പാലക്കാട്: സ്വർണ്ണ കടത്ത് കേസിലെ പ്രതി സരിത്തിനെ പൊലീസ് കൊണ്ടു പോയത് മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കാൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് ഇത്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിൽ ദിലീപിനെതിരെ തെളിവുകൾ കണ്ടെത്തിയത് ഫോൺ പരിശോധനകളിലൂടെയാണ്. ഇതേ രീതി സ്വപ്‌നാ സുരേഷിനെതിരേയും നടത്താനാണ് സർക്കാർ നീക്കം. ഇതിന് പുതിയ തലം നൽകാനാണ് കെടി ജലീലിനെ കൊണ്ട് പൊലീസിൽ ഗൂഢാലോചനാ പരാതിയും നൽകിയത്. സ്വപ്‌നാ സുരേഷിന്റെ കൈയിൽ ഒരു നിർണ്ണായക ഫോട്ടോ ഉണ്ടെന്ന സംശയം സജീവമാണ്. ഇതിലെ വസ്തുതകൾ മനസ്സിലാക്കാൻ വേണ്ടി കൂടിയാണ് സരിത്തിനെ പൊലീസ് അറസ്റ്റു ചെയ്തത്.

സരിത്തിനെ വിജിലൻസ് കൊണ്ടു പോയത് ' ആ ചിത്രം' സ്വപ്‌നയുടെ കൈയിലുണ്ടോ എന്ന് അറിയാനാണെന്ന് വ്യക്തമാണ്. സരിത്തിന്റെ ഫോണിൽ എല്ലാം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലെ രഹസ്യ നീക്കമാണ് വിജിലൻസിനെ കൊണ്ട് നടത്തിയത്. ലോക്കൽ പൊലീസ് പോലും അറിയുന്നത് സ്വപ്‌നയുടെ വെളിപ്പെടുത്തലിന് ശേഷമായിരുന്നു. ഇത് നോട്ടിസ് നൽകി അപ്പോൾ തന്നെ കൊണ്ടു പോകുന്ന ആദ്യ സംഭവമായി മാറുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനാണ് എത്തിയതെന്നും നോട്ടീസ് കൈപ്പറ്റാത്തതു കൊണ്ട് സരിത്തിനെ പിടിച്ചു കൊണ്ടു പോയി എന്നുമാണ് വിജിലൻസ് നൽകുന്ന വിശദീകരണം. ഇത് ഏറെ വിചിത്രവും കേട്ടുകേൾവി ഇല്ലാത്തതുമാണ്. അതിനിടെ സരിത്തിന്റെ ബന്ധുക്കൾ ഹേബിയസ് കോർപ്പസുമായി ഹൈക്കോടതിയിൽ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കോടതിയോട് വിജിലൻസിന് കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും.

സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റാണ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. സരിത്തിപ്പോൾ പാലക്കാട് വിജിലൻസ് ഓഫീസിൽ ഉണ്ട്. നോട്ടീസ് നൽകി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നത്. നോട്ടീസ് നൽകിയ ഉടനെ ആരേയും വിളിച്ചു കൊണ്ടു പോകാൻ കഴിയില്ല. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലൻസ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്. ഇതെല്ലാം അസ്വാഭാവിക വിശദീകരണമാണ്.

പൂജപ്പുര സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പൊലീസിന്റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. ഇതിൽ നിന്നാണ് വിജിലൻസുകാരാണ് എത്തിയതെന്ന് മനസ്സിലായത്. സരിത്തിനെ, സ്വർണ്ണ കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്തത് വിജിലൻസ് സംഘമെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.മുതിർന്ന പൊലീസ് ഉദ്യോസ്ഥരെ അറിയിച്ച ശേഷമായിരുന്നു വിജിലൻസിന്റെ നടപടിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ഒരു നോട്ടിസും നൽകാതെയാണ് സരിത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണു വിജിലൻസ് സരിത്തിനെ കൊണ്ടുപോയതെങ്കിൽ ആദ്യം കൊണ്ടുപോകേണ്ടത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയാണെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തു കേസിൽ രാവിലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്‌ളാറ്റിൽ നിന്ന് നാലംഗ സംഘം സരിത്തിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയതെന്നും എന്നാൽ, പൊലീസ് യൂണിഫോമിലല്ലായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കറൻസി, സ്വർണക്കടത്തിൽ പങ്കെന്ന് ഉറപ്പിച്ച് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്നും രംഗത്ത് വന്നിരുന്നു. പാലക്കാട്ട് മാധ്യമങ്ങളോടാണ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സ്വപ്ന വ്യക്തമാക്കിയത്. താൻ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. തെളിവുകൾ ഉള്ളതിനാലാണ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. അല്ലാതെ, ഏതെങ്കിലും ഒരു സ്ത്രീ മുഖ്യമന്ത്രിക്കെതിരേ തമാശക്കളി നടത്തിയാൽ അതിനു കോടതി കൂട്ട് നിൽക്കുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലേയും മകൾ വീണയേയും പുകമറ സൃഷ്ടിച്ച് നിർത്തുന്നതല്ല, അത് നിവൃത്തികേട് കൊണ്ടാണ്. താൻ ഇപ്പോഴും ഭീഷണി നേരിടുകയാണ്, എന്നാൽ, വിഷയത്തിൽ ഉൾപ്പെട്ടവർ ഇപ്പോഴും ആഡംബര ജീവിതം തുടരുകയാണ്. തനിക്ക് രാഷ്ട്രീയ അജൻഡയില്ല, തന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. മുഖ്യമന്ത്രി എന്ന നിലയിൽ അല്ല, തന്റെ കേസിൽ ഉൾപ്പെട്ട വ്യക്തി എന്ന നിലയിലാണ് പിണറായിയുടെ പേര് വെളിപ്പെടുത്തിയത്. ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ട്. ഇപ്പോൾ പുറത്തുവന്നത് ചെറിയ കാര്യങ്ങൾ മാത്രമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

പി.സി. ജോർജിന് താനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടാം. സരിതയെ തനിക്ക് അറിയില്ല, തന്റെ അമ്മയെ ബന്ധപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. അവർ എന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. ഉന്നതർ ഒരു സ്ത്രീയെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ കളഞ്ഞതിന്റെ വിഷമം എല്ലാവരും അറിയണമെന്നും സ്വപ്ന. താൻ ഇപ്പോൾ ജോലി ചെയ്യുന്ന എച്ചആർഡിഎസിന് തന്റെ മൊഴിക്കു പിന്നിൽ ഒരു ബന്ധവുമില്ലെന്നും തന്നെയും മക്കളേയും ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തിരുന്നു.