പെരുമ്പാവൂർ: കൈകഴുകിയപ്പോൾ വെള്ളത്തിന് നിറം മാറ്റമെന്ന് സംശയം. കുപ്പിയിൽ വെള്ളമെടുത്ത് പരിശോധിച്ചപ്പോൾ കാര്യം വ്യക്തമായി.അടുക്കളയിൽക്കയറി പരിശോധിച്ചപ്പോൾ ആഹാരം പാകം ചെയ്യുന്നതും ഇതേ വെള്ളത്തിലെന്ന് ഉറപ്പായി.പിന്നെ അമാന്തിച്ചില്ല പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയുമൊക്കെ വിളിച്ചുവരുത്തി. നിമിഷങ്ങൾക്കുള്ളിൽ അധികൃതരുടെ ഇപെടലിനേത്തുടർന്ന് ഹോട്ടൽ അടുച്ചുപൂട്ടുകയും ചെയ്തു. സ്വന്തമായി സർവീസ് പോയന്റ് നടത്തുന്ന ശ്രീകുമാർ ആർ കർത്ത എന്ന യുവ എൻജിനീയറുടെയും കൂട്ടുകാരുടേയും ഇടപെടലിനെ തുടർന്നാണ് നടപടി ഉണ്ടായത്.

ലാഭക്കൊതി മൂത്ത് ,അഴുവെള്ളത്തിൽ പാകം ചെയ്ത ഭക്ഷണം നാട്ടുകാരെ കഴിപ്പിച്ച ഹോട്ടൽ നടത്തിപ്പുകാരുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രതിഷേധവും പ്രചാരണവും ഇതോടെ ശക്തമാവുന്നുണ്ട്. പെരുമ്പാവൂർ മുവാറ്റുപുഴ റോഡിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം പ്രവർത്തിച്ചുവരുന്ന ഹോട്ടൽ ശരണഭവനാണ് ആഹാരം കഴിക്കാനെത്തിയ യുവാവിന്റെ ലൈവ് പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നത്. കൈകഴുകുന്നിടത്തെ ടാപ്പിൽ നിന്നും വെള്ളം ഒഴുകുന്നത് മുതൽ അടുക്കളയിലെത്തി ടാപ്പിൽ നിന്നും വെള്ളം പരിശോധിക്കുന്നതും ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിക്കുന്നതുമെല്ലാം വ്യക്തമാക്കുന്ന വീഡിയോയാണ് നൽകിയത്. ഭക്ഷണം കഴിക്കാനെത്തിയവർ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നതെന്നും നിറം മാറ്റത്തിന്റെ കാരണം അറിയില്ല എന്നുമായിരുന്നു പ്രതികരണം.

ഇതിനകം തന്നെ പിഞ്ചു കുട്ടികളടക്കം നൂറു കണക്കിന് പേർ ഇവിടെനിന്നും ഭക്ഷണം കഴിച്ച് മടങ്ങിയിരുന്നു.യുവാവിന്റെ പ്രതിഷേധം അരങ്ങേറുമ്പോഴും നിരവധി പേർ ഭക്ഷണം കഴിക്കുന്നതും കാണാം. വിവരമറിഞ്ഞെത്തിയ പൊലീസ്-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിലും പ്രതിഷേധക്കാർ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ പരിശോധനയിലും വെള്ളത്തിന്റെ നിറം മാറ്റം വ്യക്തമായി. തുടർന്നാണ് ഹോട്ടൽ അടയ്ക്കാൻ അധികരികൾ നടത്തിപ്പുകാരോട് നിർദ്ദേശിച്ചത്. വിശദമായ പരിശോധനകൾക്ക് ശേഷം ജലത്തിന്റെ ശുദ്ധി ഉറപ്പുവരുത്തിയ ശേഷം ഹോട്ടൽ തുറന്ന് പ്രവർത്തിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ നിർദ്ദേശം. ഇത് സംമ്പന്ധിച്ച് പരിശോധനകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭ്യമായ വിവരം.

പേരിനുമാത്രം ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തി ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥസംഘം ഒത്താശ ചെയ്യുമെന്നും പൊതുജനം കരുതിയിരിക്കണമെന്നും മറ്റുമുള്ള ആഹ്വാനങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഏറെക്കറെ വൈറലായിക്കഴിഞ്ഞു. ആരോഗ്യ വകുപ്പ് കണ്ണ് തുറക്കണമെന്നും പണത്തിനു വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് തക്ക ശിക്ഷനൽകണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം. ഇന്നുരാവിലെ ഇതിനായി പെരുമ്പാവൂർ ആരോഗ്യവകുപ്പ് ഓഫീസിൽ എത്തി പരാതി നൽകിയിട്ടുമുണ്ട് യുവാക്കളുടെ സംഘം.