്നെ വിഷു ആഘോഷിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു മലയാളത്തിലെ മറ്റൊരു താരമായ സന്തോഷ് പണ്ഡിറ്റിന്റെ വിഷു ആഘോഷം. കുടിവെള്ളം കിട്ടാതെ വലയുന്ന അട്ടപ്പാടിയിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. 2000 ലിറ്ററിന്റെ രണ്ട് കുടിവെള്ള ടാങ്കുകൾ നൽകി അട്ടപ്പാടിയിൽ നക്കുപ്പതി ഊരിലെ ജനങ്ങളുടെ കുടിവെള്ളം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടാണ് താരം മാതൃകയായത്.

ജനസേവ പ്രവർത്തനങ്ങൾക്ക് മുൻപ് തന്നെ സന്തോഷ് പണ്ഡിറ്റ് പല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൻ വിജയമാക്കിയിരുന്നു. പിന്നാലെയാണ് ജനോപകാരപ്രദമായ മറ്റൊരു സേവനവുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും അട്ടപ്പാടിയിലെത്തിയത്. അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആയിരുന്നു ഈത്തവണ സന്തോഷ് പണ്ഡിറ്റിന്റെ സഹായം. വിഷുക്കാലത്ത് അട്ടപ്പാടിയിൽ എത്തുകയായിരുന്നു താരം അഞ്ചു ദിവസം അവരുടെ കൂടെ ചിലവഴിക്കുകയും ചെയ്തു.

രാകേഷ് ബാബു എന്ന പൊതുപ്രവർത്തകന്റെ ഇടപെടലാണ് അട്ടപ്പാടിയിലേക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ സഹായം എത്താൻ കാരണം. ഫേസ്‌ബുക്കിലെ പരിചയമാണ് രാകേഷ് ബാബുവിനെ സന്തോഷ് പണ്ഡിറ്റിന്റെ സുഹൃത്താക്കുന്നത്. പണ്ഡിറ്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന് കമന്റ്ായി അട്ടാപ്പാടിലേക്ക് വരുന്നോ എന്ന രാകേഷ് ബാബുവിന്റെ ചോദ്യത്തിന് വരാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് കൊണ്ട് സന്തോഷ് പണ്ഡിറ്റ് തന്റെ നമ്പർ നൽകുകയും ചെയ്തു. ഈ ബന്ധം പിന്നീട് വളർന്നതോടെ അതിലൂടെ തുണയായത് നൂറുകണക്കിന് വരുന്ന അട്ടപ്പാടി സ്വദേശികൾക്കുമാണ്.

ഓണത്തിന്റെ സമയത്താണ് ആദ്യമായി പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നത്. കീരിപ്പാതി ഊരിലായിരുന്നു സന്ദർശനം. ഊരിലെ താമസക്കാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രവുമെല്ലാം നൽകിയ ശേഷമാണ് അവിടെ നിന്നും താരം മടങ്ങിയത്. പിന്നീട് ഇവരുടെ വിശേഷങ്ങൾ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. ആദ്യ യാത്രയിൽ തന്നെ അവിടുത്തെ അവസ്ഥ നേരിട്ട് കണ്ട പണ്ഡിറ്റ് വീണ്ടും വരുമെന്ന ഉറപ്പ് നൽകിയ ശേഷമാണ് ഊര് വിട്ട് മടങ്ങിയത്.

ശേഷം ഒരാഴ്ച മുൻപാണ് വീണ്ടും സന്തോഷ് പണ്ഡിറ്റ് രാകേഷ് ബാബുവിനെ വിളിക്കുന്നത്. വിഷുവല്ലെ അട്ടപ്പാടിക്കാർക്ക് എന്തെങ്കിലും ചെയ്യണ്ടേ എന്നായിരുന്നു ചോദ്യം. എന്ത് ചെയ്യേണം എന്ന കാര്യത്തിൽ പൊതുപ്രവർത്തക ഉമ പ്രേമയുമായി ചർച്ച നടത്തി. അട്ടപ്പാടിയിലെ നക്കുപ്പതി ഊരിൽ വെള്ളമില്ലെന്ന വാർത്ത സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് അറിയിച്ചു. കുടിവെള്ളം എത്തിക്കനുള്ള പ്രൊജകടിന് സന്തോഷ് പണ്ഡിറ്റും സമ്മതം മൂളിയതോടെ പിന്നെ വെള്ളം എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.

5000 ലിറ്റർ വെള്ളം നിറയ്ക്കാനുള്ള ടാങ്ക് സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാൽ അത്രയും വലിയ ടാങ്ക് സ്ഥാപിക്കാനുള്ള കെട്ടിടം ഊരിൽ ഇല്ലാത്തതിനാൽ 2000 ലിറ്റർ വെള്ളം നിറയ്ക്കാൻ കഴിയുന്ന രണ്ട് ടാങ്കാക്കി പ്ലാൻ മാറ്റി. ഒന്നര കിലോമീറ്റർ ആകലെയുള്ള കിണറിൽ നിന്നാണ് ടാങ്കിലേക്ക് വെള്ളം എത്തുന്നത്. ഇതിനോടകം ഈ ഊരിൽ മൂന്ന് പ്രൊജക്ടുകൾ സർക്കാർ നടത്താൻ ശ്രമിച്ചിട്ടും പാതി വഴിക്ക് നിലക്കുകയായിരുന്നു. പദ്ധതി യാഥാർഥ്യമായതോടെ നക്കുപ്പതി ഊരിലെ 160 ഓളം വരുന്ന കുടുംബങ്ങൾക്കാണ് സഹായമായത്.

കുടിവെള്ള സൗകര്യത്തിനായി 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് എത്തിച്ചു നൽകിയത്. ഫേസ്‌ബുക്കിലുടെ ചിലർ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. അതോടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Dear Facebook family,

ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. ഇവിടുത്തെ ചില ഊരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവർ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു. ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ങൾ സന്ദർശിച്ചു.

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ. ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ 15 മിനിറ്റൊക്കെ എടുക്കുമത്രേ.

ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച് 5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

164 വീടുകളിൽ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നെരിൽ ബോധ്യപ്പെട്ടു. മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്‌നം കാരണം ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല. എന്റെ അടുത്ത പര്യടനത്തിൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു. 2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്തിരുന്നു.

മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവർക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവർ നേരിടുന്നു. ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്‌നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു.

കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു.

രാകേഷ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അപ്പോൾ ഇത്തവണത്തെ വിഷുവും ശുഭപര്യവസായിയായി.

കഴിഞ്ഞയാഴ്‌ച്ചയാണ് Santhosh Pandit ജി വിളിച്ച് പറയുന്നത്, രാകേഷ് ഭായ് ഇത്തവണത്തെ വിഷു നമുക്ക് ഒരുമിച്ച് ആഘോഷിച്ചാലോ എന്ന്. കൂടെ Uma Preman ജിയും ഉണ്ടായിരുന്നു.എന്ത് ചെയ്യണം ചേച്ചീ എന്ന് ചോദിച്ചു.
വരാൻ പറയൂ എന്ന ഉത്തരം കിട്ടി. അതോടെ താമസം, ഭക്ഷണം, യാത്ര എന്നീ കാര്യങ്ങൾക്ക് തീരുമാനം ആയി.

ചുമ്മാ വന്നാൽ പോരാ സമൂഹത്തിന് ഗുണം ഉള്ളത് എന്തെങ്കിലും ചെയ്യണ്ടേ എന്ന് സന്തോഷ് ജി. ഉമാ ജി പറഞ്ഞു നക്കുപ്പതി ഊരിൽ 150+ കുടുംബങ്ങൾ ഉണ്ട്, അവർക്ക് കുടിവെള്ള ക്ഷാമം ആണ്. അതിന് ഒരു പരിഹാരം കാണാം എന്ന്. സന്തോഷ് ജി ക്കും സന്തോഷം. ഷറഫിക്കയെ വിളിച്ചു കാര്യങ്ങൾ സ്പീഡാക്കാം എന്ന് ഉമാ ജി.
2000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ , ഒന്നര കിലോമീറ്റർ അകലെയുള്ള കിണറ്റിൽ നിന്നും വെള്ളം എത്തിക്കുവാനുള്ള കുഴലുകൾ എന്നിവ വളരെ വേഗം ഊരിലെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഊര് വാസികൾക്ക് വീട്ട് മുറ്റത്ത് വെള്ളം എത്തിച്ച സന്തോഷത്തിൽ ഞങ്ങൾ മടങ്ങി.