തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുമായി റിപ്പോർട്ടർ ചാനൽ രംഗത്ത്. സംസ്ഥാന മന്ത്രിസഭയിലെ ഒന്നിലേറെ മന്ത്രിമാർ തന്നെ ഉപയോഗിച്ചുവെന്ന് സരിത പറയുന്ന ശബ്ദരേഖയാണ് ചാനൽ പുറത്തുവിട്ടത്. ടീം സോളാർ കമ്പനിക്ക് വേണ്ടി കരാറുകൾ ലഭിക്കാൻ തന്നെ ദുരുപയോഗം ചെയ്‌തെന്നും മന്ത്രിമാരിൽ ചിലർ സ്ത്രീകളെ ഉപയോഗിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുന്നുവെന്നും സരിത ആരോപിച്ചു. മറുനാടൻ മലയാളിയിലെ മുൻ മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസിനോടാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. സുനിതയുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടത്.

സംസ്ഥാനത്തെ മന്ത്രിമാർ സെക്‌സ് റാക്കറ്റിനെ പോലെ പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് സരിത ഉന്നയിച്ചത്. തന്നെ മാത്രമല്ല, മറ്റ് സ്ത്രീകളെയും ഉപയോഗിക്കാൻ മന്ത്രിമാരിൽ ചിലർ ശ്രമിച്ചു. എന്നാൽ, താൻ ഇടപെട്ടാണ് പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നും ശബ്ദരേഖയിൽ സരിത പറയുന്നു. മറ്റൊരു സ്ത്രീ തെളിവ് സഹിതം മന്ത്രിമാർക്കെതിരെ പരാതി നൽകാനിരുന്നതാണ്. എന്നാൽ, മന്ത്രിമാരുടെ താൽപ്പര്യത്താൽ താൻ ഇടപെട്ടാണ് പിന്തിരിപ്പിച്ചതെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെറ്റുചെയ്തവരെ സംരക്ഷിക്കാനാണ് നോക്കിയതെന്നും ഒരു ഘട്ടത്തിൽ ഉറക്കം കെടുന്നതരത്തിലേക്ക് അദ്ദേഹവും പോയിട്ടുണ്ടെന്നും സരിത സംഭാഷണമധ്യേ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മന്ത്രിമാർക്കിടയിൽ സ്ത്രീകളെ കെണിയിലാക്കി ഉപയോഗിക്കുന്ന ഒരു ലോബി തന്നെ പ്രവർത്തിക്കുന്നതായി ചിലരുടെ പേരെടുത്തുതന്നെ സരിത വ്യക്തമാക്കുന്നു. ഒരാൾ ഉപയോഗിച്ചുകഴിഞ്ഞാൽ പിന്നെ അടുത്തയാൾക്ക് നൽകുമെന്നു പറയുന്ന സംഭാഷണത്തിൽ ഒരു മുൻ എംപിയുടേയും പേര് പരാമർശിക്കുന്നുണ്ട്.

അടൂർ പ്രകാശ്, എ.പി അനിൽകുമാർ എന്നിവരുടെ പേരുകൾ പരാമർശിച്ചപ്പോൾ മന്ത്രിമാർ ഇനിയുമുണ്ടെന്നായിരുന്നു സരിതയുടെ മറുപടി. എ.പി അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതി തന്റെ ടെസ്റ്റ് ഡോസായിരുന്നു. ഭീഷണിപ്പെടുത്തിയിരുന്നില്ലെങ്കിൽ പരാതി നൽകില്ലായിരുന്നു. അബ്ദുള്ളക്കുട്ടിക്കു പുറമെ മറ്റൊരാളും ബലമായി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറയുന്നു. മുൻപ് സമാനമായ കേസിൽ അകപ്പെട്ടിട്ടുള്ള ലീഗ് നേതാവിനെക്കുറിച്ചും സരിത പരാമർസിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി തെറ്റു ചെയ്തിട്ടില്ലെന്നും മറ്റുചിലരെ സംരക്ഷിക്കുന്നതിനിടയിൽ് ഇതിൽപ്പെട്ടതാണെന്നും സരിത സംഭാഷണത്തിൽ പറയുന്നുണ്ട്. മന്ത്രിസഭ താഴെപ്പോകണമെന്ന അജണ്ട തനിക്കില്ലെന്നും സരിത വെളിപ്പെടുത്തുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് സരിതയുടെ വാക്കുകൾ. കേസുകളൊതുക്കാൻ സരിതയ്ക്ക് എന്തിനിവർ പണം നൽകിയെന്ന ഫെനി ബാലകൃഷ്ണന്റെ വെൡപ്പെടുത്തലുകളെ സാധൂകരിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.