ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വേദിയിൽ വിധിയെഴുത്തിനെ സ്വാധീനിച്ച് കൊറിയൻ താരം വിജയിച്ചതിന് പകരം വീട്ടുമെന്ന് ഇന്ത്യയുടെ സൂപ്പർ ബോക്‌സിങ് താരം സരിതാദേവി. വരുന്ന ലോക ചാംപ്യൻഷിപ്പിൽ കൊറിയൻ താരം ജിന പാർക്കിനോട് പകരം വീട്ടുമെന്ന് സരിത പറഞ്ഞു.

ജിനയ്‌ക്കെതിരെ വീണ്ടും മത്സരിക്കാൻ ആഗ്രഹമുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ നേർക്കുനേർ വന്നാൽ മത്സരം പൂർത്തിയാക്കാൻ അനുവദിക്കാതെ ജിനയെ ഇടിച്ചിടുമെന്നും സരിത പറഞ്ഞു. ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സരിത.

ഇഞ്ചിയോണിൽ സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ പതാക മൂന്നാമതായി നിൽക്കുന്നത് കണ്ടപ്പോൾ ദുഃഖവും അരിശവും തോന്നി. അതാണ് വെങ്കല മെഡൽ തിരിച്ചു നൽക്കാൻ കാരണം. ബോക്‌സിങ് താരം മേരി കോമിന്റെ പിന്തുണ വളരെ സഹായകമായി. തന്റെ പ്രതിഷേധത്തിന് രാജ്യത്തിന്റെയാകെ പിന്തുണ ലഭിച്ചെന്നും സരിത പറഞ്ഞു.

താൻ നന്നായി മൽസരിച്ചിട്ടും കൊറിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ഉൾക്കൊള്ളാനായില്ല. ഏഷ്യൻ ഗെയിംസിലെ വിജയം തന്റെ സ്വപ്നമായിരുന്നു. കുഞ്ഞിനെ പോലും നാട്ടിൽ ഒറ്റയ്ക്കാക്കിയാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തത്. ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ ശരിക്കും സങ്കടം വന്നുവെന്നും സരിത ദേവി പറഞ്ഞു.

സരിത ദേവിക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ഇഞ്ചിയോൺ സമ്മാനിച്ചത്. റിങ്ങിൽ ഏറ്റുമുട്ടേണ്ടി വന്നത് ദക്ഷിണ കൊറിയൻ താരത്തോടുമാത്രമല്ല, റഫറിയോടുംകൂടിയായിരുന്നു. എന്നാൽ അപ്രതീക്ഷിത തോൽവി സരിതയെ തളർത്തി. ഇടിക്കൂട്ടിലെ വീറും വാശിയും കൈവിടാത്ത സരിതയുടെ മനസ് പോഡിയത്തിലെത്തിയപ്പോൾ കൈവിട്ടുപോയി.

ഇനി കുറച്ചുനാൾ ഒന്നരവയസ് പ്രായമുള്ള മകൻ ടോംതിലിനും ഭർത്താവ് തോയ്ബ സിംഗിനുമൊപ്പം കഴിയണം. വിശ്രമിക്കാൻ അധികനാളില്ല. നവംബറിൽ ദക്ഷിണകൊറിയയിൽ ലോകചാംപ്യൻഷിപ്പ് മത്സരങ്ങൾക്കൊരുങ്ങണമെന്നും സരിത ദേവി പറഞ്ഞു.