- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ദിവസമായി ഫോൺ ഓഫ്; കൊച്ചിയിൽ എത്തിയത് ഭാര്യയുടെ ഫോണുമായി; വാഹനവുമായി പുഴയിൽ ചാടിയോ മകളെ പുഴയിൽ തള്ളിയിട്ട ശേഷം വാഹനവുമായി മറ്റെവിടേക്കെങ്കിലും പോയോ എന്നും സംശയം; പുഴയിൽ ചാടിയിട്ടുണ്ടെങ്കിൽ മൃതദേഹം ഉയർന്നുവരേണ്ട സമയം കഴിഞ്ഞു; വൈഗയുടേത് മുങ്ങിമരണം; ഇന്റീരിയർ ഡിസൈനർ സാനുവിന് എന്തുപറ്റി?
കാക്കനാട്: പിതാവിനൊപ്പം കാണാതായതിനു പിന്നാലെ മുട്ടാർപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിമൂന്നു വയസുകാരി വൈഗയുടെ മരണത്തിൽ ദുരൂഹത. വൈഗയുടേത് മുങ്ങിമരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു.
കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹനന്റെയും രമ്യയുടെയും മകളായ വൈഗയുടെ മൃതദേഹം മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിൽനിന്നാണു ലഭിച്ചത്. സാനു മോഹനനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. കളമശേരി, തൃക്കാക്കര പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ വൈഗയുടെ മൃതദേഹം അമ്മ രമ്യയും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി.
സാനുവും പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും മുട്ടാർ പുഴ മുഴുവനായും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പുഴയിൽ ചാടിയിട്ടുണ്ടെങ്കിൽ മൃതദേഹം ഉയർന്നുവരേണ്ട സമയം കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി. വാഹനവുമായി പുഴയിൽ ചാടിയോ അതോ മകളെ പുഴയിൽ തള്ളിയിട്ട ശേഷം വാഹനവുമായി മറ്റെവിടേക്കെങ്കിലും പോയോ എന്നും സംശയിക്കുന്നുണ്ട്. 5 വർഷമായി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് സാനുവും കുടുംബവും താമസിക്കുന്നത്. വൈഗ തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.
സമീപത്തുള്ള പുഴകളുടെയും തോടുകളുടെയുമെല്ലാം കടവുകളിലും തീരങ്ങളിലും പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. ചിത്രം അയച്ചു കൊടുത്ത് കാർ കണ്ടെത്താനുള്ള ശ്രമവും ഫലം കണ്ടിട്ടില്ല. ഇതിനിടെ ആലുവ പുഴയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അത് സാനു അല്ലെന്നു വ്യക്തമായിട്ടുണ്ട്. നാലു ദിവസമായി സാനു സ്വന്തം ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുകയായിരുന്നു. കാണാതാകുന്ന ദിവസം ഭാര്യയുടെ ഫോണുമായാണ് കൊച്ചിയിലെത്തിയത്. രാത്രിയിൽ ഭാര്യാപിതാവിനെ വിളിച്ചിരുന്നതായും തുടർന്ന് ഫോൺ ഓഫായെന്നും പൊലീസ് പറയുന്നു. സാനുവിന്റെ ബന്ധുവായ പ്രവീണാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന സാനു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് വിവരം. തന്റെ അക്കൗണ്ടിലൂടെ വലിയ തുകയുടെ ഇടപാടു നടന്നതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അത് ശരിയായാൽ ഉടൻ പണം നൽകാമെന്നായിരുന്നു കടക്കാരോടു പറഞ്ഞിരുന്നത്. പണം കിട്ടാനുള്ള പലരും ഇവരുടെ ഫ്‌ളാറ്റിൽ വന്നിരുന്നതായും പറയുന്നു. എന്നാൽ സാനു മോഹന് സാമ്പത്തിക ബാധ്യതകളുള്ളതായി തങ്ങൾക്കറിയില്ലെന്നാണ് ഭാര്യയും ബന്ധുക്കളും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.
നാൽപ്പതു ലക്ഷം രൂപയുടെ സ്ഥിരംനിക്ഷേപത്തിനു പുറമെ എസ്.ബി. അക്കൗണ്ടിൽ ലക്ഷം രൂപയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചില അനധികൃത ഇടപാടുകളുടെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നു സൂചനയുണ്ട്. ഞായറാഴ്ച രാത്രി ഏഴോടെ സാനു മോഹനും ഭാര്യ രമ്യയും വൈഗയുമായി ആലപ്പുഴയിൽ രമ്യയുടെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നു മറ്റൊരു ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് സാനു മകൾ വൈഗയുമായി കാറിൽ പുറപ്പെട്ടത്. പിന്നീട് ഇരുവരെയും കാണാതായി. സാനു മോഹെനയും ഇയാൾ സഞ്ചരിച്ചിരുന്ന കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ