തിരുവനന്തപുരം: കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തിന്റെ ആഘോഷങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല.കേരളത്തിന്റെ വിജയത്തിനൊപ്പം തന്നെ ഭൂരിഭാഗം പേരും കൈയടിക്കുന്നത് സംഘാടന മികവിന് കൂടിയാണ്.ഇതൊക്കെ ശരിവെക്കുമ്പോഴും ചില കാര്യങ്ങൾ കാണാതെ പോകരുത് എന്നോർമ്മപ്പെടുത്തി മാധ്യമപ്രവർത്തകന്റെ കുറിപ്പ്.അതും സാമാന്യം പാലിക്കേണ്ട ഒരു കാര്യത്തിൽ വന്ന വീഴ്‌ച്ചയാണ് ഇവിടെ കുറിപ്പിലുടെ മാധ്യമപ്രവർത്തകൻ ചുണ്ടിക്കാണിക്കുന്നത്.മത്സരത്തിന്റെ ആവേശമൊക്കെ കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങുന്ന താരങ്ങൾ നേരിട്ട ബുദ്ധിമുട്ടിനെയാണ് കുറിപ്പിലുടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

താരങ്ങൾ മത്സരശേഷം തങ്ങളുടെ സ്വന്തം വാഹനത്തിലാണ് വീടുകളിലേക്ക് മടങ്ങിയത്.കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാൻ പിതാവ് സ്‌ക്കൂട്ടറിലെത്തി. സ്‌ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനൽ കളിച്ച മറ്റൊരു താരം സ്വന്തം സ്‌കൂട്ടറിലാണ് നാട്ടിലേക്ക് പോയത്..കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ പ്രതിഭകളെ ശരിക്കും വീട്ടിലെത്തിക്കാനുള്ള സാമാന്യ മര്യാദ അധികാരികൾ കാണിക്കേണ്ടതല്ലേ? സന്തോഷ് ട്രോഫി ഓൺ ഡ്യൂട്ടി എന്ന പേരിൽ മലപ്പുറത്ത് കൂടി തേരാ പാരാ ഓടിയ വണ്ടികളിൽ ചിലത് ആ കുട്ടികൾക്കും കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം..

സന്തോഷമില്ലാത്ത ട്രോഫി

സന്തോഷ് ട്രോഫിയിൽ കേരളം വിജയിച്ചു. ആഘോഷവും, ആർപ്പ് വിളിയും കഴിഞ്ഞു. സമയം പുലർച്ചെ 2.30. കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാൻ പിതാവ് സ്‌ക്കൂട്ടറിലെത്തി. സ്‌ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനൽ കളിച്ച മറ്റൊരു താരം സ്വന്തം സ്‌കൂട്ടറിലാണ് നാട്ടിലേക്ക് പോയത്. കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ പ്രതിഭകളെ ശരിക്കും വീട്ടിലെത്തിക്കാനുള്ള സാമാന്യ മര്യാദ അധികാരികൾ കാണിക്കേണ്ടതല്ലേ? സന്തോഷ് ട്രോഫി ഓൺ ഡ്യൂട്ടി എന്ന പേരിൽ മലപ്പുറത്ത് കൂടി തേരാ പാരാ ഓടിയ വണ്ടികളിൽ ചിലത് ആ കുട്ടികൾക്കും കൊടുക്കാമായിരുന്നു. അവർ വെറും പിള്ളേരല്ല! ഈ നാടിന്റെ അഭിമാനതാരങ്ങളാണ്.

 

കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ കേരള രഞ്ജിതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.കേരളത്തിന്റെ ജയത്തിനൊപ്പം സംഘാടന മികവിന് കൂടി കയ്യടിക്കുമ്പോഴാണ് ആഘോഷത്തിന് തന്നെ കാരണഹേതുവായ താരങ്ങളെ വേണ്ട വിധം വീടുകളിലെത്തിക്കുക പോലും ചെയ്യാതെ സംഘാടകരുടെ പെരുമാറ്റം.കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്.

മേണ്ട...ട്രിക്കറ്റ് ദൈവങ്ങളുടെ പണക്കിലുക്കമില്ലല്ലോ പാവങ്ങൾക്ക്.. എന്നാണ് ഒരാൾ മറുപടിയായി കുറിച്ചിരിക്കുന്നത്.അപ്പോ കായിക മന്ത്രി എന്തോ വല്യ സംഭവം ആണെന്ന് ഇന്നലെ ആരോ പറഞ്ഞതോ.... ??.....എന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ ഞങ്ങൾ ( K. F. A ) ഗംഭീര സൽക്കാരവും , പത്രത്തിൽ കൊടുപ്പിക്കുവാൻ ഭാരവാഹികൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്നുണ്ട്... പോരേ?? എന്നായിരുന്നു ഒരാളുടെ പരിഹാസം.